2019 ഇന്ത്യൻ ക്രിക്കറ്റിന്റെ സുവർണ്ണ വര്‍ഷമായിരുന്നുവെന്ന് വിരാട് കോലി

ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചു 2019 സുവർണ്ണ വര്‍ഷമായിരുന്നുവെന്ന് ടീം ഇന്ത്യയുടെ നായകൻ വിരാട് കോലി. വിന്‍ഡീസിനെതിരേയുള്ള അവസാന ഏകദിനമല്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു കോലി.
വിന്‍ഡീസിനെതിരേയുള്ള കളിയുടെ നിർണ്ണായക ഘട്ടത്തില്‍ പുറത്തായി ക്രീസ് വിടേണ്ടി വന്നപ്പോള്‍ തനിക്കു ഭീതിയുണ്ടായിരുന്നുവെന്നു മല്‍സരശേഷം കോലി വെളിപ്പെടുത്തി. "ഔട്ടായി ക്രീസ് വിടുന്നതിനിടെ നോണ്‍ സ്ട്രൈക്കറായ രവീന്ദ്ര ജഡേജയെ നോക്കിയപ്പോള്‍ അവന് ആത്മവിശ്വാസത്തില്‍ തന്നെയായിരുന്നു. വെറും മൂന്ന് ഓവറുകള്‍ കൊണ്ടാണ് അവര്‍ കളി മാറ്റി മറിച്ചത്. ടീമിലെ മറ്റുള്ളവര്‍ മികച്ച രീതിയില്‍ ഫിനിഷിങ് ചെയ്യുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നു."- കോലി വിശദീകരിച്ചു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ചിടത്തോളം വളരെ മികച്ച വര്‍ഷമായിരുന്നു 2019 എന്നും കോലി അഭിപ്രായപ്പെട്ടു. "ഏകദിന ലോകകപ്പിലെ ആ മോശം അര മണിക്കൂര്‍ മാറ്റി നിര്‍ത്തിയാല്‍ ഇന്ത്യയെ സംബന്ധിച്ചു അഭിമാനിക്കാന്‍ വക നല്കിയ വര്‍ഷമാണിത്. ഐസിസി ട്രോഫിക്കായി ഇന്ത്യ ഇനിയും ശ്രമിച്ചു കൊണ്ടിരിക്കും. ഇതൊഴിച്ചു നിര്‍ത്തിയാല്‍ ടീമിന്റെ ഈ വര്‍ഷത്തെ പ്രകടനം ഏറെ സംതൃപ്തി നല്കുന്നു."- ഇന്ത്യൻ ക്യാപ്റ്റന്‍ പറഞ്ഞു.