• 04 Aug 2020
  • 08: 25 PM
Latest News arrow

സ്ത്രീപീഡനം: ഈ ഭ്രാന്തിന് ചികിത്സ വേറെയാണ്‌

രാജ്യത്ത് സ്ത്രീകളോടും പെണ്‍കുട്ടികളോടുമുള്ള ക്രൂരത പകര്‍ച്ച വ്യാധി കണക്കേ പടരുകയാണോ?  അതോ  സ്ത്രീ പീഡനം പുരുഷസമൂഹത്തിന് ഭ്രാന്തായി മാറുകയോ?  ഓരോ ദിവസവും പുറത്തു വരുന്ന ബലാല്‍സംഗത്തിന്റെയും അതോടൊപ്പം നടത്തുന്ന ക്രൂരമായ കൊലപാതകത്തിന്റെയും വാര്‍ത്തകള്‍ മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുകയും ആത്മാഭിമാനമുള്ളവര്‍ക്ക് ലജ്ജിച്ച് താലതാഴ്‌ത്തേണ്ടി വരികയുമാണ്.

യുവതികളോ അമ്മമാരോ മാത്രമല്ല എട്ടും പൊട്ടും തിരിയാത്ത പെണ്‍കുഞ്ഞുങ്ങള്‍ പോലും മൃഗീയമായ പുരുഷത്വത്തിന്റെ ആക്രമണത്തില്‍ ഞെരിഞ്ഞുതീരുന്നു. രണ്ട് ദിവസം മുമ്പ് മഹാരാഷ്ട്രിലെ കല്‍മേശ്വരയില്‍ ഒരഞ്ചു വയസുകാരി കുരുന്നാണ് ഒരു 32 കാരന്റെ കരങ്ങളില്‍ ജീവന്‍ വെടിഞ്ഞത്. കേരളത്തില്‍ കൊല്ലത്ത് ഒരു 11കാരി അവളുടെ അപ്പൂപ്പനേക്കാള്‍ പ്രായമുള്ള ഒരു 69കാരന്റെ അക്രമത്തിന് ഇരയായി. ബീഹാറില്‍ ഒരു 23 കാരി ബലാല്‍സംഗ ശ്രമം ചെറുത്തിന് ക്രൂരമായി കൊലചെയ്യപ്പെട്ടു. ഇങ്ങിനെ പോയാല്‍ എവിടെ എത്തും  നമ്മുടെ രാജ്യം?

പൊലീസിന്റെയും ഭരണകൂടങ്ങളുടേയും ഭാഗത്ത്  നിന്നും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് തടയിടാന്‍ ഫലപ്രദമായ നടപടികള്‍ ഉണ്ടെന്ന് തോന്നുന്നില്ല. ഖേദപ്രകടനത്തിനും, പ്രതിഷേധങ്ങള്‍ക്കും, പ്രസ്താവനകങ്ങള്‍ക്കും താക്കീതുകള്‍ക്കും കുറവൊന്നുമില്ല. ഭാരതിന്റെ ആഭ്യന്തരകാര്യമന്ത്രി അമിത്ഷാ അക്രമങ്ങള്‍ തടയാന്‍ വേണ്ടിവന്നാല്‍ നിയമത്തില്‍ മാറ്റം വരുത്താന്‍ തയ്യാറെന്ന് പ്രഖ്യാപിച്ചിച്ചുണ്ട്. സിആര്‍പിസിയില്‍ തന്നെ മാറ്റം വരുത്തുമത്രെ. നിയമമില്ലാത്തത് കൊണ്ടല്ലല്ലൊ സ്ത്രീ പീഡനങ്ങള്‍ തടയാത്തത്. നിയമം നടപ്പിലാക്കാനും കുറ്റവാളികള്‍ക്ക് കാലതാമസമന്യേ കടുത്ത ശിക്ഷ നല്‍കാനുമുള്ള ആര്‍ജവത്വം പൊലീസിനും ഭരണ കൂടത്തിനുമുണ്ടാവണം. അതില്ലെങ്കില്‍ എത്ര പുതിയ നിയമങ്ങള്‍ കൊണ്ടു വന്നിട്ടും കാര്യമില്ല.  അധികാരികള്‍ക്ക് മാത്രമല്ല സമൂഹത്തിനും ഈ കൊടിയ വിപത്ത് പ്രതിരോധിക്കാനുളള  ആര്‍ജവത്വവും ഇഛാശക്തിയും വേണം.

ക്രിമിനല്‍ പ്രൊസീജിയര്‍ കോഡനുരിച്ച് നടപടിയെടുക്കേണ്ടത് പൊലീസാണല്ലോ. ഉത്തരേന്ത്യയില്‍ ചില സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ പൊലീസുകാരുടെ അതിക്രമങ്ങള്‍ക്ക് വിധേയരായ എത്രയോ സംഭവങ്ങളുണ്ടായിട്ടുണ്ട്. ഏറ്റവും നിന്ദ്യവും ക്രൂരവുമായ രണ്ട് ബലാല്‍സംഗങ്ങളില്‍ ഒരു ഡോക്ടര്‍ ഉള്‍പ്പടെ രണ്ട് യുവതികള്‍ കൊല്ലപ്പെട്ട ഉന്നാവില്‍ കഴിഞ്ഞ ആഴ്ച ഒരു പെണ്‍കുട്ടി തനിക്ക് ഭീഷണിയുണ്ടായതായി പൊലീസില്‍ പരാതിപ്പെട്ടപ്പോള്‍ ബലാല്‍സംഗ ശ്രമമല്ലേ നടന്നുള്ളു, സംഗതി നടന്നതിന് ശേഷം വരൂ, അപ്പോള്‍ കേസെടുക്കാമെന്നായിരുന്നത്രെ പൊലീസിന്റെ നിലപാട്, പോരേ പൂരം..

