• 29 Nov 2021
  • 08: 35 PM
Latest News arrow

പുതിയ ഇനം വിഷച്ചിലന്തി; കടിയേറ്റാൽ മാംസം ചീഞ്ഞഴുകും!

മെക്‌സിക്കോ: വീട്ടുപകരണങ്ങളിൽ വസിക്കുന്നതും കടിയേറ്റാൽ മനുഷ്യ മാംസം ചീഞ്ഞഴുകിപ്പോകുന്നതുമായ ഒരു പുതിയ ഇനം ചിലന്തിയെ കണ്ടെത്തി.

നാഷണൽ ഓട്ടോണമസ് യൂണിവേഴ്സിറ്റി ഓഫ് മെക്സിക്കോയിലെ (യു‌എൻ‌എഎം) ശാസ്ത്രജ്ഞരാണ് പുതിയ ഇനം ചിലന്തിയെ കണ്ടെത്തിയത്, ഇതിന് "ലോക്സോസെൽസ് ടെനോചിറ്റ്ലാൻ" എന്ന പേര് നൽകി.

ബയോളജിസ്റ്റും യൂണിവേഴ്സിറ്റി പ്രൊഫസറുമായ അലജാൻ‌ഡ്രോ വാൽഡെസ്-മോൺ‌ഡ്രാഗൺ, വിദ്യാർത്ഥികളായ ക്ലോഡിയ നവാരോ, കാരെൻ സോളിസ്, മയറ കോർട്ടെസ് വൈ അൽമ ജുവാരസ് എന്നിവരാണ് ഈ കണ്ടുപിടിത്തത്തിന് പിന്നിൽ.

മെക്സിക്കൻ സംസ്ഥാനങ്ങളായ ഗ്വെറേറോ, മോറെലോസ് എന്നിവിടങ്ങളിൽ നിന്നുള്ള റെക്ലോസ് എട്ടുകാലികൾ എന്നറിയപ്പെടുന്ന വയലിൻ ചിലന്തി എന്ന് വിളിക്കുന്ന ലോക്സോസെൽസ് മിസ്റ്റെക്കയുമായുള്ള സാമ്യം ഗവേഷകരെ ആദ്യം ആശയക്കുഴപ്പത്തിലാക്കിയിരുന്നു.

“ഇത് ലോക്സോസെൽസ് മിസ്റ്റെക്കയുമായി വളരെ സാമ്യമുള്ളതിനാൽ അലങ്കാര സസ്യങ്ങളുടെ ഷിപ്പിംഗ് വഴി ഈ പ്രദേശത്ത് എത്തിപ്പെട്ടതാണെന്ന് ഞങ്ങൾ കരുതി, പക്ഷേ രണ്ട് ജീവിവർഗങ്ങളുടെയും തന്മാത്രാ ജീവശാസ്ത്ര പഠനങ്ങൾ നടത്തിയപ്പോൾ തികച്ചും വ്യത്യസ്തമായ ചിലന്തികളാണെന്ന് ഞങ്ങൾ മനസ്സിലാക്കി ."- അലജാൻ‌ഡ്രോ വാൽഡെസ്-മോൺ‌ഡ്രാഗൺ മാദ്ധ്യമങ്ങളോട് പറഞ്ഞു.

വസ്തുക്കൾ, ഫർണിച്ചറുകൾ, മതിലുകൾ എന്നിവയ്ക്കിടയിലുള്ള ദ്വാരങ്ങളിൽ ഒളിച്ചിരിക്കുന്ന ഇനമാണെങ്കിലും ഇവയെ ഉപദ്രവിച്ചാൽ മനുഷ്യർക്ക് കടിയേൽക്കാമെന്നും വിഷാംശം ബാധിക്കുമെന്നും വാൽഡെസ്-മോൺഡ്രാഗൺ മുന്നറിയിപ്പ് നൽകുന്നു. ഈ ചിലന്തികള്‍ വീടിനകത്തുള്ള താപനില, ഈര്‍പ്പം, ഭക്ഷണം എന്നിവയിൽ വരുന്ന മാറ്റങ്ങളുമായി നന്നായി പൊരുത്തപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. തുണി, ബെഡ് ഷീറ്റുകൾ, ഷൂകൾ എന്നിവയിലാണ് ഇവ  അധികവും ഒളിച്ചിരിക്കുക.

ഈ ചിലന്തികൾ  മാരകമല്ലെങ്കിലും, മനുഷ്യകോശം നശിപ്പിക്കുന്ന വിഷം വഹിക്കുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. മാസങ്ങളോളം ചികിത്സിച്ചാലേ  കടിയേറ്റയാളെ ഇതില്‍ നിന്ന് മോചിതനാക്കാന്‍ സാധിക്കൂ. കടിയേറ്റ പാട് ശരീരത്തില്‍ നിലനില്‍ക്കുകയും ചെയ്യും.

ലോകത്ത് നിലനിൽക്കുന്ന ലോക്സോസെൽസ് ജനുസ്സിലെ 140 ചിലന്തി ഇനങ്ങളിൽ 40 എണ്ണവും കണ്ടെത്തിയിട്ടുള്ളത് മെക്സിക്കോയിലാണ്.

റികസ് സ്‌പൈഡര്‍, ബ്ലാക്ക് വിഡോ സ്‌പൈഡര്‍, ഹോബൊ സ്‌പൈഡര്‍ എന്നീ മൂന്ന് ഇനം ചിലന്തികള്‍ മനുഷ്യര്‍ക്ക് അപകടകരമാണെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പേ കണ്ടെത്തിയിട്ടുണ്ട്.

ചിലന്തികളെ അകറ്റി നിർത്താനുള്ള ഏറ്റവും നല്ല മാർഗം വീടുകൾ വൃത്തിയായി സൂക്ഷിക്കുക എന്നതാണ്.