ഇന്ത്യയും ഒമാനും സമുദ്രഗതാഗത കരാറിൽ ഒപ്പുവച്ചു

മസ്കറ്റ്: സമുദ്ര ഗതാഗത മേഖലയിൽ സഹകരണം വർധിപ്പിക്കാനുള്ള കരാറിൽ ഇന്ത്യയും ഒമാനും ഒപ്പുവച്ചു. വിദേശകാര്യമന്ത്രി എസ്.ജയശങ്കറും ഒമാൻ വിദേശകാര്യമന്ത്രി യൂസഫ് അലവിയും മസ്കറ്റിൽ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ഇന്ത്യ കരാറിൽ ഒപ്പുവച്ചത്. പശ്ചിമ ഇന്ത്യൻ മഹാസമുദ്രം, പേർഷ്യൻ ഗൾഫ്, കിഴക്കൻ ആഫ്രിക്ക, ഹോർമുസ് കടലിടുക്ക് എന്നിവിടങ്ങളിൽ ഇന്ത്യയ്ക്ക് ചുവടുറപ്പിക്കാൻ ഈ കരാർ വഴി കഴിയും.
ഇന്ത്യൻ മഹാസമുദ്രത്തെ യുറേഷ്യയുമായി ബന്ധിപ്പിക്കുന്ന അഷ്ഗാബാത്ത് കരാറിന്റെ ഭാഗമാണ് ഇറാൻ, ഒമാൻ, ഇന്ത്യ എന്നീ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം. ടെഹ്റാനിൽ നിന്നാണ് എസ്. ജയ്ശങ്കർ മസ്കറ്റിലേക്ക് പോയത്. ചബഹാർ തുറമുഖത്തെ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിന് അദ്ദേഹം ചർച്ച നടത്തി. ഒമാനി മന്ത്രിമാരുമായും എസ്. ജയ്ശങ്കർ കൂടിക്കാഴ്ച നടത്തി.
തലസ്ഥാനമായ മസ്കറ്റിന് 550 കിലോമീറ്റർ തെക്കായുള്ള ഡുകം തുറമുഖത്തേക്ക് പ്രവേശിക്കാൻ ഇന്ത്യൻ നാവികസേനയെ ഒമാൻ അനുവദിച്ചു. 748 മില്യൺ ഡോളർ ചിലവിട്ട് ഡുകമിലെ സംയോജിത ടൂറിസം കോംപ്ലക്സ് പദ്ധതിയായ ലിറ്റിൽ ഇന്ത്യ വികസിപ്പിക്കുന്നതിനുള്ള കരാർ ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2018-ലെ ഒമാൻ സന്ദർശനം ഉഭയകക്ഷി ബന്ധത്തിൽ ഒരു പുതിയ ഊർജ്ജമുണ്ടാക്കിയെന്നും വ്യാപാരം, നിക്ഷേപം, ഊർജ്ജം, പ്രതിരോധം, സുരക്ഷ, ഭക്ഷ്യസുരക്ഷ, പ്രാദേശിക പ്രശ്നങ്ങൾ എന്നിവയിൽ മെച്ചപ്പെട്ട സഹകരണമാണെന്നും ഇന്ത്യയിലെ ഒമാൻ അംബാസഡർ ഷെയ്ഖ് ഹമദ് ബിൻ സെയ്ഫ് അൽ റവാഹി അഭിപ്രായപ്പെട്ടു.
ഒമാനുമായി മികച്ച വ്യാപാര പങ്കാളിത്തമാണ് ഇന്ത്യയ്ക്കുള്ളത്. 2018-19 ൽ ഉഭയകക്ഷി വ്യാപാരം 5 ബില്യൺ ഡോളറിലെത്തി. 2018 ൽ ഒമാനിൽ നിന്ന് അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ വലിയ രാജ്യമായിരുന്നു ഇന്ത്യ. 7,80,000 ഇന്ത്യൻ പൗരന്മാരാണ് ഒമാനിൽ ഉള്ളത്. രാജ്യത്തെ രണ്ടാമത്തെ വലിയ പ്രവാസി സമൂഹമാണിത്. ഒമാനിൽ 3,200 ലധികം ഇന്ത്യൻ സംരംഭങ്ങളും സ്ഥാപനങ്ങളും രാജ്യങ്ങൾക്കിടയിൽ ആഴ്ചയിൽ 400 വിമാനസർവ്വീസുകളും ഉണ്ട്.