ഐസിസി റാങ്കിങ്ങ്: നേട്ടത്തോടെ കോലിയും ശർമ്മയും ബുംറയും

മുംബൈ: ഐസിസിയുടെ പുതിയ ഏകദിന റാങ്കിങ്ങില്‍ ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ ടീം ഇന്ത്യയുടെ നായകൻ വിരാട് കോലിക്കും ഉപനായകൻ രോഹിത് ശർമ്മക്കും നേട്ടം. 887 പോയിന്റുമായി വിരാട് കോലിയാണ് ഈ വര്‍ഷം ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഈ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ മൂന്ന് ഫോര്‍മാറ്റിലുമായി 2,455 റണ്‍സാണ് കോലി നേടിയത്. 2,442 റണ്‍സ് നേടിയ രോഹിത് ശര്‍മ്മ 834 പോയിന്റോടെ രണ്ടാം സ്ഥാനത്താണ്. പാക്കിസ്ഥാൻ യുവതാരം ബാബര്‍ അസം മൂന്നാമതും ദക്ഷിണാഫ്രിക്കയുടെ ഫഫ് ഡുപ്ലെസിസ് നാലാമതും ന്യൂസീലന്‍ഡിന്റെ റോസ് ടെയ്ലർ അഞ്ചാമതും സ്ഥാനം നേടി. കെയ്ന്‍ വില്യംസണ്, ഡേവിഡ് വാര്‍ണര്‍, ജോ റൂട്ട്, ഷായ് ഹോപ്പ്, ക്വിന്റന്‍ ഡീകോക്ക് എന്നിവരാണ് ആദ്യ 10-ലുള്ള മറ്റ് താരങ്ങള്‍.
ബൗളര്‍മാരുടെ പട്ടികയിൽ ഇന്ത്യയുടെ ജസ്പ്രീത് ബൂംറ തന്നെയാണ് തലപ്പത്ത്. വിശ്രമത്തിലായിരുന്നിട്ടും 740 റേറ്റിങ് പോയിന്റാണ് ബൂംറയ്ക്കുള്ളത്. ബൂംറ മാത്രമാണ് ആദ്യ10-ലുള്ള ഏക ഇന്ത്യന്‍ ബൗളര്‍. ന്യൂസീലന്‍ഡ് പേസര്‍ ട്രന്റ് ബോള്‍ട്ട് രണ്ടാമതും അഫ്ഗാനിസ്ഥാന് സ്പിന്‍ ബൗളര്‍ മുജീബുര്‍ റഹ്മാന് മൂന്നാമതും ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാദ നാലാമതും ഓസ്ട്രേലിയയുടെ പാറ്റ് കുമ്മിന്‍സ് അഞ്ചാമതും സ്ഥാനത്തുണ്ട്. ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ഏഴാമതാണ്.
എന്നാൽ, ഓള്‍റൗണ്ടര്‍മാരുടെ പട്ടികയിലെ ആദ്യ10-ല്‍ ഒരു ഇന്ത്യന്‍ താരം പോലുമില്ല. ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്സാണ് ഒന്നാമതുള്ളത്. അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് നബി രണ്ടാം സ്ഥാനത്താണ്. 14ാം സ്ഥാനത്തുള്ള ഹര്‍ദിക് പാണ്ഡ്യയാണ് ഓള്‍റൗണ്ടര്‍മാരുടെ ഇന്ത്യന്‍ നിരയില്‍ മുന്നില്‍.