• 21 Jan 2020
  • 11: 02 AM
Latest News arrow

ഉന്നാവിലെ യുവതിയുടെ കൊലപാതകം: ആറ് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ കൂട്ട ബലാത്സംഗത്തിനിരയായ യുവതിയെ പ്രതികള്‍ ചുട്ടെരിച്ച് കൊന്ന സംഭവത്തില്‍ ആറ് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ഭാടിന്‍ ഖേഡായ്ക്ക് സമീപത്തുള്ള ബീഹാര്‍ പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. എസ്പി വിക്രാന്ത് വീറിന്റേതാണ് ഉത്തരവ്. 

യുവതിയെ ബലാത്സംഗക്കേസ് പ്രതികള്‍ തീയിട്ട് കൊലപ്പെടുത്തിയ സമയത്ത് ഈ പ്രദേശത്തിന്റെ ചുമതലയുണ്ടായിരുന്ന പൊലീസുകാരാണ് സസ്‌പെന്‍ഷനിലായത്. സ്റ്റേഷന്‍ ഇന്‍ചാര്‍ജ് അജയ് ത്രിപാഠി, അരവിന്ദ് സിങ് രഖു വൈശി, എസ്‌ഐ ശ്രീറാം തിവാരി, പൊലീസുകാരായ പങ്കജ് യാദവ്, മനോജ്, സന്ദീപ് കുമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.

പ്രതികളില് നിന്ന് ഭീഷണിയുണ്ടെന്ന് പരാതി നല്‍കിയിട്ടും പൊലീസ് സുരക്ഷ നല്‍കിയില്ലെന്ന് യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു. കേസിലെ പ്രതികളായ ശിവം ത്രിവേദി, അച്ഛന്‍ ഹരിശങ്കര്‍ ത്രിവേദി, ബന്ധുക്കളായ ശുഭം ത്രിവേദി, റാം കിഷോര്‍, ഉമേഷ് എന്നിവര്‍ വീട്ടിലെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് യുവതിയുടെ അച്ഛന്‍ പൊലീസിനെ അറിയിച്ചിരുന്നു. എന്നിട്ടും അവര്‍ സംരക്ഷണം നല്‍കിയില്ലെന്ന് അദ്ദേഹം പറഞ്ഞു.