ഐ.സി.സിയുടെ വനിതാ ഏകദിന ടീമിലും ടി20 ടീമിലും ഇടം പിടിച്ച് സ്മൃതി മന്ദാന

മുംബൈ: ഇന്ത്യയുടെ അന്താരാഷ്ട്ര വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാന ഐ.സി.സി (International Cricket Council) യുടെ ഈ വര്‍ഷത്തെ ഏകദിന ടീമിലും ടി20 ടീമിലും ഇടംപിടിച്ചു. സ്മൃതി മന്ദാന മാത്രമാണ് രണ്ട് ടീമിലും ഇടംപിടിച്ച ഏക ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം. ഏകദിന ടീമില്‍ മന്ദാനയ്ക്ക് പുറമെ ജുലന് ഗോസ്വാമി, പൂനം യാദവ്, ശിഖ പാണ്ഡെ എന്നിവരും ഉള്‍പ്പെടുന്നു. ടി20 ടീമിൽ ദീപ്തി ശര്‍മ്മയാണ് മന്ദാനയ്ക്കൊപ്പം ഇടംപിടിച്ച ഇന്ത്യന്‍ താരം.
ബാറ്റിങ്ങ് മികവിൽ ശ്രദ്ധേയയായ മന്ദാന ഇന്ത്യയ്ക്കായി 51 ഏകദിനങ്ങളും 66 ടി20 മത്സരങ്ങളും രണ്ട് ടെസ്റ്റും കളിച്ചിട്ടുണ്ട്. പരിമിത ഓവര്‍ ക്രിക്കറ്റില്‍നിന്നും 3,476 റണ്‍സും നേടിയിട്ടുണ്ട്.
ഓസ്ട്രേലിയയുടെ അലിസ്സ ഹീലിയെയാണ് ടി20 ക്രിക്കറ്റിലെ ഈ വര്‍ഷത്തെ മികച്ച താരമായി ഐ.സി.സി തെരഞ്ഞെടുത്തത്. ശ്രീലങ്കയ്ക്കെതിരെ നേടിയ 148 റണ്‍സ് ആണ് അലിസ്സയെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്.
ഓസ്ട്രേലിയയുടെ എലിസ്സ പെറിയാണ് ഏകദിന ക്രിക്കറ്റിലെ മികച്ച താരം. റെച്ചല്‍ ഹെയോയ് ഫ്ളിന്റ് അവാര്‍ഡും എലിസ്സ പെറി സ്വന്തമാക്കി. എല്ലാ ഫോര്‍മാറ്റിലേയും മികച്ച താരത്തിനാണ് ഈ അവാര്‍ഡ് നല്‍കുന്നത്.
വളര്‍ന്നുവരുന്ന താരത്തിനുള്ള അവാര്‍ഡ് നേടിയത് വനിതാ ടി20 ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ 12 വിക്കറ്റെടുത്ത തായ്ലന്‍ഡിന്റെ ചനിദ സുട്ടിറംഗാണ്.
ഏകദിനത്തിലും ടി20യിലും ടീം ക്യാപ്റ്റന്‍ ആയി ഓസ്ട്രേലിയന്‍ താരം മെഗ് ലെന്നിങ് തിരഞ്ഞെടുക്കപ്പെട്ടു.