മാതൃത്വത്തിന്റെ നിലയും വിലയും മറന്നു പോകുന്ന പുരുഷ മേധാവിത്വത്തിന്റെ കാഴ്ചപ്പാടും നിലപാടുമാണ് നാടുനീളെ സ്ത്രീകള്‍ക്കെതിരെ പടരുന്ന അതിക്രമങ്ങള്‍ക്ക് മുഖ്യ പ്രേരണ. ഓരോ പുരുഷനും തനിക്ക് അമ്മയും പെങ്ങളും ഉണ്ടെന്ന് ഓര്‍ക്കണം. അവര്‍ക്ക് ഇങ്ങിനെ ഒരനുഭവമുണ്ടായാല്‍ തന്റെ മനസ് എത്രമാത്രം വേദനിക്കുമെന്നും ഓര്‍ക്കണം.

സമൂഹം സ്ത്രീ സമത്വത്തെക്കുറിച്ചും സ്ത്രീകള്‍ക്ക് ലഭിക്കേണ്ട തുല്യനീതിയെക്കുറിച്ചും വാചാലരായാല്‍ പോരാ. സ്വന്തം കുടംബത്തില്‍ വേണം ആ കാഴ്ചപ്പാട് പ്രാവര്‍ത്തികമാക്കാന്‍. സ്ത്രീകള്‍ ആര്‍ഹിക്കുന്ന മേഖലകളില്‍ പ്രാതിനിദ്ധ്യം നല്‍കാന്‍, അവരുടെ കഴിവുകള്‍ അംഗീകരിക്കാന്‍, രാജ്യത്തെ ഭരണ നേതൃത്വത്തിനും രാഷ്ട്രീയ പാര്‍ട്ടികള്‍കള്‍ക്കും സാധിക്കുന്നില്ല. സ്ത്രീകളുടെ അവകാശങ്ങള്‍ അംഗീകരിച്ചുകൊടുക്കാന്‍ കൂട്ടാക്കുന്നില്ല. ഭക്തിയും, ആരാധനയും വ്രതവും, പ്രാര്‍ത്ഥനയുമൊക്കെ പുരുഷന്മാര്‍ക്ക് മാത്രമല്ല, സ്ത്രീകള്‍ക്കും അവകാശപ്പെട്ടതാണ്. അതംഗീകരിച്ചിരുന്നുവെങ്കില്‍ ശബരിമലയൂടെ പേരില്‍ നടന്ന കോലാഹലങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കും അവസരമുണ്ടാവുമായിരുന്നില്ല.

ആണ്‍കുട്ടികള്‍ പിച്ചവച്ചു നടക്കാന്‍ തുടങ്ങുന്ന കാലത്ത് തന്നെ മാതാപിതാക്കള്‍ മാതൃത്വത്തിന്റെ മഹത്വവും ആവര്‍ക്ക് നല്‍കേണ്ട ആദരവും ബോദ്ധ്യപ്പെടുത്താന്‍ ശ്രമിക്കണം. വിദ്യാലയങ്ങളില്‍ കുട്ടികള്‍ക്ക് അക്ഷരങ്ങള്‍ പഠിപ്പിക്കുന്നതിനോടൊപ്പം തന്നെ വരുമ്പോഴുള്ള സ്വഭാവരൂപീകരണത്തിന് വേണ്ട ബാലപാഠങ്ങള്‍ നല്‍കണം. എങ്കില്‍ ഒരു പക്ഷെ ഭാവിയില്‍ വളര്‍ന്നു വരുന്ന തലമുറയിലെങ്കിലും സ്ത്രീത്വത്തെ അംഗീകരിക്കാനും ആദരിക്കാനുമുള്ള അറിവും ഉത്തരവാദിത്തവും ഉണ്ടാവും. അതില്ലെങ്കില്‍ മൃഗങ്ങളെ പോലും ലജ്ജിപ്പിക്കുന്ന അവസ്ഥയിലേക്ക് നാട് കൂപ്പുകുത്തും. തിരുവനന്തപുരത്ത് തന്നെ പീഡിപ്പിക്കാനൊരുങ്ങിയ സന്യാസിയോട് യുവതി ചെയ്തതുപോലെ, പീഡകരുടെ ജനനേന്ദ്രിയം ചെത്തിക്കളയുന്ന നടപടി, രാജ്യത്തെ നിയമവ്യവസ്ഥയ്ക്ക്‌ സ്വീകരിക്കേണ്ടിയും വരും. തീര്‍ച്ച.

 

Editors Choice