ഉച്ചത്തിൽ പാട്ടുവെച്ച് വാഹനമോടിച്ചാൽ 400 ദിർഹം പിഴ

അബുദാബി: മറ്റുള്ളവർക്ക് ശല്യമുണ്ടാകുന്നവിധത്തിൽ ഉച്ചത്തിൽ പാട്ടുവെച്ച് വാഹനമോടിക്കുന്നവർ ജാഗ്രതൈ. ഇത്തരം സംഭവമുണ്ടായാൽ 400 ദിർഹം പിഴ ഈടാക്കുമെന്ന് അബുദാബി പൊലീസ് വ്യക്തമാക്കി. കൂടാതെ ഫെഡറൽ ട്രാഫിക് നിയമപ്രകാരം നാല് ബ്ലാക്ക് പോയന്റുകളും ലഭിക്കും. അർദ്ധരാത്രിയിൽ വാഹനങ്ങളിൽ നിന്നുള്ള ഉച്ചത്തിലുള്ള ശബ്ദം താമസക്കാർക്ക് ശല്യമുണ്ടാക്കുന്നതായി പരാതികൾ ഉയർന്നിരുന്നു.
മറ്റുള്ളവർക്ക് തടസ്സമുണ്ടാക്കുന്ന രീതിയിൽ വാഹനമോടിക്കുന്നവരെക്കുറിച്ച് പൊലീസിന്റെ ഹോട്ട് ലൈനിൽ വിവരമറിയിക്കണമെന്നും നിർദ്ദേശമുണ്ട്. അനധികൃത കാർ റേസിങ്ങിനെതിരേയും നിയമനടപടി സ്വീകരിക്കും. വാഹനമോടിക്കുന്നവർ ഹോൺ അമിതമായി ഉപയോഗിക്കുന്നതിൽനിന്നും വിട്ടുനിൽക്കണമെന്നും പ്രത്യേകിച്ച് ആശുപത്രികൾക്കും സ്കൂളുകൾക്ക് സമീപവും ശ്രദ്ധിക്കണമെന്നും അബുദാബി പോലീസ് നിർദ്ദേശിച്ചു.
അശ്രദ്ധമായി വാഹനമോടിച്ചാൽ 2,000 ദിർഹമാണ് പിഴ. കൂടാതെ 23 ബ്ലാക്ക് പോയന്റുകൾ നൽകുകയും 60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്യും. വാഹനത്തിന്റെ എൻജിൻഭാഗങ്ങൾ ഉചിതമല്ലാത്ത രീതിയിൽ പരിഷ്കരിച്ചാൽ 1,000 ദിർഹം പിഴയും 12 ബ്ലാക്ക് പോയന്റുകളും ലഭിക്കും. 30 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്യും.