• 02 Jul 2020
  • 02: 39 PM
Latest News arrow

ചാനലുകൾ അക്രമത്തിന് പ്രേരിപ്പിക്കുന്ന പരിപാടികൾ സംപ്രേഷണം ചെയ്യരുതെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി  നിയമവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധം നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ ടെലിവിഷന്‍ ചാനലുകളുടെ ഉള്ളടക്കം സംബന്ധിച്ച് കര്‍ശന നിര്‍ദ്ദേശം നൽകി കേന്ദ്രസർക്കാർ.  ഉള്ളടക്കം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചല്ല പല ടെലിവിഷന്‍ ചാനലുകളിലെയും പരിപാടി നടക്കുന്നതെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പറയുന്നു. ദേശവിരുദ്ധത പ്രോത്സാഹിപ്പിക്കുന്ന പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നതില്‍ നിന്ന് ചാനലുകള്‍ വിട്ടുനില്‍ക്കണമെന്നാണ് നിര്‍ദ്ദേശം.

രാജ്യത്തിന്റെ അഖണ്ഡതയെ ചോദ്യംചെയ്യുന്നതോ അക്രമത്തിന് പ്രേരിപ്പിക്കുന്നതോ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതോ ആയ, ദേശവിരുദ്ധ വികാരം ഇളക്കിവിടുന്ന പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നതില്‍ നിന്നും മാദ്ധ്യമങ്ങള്‍ വിട്ടുനില്‍ക്കണമെന്നാണ് നിര്‍ദ്ദേശത്തില്‍ പറയുന്നത്. ഏതെങ്കിലും ഒരു വ്യക്തിയേയോ  സംഘടനയേയോ നിശിതമായി വിമര്‍ശിക്കുന്നതോ അപകീര്‍ത്തിപ്പെടുത്തുന്നതോ അപഖ്യാതിയുണ്ടാക്കുന്നതോ ആയ പരിപാടികള്‍ പ്രക്ഷേപണം ചെയ്യാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്. പത്തുദിവസത്തിനുള്ളില്‍  മന്ത്രാലയം പുറപ്പെടുവിക്കുന്ന രണ്ടാമത്തെ നിര്‍ദ്ദേശമാണിത്.

1995-ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്ക് നിയന്ത്രണ നിയമപ്രകാരമുള്ള എല്ലാ നിര്‍ദ്ദേശങ്ങളും കര്‍ശനമായി പാലിക്കാന്‍ മാദ്ധ്യമസ്ഥാപനങ്ങള്‍ ബാധ്യസ്ഥരാണെന്നും വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഓര്‍മ്മിപ്പിച്ചു. 

Editors Choice