ദക്ഷിണേഷ്യൻ ഗെയിംസ്: ഇന്ത്യ ഒന്നാം സ്ഥാനം ഉറപ്പിച്ചു; ഇതുവരെ 63 സ്വർണ്ണമടക്കം 132 മെഡലുകൾ

കാഠ്മണ്ഡു (നേപ്പാൾ ): പതിമൂന്നാമത് ദക്ഷിണേഷ്യൻ ഗെയിംസിൽ ഇന്ത്യ വ്യാഴാഴ്ച 56 മെഡലുകൾ നേടി കുതിപ്പ് തുടരുന്നു. 30 സ്വർണവും 18 വെള്ളിയും 8 വെങ്കലവുമാണ് ഇന്ത്യ വ്യാഴാഴ്ച നേടിയത്. ഇതോടെ 63 സ്വർണവും 45 വെള്ളിയും 24 വെങ്കലവുമായി 132 മെഡലുകൾ നേടിയ ഇന്ത്യ ഒന്നാം സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ആതിഥേയരായ നേപ്പാളാണ് രണ്ടാം സ്ഥാനത്ത്. 37 സ്വർണവും 27 വെള്ളിയും 39 വെങ്കലവും അടക്കം 103 മെഡലുകളാണ് നേപ്പാൾ നേടിയത്. 110 മെഡലുകളുമായി ശ്രീലങ്ക മൂന്നാം സ്ഥാനത്താണ് (18 സ്വർണം, 36 വെള്ളി, 56 വെങ്കലം).
വ്യാഴാഴ്ച ഇന്ത്യഏറ്റവും കൂടുതൽ മെഡലുകൾ നേടിയത് നീന്തലിലാണ്. 11 എണ്ണം.
ഭാരോദ്വഹന മത്സരങ്ങളുടെ ആദ്യ ദിവസം ഇന്ത്യക്കാർ നാല് സ്വർണ്ണ മെഡലുകൾ നേടി.
വനിതകളുടെ 55 കിലോഗ്രാം മത്സരത്തിൽ കോമൺവെൽത്ത് ചാമ്പ്യൻഷിപ്പ് സ്വർണ്ണ മെഡൽ ജേതാവ് മണിപ്പൂരിന്റെ സോറോഖൈബാം ബിന്ദ്യാറാണി ദേവി വിജയിച്ചു. മൊത്തം 181 കിലോഗ്രാം അവർ ഉയർത്തി.
മൂന്ന് സ്വർണം, രണ്ട് വെള്ളി, ഒരു വെങ്കലം എന്നിങ്ങനെ ആറ് മെഡലുകൾ ഇന്ത്യയ്ക്ക് സമ്മാനിക്കാൻ തായ്ക്വോണ്ടോ സംഘത്തിന് കഴിഞ്ഞു. അവസാന നിമിഷം അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഇടപെട്ടതിനെ ശേഷമാണ് ദക്ഷിണേഷ്യൻ ഗെയിംസിൽ തായ്ക്വോണ്ടോയിൽ ഇന്ത്യയ്ക്ക് പങ്കെടുക്കാനായത്.
അത്ലറ്റിക്സിൽ ട്രിപ്പിൾ ജമ്പർ കാർത്തിക് ഉണ്ണികൃഷ്ണൻ സ്വർണം നേടി. മുഹമ്മദ് സലാഹുദ്ദീൻ വെള്ളി നേടി.
സുരേന്ദർ ജയകുമാർ (പുരുഷന്മാരുടെ 110 മീറ്റർ ഹർഡിൽസ്), അപർണ റോയ് (വനിതകളുടെ 100 മീറ്റർ ഹർഡിൽസ്), പ്രിയ ഹബ്ബത്തനഹള്ളി (വനിതകളുടെ 400 മീറ്റർ) എന്നിവരും വെള്ളി നേടി. കെ. എസ്. ജീവൻ (പുരുഷന്മാരുടെ 400 മീറ്റർ) വെങ്കലം നേടി.