ഹറം കവാടങ്ങള്‍ എളുപ്പത്തില്‍ തിരിച്ചറിയാന്‍ പുതിയ രീതിയില്‍ അടയാളപ്പെടുത്തുന്നു

ജിദ്ദ: മക്കയിലെ ഹറം കവാടങ്ങള്‍ എളുപ്പത്തില്‍ തിരിച്ചറിയുന്നതിനായി പുതിയ രീതിയില്‍ അടയാളപ്പെടുത്തുമെന്ന് ഹറം കാര്യാലയ മേധാവി ഷെയ്ഖ് അബ്ദുള്‍ റഹ്മാന് അല്‍ സുദൈസ് പറഞ്ഞു. ഹറം പള്ളിക്കകത്തേക്ക് പ്രവേശിക്കാനുള്ള ഓരോ വാതിലിന്റെയും ഇടത്, വലത് വശങ്ങളില് ഇളം നിറങ്ങളില്‍ അറബിയിലും ഇംഗ്ളീഷിലുമായിരിക്കും അക്കങ്ങള്‍ രേഖപ്പെടുത്തുക. ഈ അക്കങ്ങള്‍ പ്രകാശപൂരിതമായ നിറങ്ങളിലായിരിക്കും എഴുതുക. ഹറം കാര്യാലയത്തിന്റെ നേതൃത്വത്തില്‍ കിംഗ് ഫഹദ് കവാടത്തിലെ 79ാം നമ്പര്‍ ഗെയിറ്റിലായിരിക്കും പ്രാഥമികമായി പുതിയ രീതിയില്‍ അടയാളപ്പെടുത്തുക. പിന്നീട് മറ്റെല്ലാ കവാടങ്ങളിലും ഇതുപോലെ അടയാളപ്പെടുത്തും.
നിരവധി കവാടങ്ങളാണ് ഹറം പള്ളിക്കകത്തേക്ക് പ്രവേശിക്കാനായുള്ളത്. ഈ കവാടങ്ങള്‍ വളരെ ദൂരെനിന്നുതന്നെ ഹറമിലെത്തുന്നവരുടെ ശ്രദ്ധയില്‍പ്പെടാനാണ് കവാടങ്ങളുടെ അടയാളങ്ങള്‍ക്ക് മാറ്റം വരുത്തുന്നത്. വിശുദ്ധ ഹറമിലെത്തുന്ന വിശ്വാസികള്‍ക്ക് മെച്ചപ്പെട്ട സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ പരിഷ്കരണങ്ങളെന്ന് ഷെയ്ഖ് അബ്ദുള്‍ റഹ്മാന് അല്‍ സുദൈസ് പറഞ്ഞു.