• 04 Oct 2023
  • 06: 39 PM
Latest News arrow

മകളുടെ തിരണ്ടു കല്യാണത്തിന് 'തെങ്ങുമ്മകെട്ടി' വേണം... ഒരമ്മയുടെ ആഗ്രഹം

"മോളുടെ തിരണ്ടുകല്യാണോണ്ട്. കല്യാണത്തിന് നുമ്മക്ക് തെങ്ങുമ്മക്കെട്ടി വേണം."- കൊയിലാണ്ടിക്കടുത്ത മുചുകുന്നിലെ വലിയമലയില്‍ സ്ഥാപിച്ച ഹരിജന്‍ കോളനിയിലെ അന്തേവാസിയായ ഒരു സ്ത്രീയുടേതായിരുന്നു ഈ അപേക്ഷ.  സ്വാതന്ത്യ സമരസേനാനിയും സർവ്വോദയ പ്രസ്ഥാനത്തിന്റെയും ഭൂദാന പ്രസ്ഥാനത്തിന്റെയും പ്രചോദകനുമായ കേളപ്പജിയോടായിരുന്നു ഈ അഭ്യാര്‍ത്ഥന. തികഞ്ഞ ഗാന്ധിയനായ കേളപ്പജി മുചുകുന്നില്‍ തന്റെ കുടുംബം വക  35 ഏക്കര്‍ ഭൂമി ഹരിജനങ്ങള്‍ക്ക് വിട്ട് കൊടുത്തതില്‍ വീടുവച്ചു താമസിക്കുന്ന 35  കുടംബങ്ങളില്‍ ഒരു ഗൃഹനാഥയാണ് മകളുടെ തിരണ്ടു കല്യാണം അറിയിക്കാന്‍ ചെന്ന സ്ത്രീ.

തിരണ്ടു കല്യാണം എന്നാല്‍ പെണ്‍കുട്ടികള്‍ ഋതുമതിയായാല്‍  നടത്തുന്ന ചടങ്ങ്. വടക്കെ മലബാറില്‍  ഈ ചടങ്ങിന്  പഴയ തമുറ നല്‍കിയിരുന്ന പേരാണ് തിരണ്ടു കല്യാണം. വരേണ്യ വര്‍ഗം ഈ ചടങ്ങ് പണ്ടു കാലത്ത് ആഘോഷപൂര്‍വ്വം നടത്തുക പതിവുണ്ടായിരുന്നു.  പാട്ടും കളികളും സദ്യയുമൊക്കെയുണ്ടാവും.   ഉച്ചഭാഷിണി ഉപയോഗിച്ചാവും പാട്ടു കേള്‍പ്പിക്കുക. പഴമക്കാര്‍  ഉച്ചഭാഷിണിക്ക് നല്‍കിപോന്ന പേരാണ് 'തെങ്ങുമ്മ കെട്ടി'. ഉച്ചഭാഷിണിയായ  കോളാമ്പി മൈക്ക് പഴയകാലത്ത്  ഏറെയും തെങ്ങിലാണല്ലൊ കെട്ടുക. പഴയകാലത്ത് ആഡംബരത്തിന്റെ  ഭാഗമായി ഉപയോഗിച്ചുപോന്ന  ലൗഡ് സ്പീക്കര്‍ തന്റെ മകളുടെ തിരണ്ടു കല്യാണത്തിനും വേണമെന്ന് ആഗ്രഹിച്ചു പോയതില്‍ ഈ സ്ത്രീയെ കുറ്റം പറഞ്ഞു കൂടല്ലൊ. പക്ഷെ കേളപ്പജിയുടെ കൂടെയുണ്ടായിരുന്ന അനുയായികള്‍ക്ക്  ഈ സ്ത്രീയുടെ അഭ്യര്‍ത്ഥന അത്ര ദഹിച്ചില്ല. കേളപ്പജിയുടെസന്തതസഹചാരിയായിരുന്ന ഇന്ന്  കേരളീയര്‍ക്ക് സുപരിചിതനായ ഗാന്ധിയനും ആക്ടിവിസ്റ്റുമായ തായാട്ട് ബാലന് പോലും പെട്ടെന്ന് ഉള്‍ക്കൊള്ളാനായില്ല.

പക്ഷെ കേളപ്പജി ബാലനോട് ആ സ്ത്രീയുടെ പേരെഴുതി വെക്കാന്‍ ആവശ്യപ്പെട്ടു. സ്ത്രീയെ സാന്ത്വനിപ്പിച്ച് അയച്ച കേളപ്പജി പിന്നീട്  ബാലനോട് പറഞ്ഞു. പാവം  സ്ത്രീയുടെ ഒരാഗ്രഹമല്ലേ, നമ്മളോടല്ലതെ അവര്‍ മറ്റാരോട് പറയാന്‍. സാധിപ്പിച്ചു കൊടുത്തേക്കൂ. കേളപ്പജിയുടെ ഈ വാക്ക് കേട്ട് തനിക്ക് കരച്ചില്‍ വന്നുവെന്ന്   ബാലന്‍ എഴുതി അടുത്ത ദിവസം പ്രസിദ്ധീകരിച്ച 'കഴിഞ്ഞ കാലം  കൊഴിഞ്ഞ വ്യക്തികള്‍' എന്ന ആത്മകഥാ പരമായ പുസ്തകത്തില്‍ പറയുന്നു.

കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍  കേരളത്തിലെ  പ്രത്യേകിച്ചും മലബാറിലെ സാമൂഹിക  രാഷ്ട്രീയ ജനജീവിത പശ്ചാത്തലത്തിലേക്ക് ചുണ്ടുപലകയാകുമാറ് മഹാത്മജി, വിനോബജി, ജയപ്രകാശ് നാരായണ്‍, രാം മനോഹര്‍ ലോഹ്യ, ശ്രീനാരായണഗുരുദേവന്‍  ആചാര്യകൃപലാനി,  വികെ. കൃഷ്ണമേനോന്‍  ഇ.കെ. നായനാര്‍, പി.ആര്‍ കുറുപ്പ്, കെ. ചാത്തുണ്ണി മാസ്റ്റര്‍ തുടങ്ങി നിരവധി വ്യക്തികളുടെ ജീവിതത്തിന്റെ  ചില അപൂര്‍വ്വ സന്ദര്‍ഭങ്ങള്‍ തന്റെ അനുഭങ്ങളിലൂടെ അനാവരണം ചെയ്യുകയാണ് നാട്ടുകാരുടെ ബാലേട്ടന്‍. ബാലന്റെ മകന്‍  പ്രതാപന്‍ തായാട്ടിന്റെ ഉടമസ്ഥതയിലുള്ള ഹരിതം ബുക്‌സാണ് ഈ പുസ്തകത്തിന്റെ പ്രസാധകര്‍. പുതിയ തലമുറയ്ക്ക് പഴയകാലത്തിന്റെ ഉള്ളറകളിലേക്ക് വെളിച്ചം പകരുന്നതാണ് ഈ കൃതി.