കിടിലൻ സെഞ്ചുറിയുമായി സഞ്ജുവിന്റെ 'മറുപടി' ബാറ്റിംഗ്

തിരുവനന്തപുരം: ഇന്ത്യൻ ക്രിക്കറ്റർ സഞ്ജു വി. സാംസൺ കേരളത്തിന്റെ ജെഴ്സിയില്‍ സെഞ്ചുറി നേടി. തുമ്പ രഞ്ജി ട്രോഫിയില്‍ സെന്റ് സേവേഴ്യസ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തിൽ ബംഗാളിനെതിരേ ആയിരുന്നു സഞ്ജുവിന്റെ സെഞ്ചുറി. 154 പന്തില്‍ 100 റണ്‍സടിച്ച സഞ്ജു 14 ബൗണ്ടറിയും ഒരു സിക്സും പറത്തി.
71 പന്തില്‍ നിന്നാണ് ആദ്യ 50 റണ്‍സ് സഞ്ജു അടിച്ചെടുത്തത് . സഞ്ജുവിനൊപ്പം 43 റണ്‍സുമായി റോബിന് ഉത്തപ്പയാണ് ക്രീസില്‍. മത്സരം 61 ഓവര്‍ പിന്നിടുമ്പോള്‍ മൂന്നു വിക്കറ്റിന് 180 റണ്‍സെന്ന നിലയിലാണ് കേരളം. രാഹുല്‍ പി(5), ജലജ് സക്സേന (9), സച്ചിന് ബേബി (10) എന്നിവരാണ് പുറത്തായ ബാറ്റ്സ്മാന്മാര്.
നാലാം വിക്കറ്റില്‍ സഞ്ജുവും ഉത്തപ്പയും ഒത്തുചേരുകയായിരുന്നു. ഇരുവരും ഇതുവരെ 127 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. .
തുടര്‍ച്ചയായി രണ്ടു പരമ്പരകളില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായെങ്കിലും ആറു മല്‍സരങ്ങളിലും കളിക്കാൻ സഞ്ജുവിന് അവസരം ലഭിക്കാത്തതിൽ ആരാധകർ നിരാശയിലായിരുന്നു. കേരളത്തിനായി സഞ്ജു രഞ്ജിയില്‍ കളിച്ച ആദ്യ മല്‍സരം കൂടിയായിരുന്നു ഇത്. ഇന്ത്യന്‍ ടി20 ടീമിന്റെ ഭാഗമായതിനാല്‍ ഡല്‍ഹിക്കെതിരായ കഴിഞ്ഞ മല്‍സരത്തില്‍ അദ്ദേഹം കളിച്ചിരുന്നില്ല.
എലൈറ്റ് ഗ്രൂപ്പ് എയില്‍ മൂന്ന് പോയന്റുമായി മൂന്നാം സ്ഥാനത്താണ് കേരളം.