വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ

കട്ടക്ക്: വെസ്റ്റ് ഇന്‍ഡീസിനെതിരേ കട്ടക്കില്‍ നടന്ന മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ നാലു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയത്തോടെ, മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി. കട്ടക്കിലെ ബാരാബതി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റ് ചെയ്ത് വിന്‍ഡീസ് മുന്നോട്ടുവെച്ച 316 റണ്‍സ് വിജയലക്ഷ്യം എട്ടു പന്തുകള്‍ ശേഷിക്കെ ആറ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടക്കുകയായിരുന്നു.
85 റണ്‍സെടുത്ത നായകന് വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ്സ്കോറര്‍. പരമ്പരയിലെ ആദ്യ രണ്ടു കളികളിലെയും മോശം പ്രകടനത്തിനു ശേഷമാണ് കോലി ഫോമിലായത്. വിരാട് കോലിയാണ് മാൻ ഓഫ് ദ മാച്ച്. രോഹിത് ശര്‍മ്മയാണ് മാൻ ഓഫ് ദ സീരീസ്.
രോഹിത് ശര്‍മ്മ (63 പന്തില്‍ 63 റണ്‍സ്), കെഎല്‍ രാഹുല്‍ (89 പന്തില്‍ 77 റണ്‍സ്), കോലി (81 പന്തില്‍ 85 റണ്‍സ്) എന്നിവരുടെ അര്‍ദ്ധസെഞ്ച്വറിയും അവസാന ഓവറുകളില്‍ ജഡേജ (31 പന്തില്‍ 39 റണ്‍സ്), ശര്‍ദുല്‍ താക്കൂര്‍ (ആറ് പന്തില്‍ 17 റണ്‍സ്) എന്നിവരുടെ ബാറ്റിങ് മികവും ഇന്ത്യയെ വിജയത്തിലെത്തിച്ചു. അഞ്ച് വിക്കറ്റ് നഷ്ടത്തിനുശേഷം സമ്മർദ്ദത്തിലായ ഇന്ത്യയെ കരകയറ്റിയത് കോലി-ജഡേജ കൂട്ടുകെട്ടാണ്.