• 21 Jan 2020
  • 10: 30 AM
Latest News arrow

ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന് കത്തിച്ച കേസിലെ പ്രതികളെ വെടിവെച്ചു കൊന്നു

ഹൈദരാബാദ്: ഹൈദരാബാദില്‍ 26കാരിയായ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാല് പ്രതികളും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്ന് പൊലീസ്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. അന്വേഷണത്തിന്റെ ഭാഗമായി കൊലപാതകം പുനരാവിഷ്‌കരിക്കുന്നതിനിടയിലാണ് സംഭവം. തെളിവെടുപ്പിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് വെടിവെയ്‌ക്കേണ്ടി വന്നതെന്ന് പൊലീസ് പറഞ്ഞു. നാല് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചെന്നും പൊലീസ് വ്യക്തമാക്കി.

നവംബര്‍ 28നാണ് 26 വയസ്സുള്ള വെറ്ററിനറി ഡോക്ടറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ ഷാദ്‌നഗര്‍ ദേശീയപാതയില്‍ പാലത്തിനടിയില്‍ നിന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തെലങ്കാനയിലെ നാരായണ്‍പേട്ട് ജില്ലക്കാരനായ ട്രക്ക് ഡ്രൈവറെയും സഹായികളായ മൂന്ന് യുവാക്കളെയും അവരുടെ വീടുകളില്‍ നിന്നും പിറ്റേദിവസം തന്നെ പൊലീസ് പിടികൂടി. ജോല്ലു ശിവ, ജോല്ലു നവീന്‍, ചിന്താകുന്ത ചന്നകേശവുലു, മുഹമ്മദ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പൊലീസ് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുകയായിരുന്നു. ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുവെച്ച് തന്നെയാണ് പ്രതികള്‍ പൊലീസിന്റെ വെടിയേറ്റ് മരിച്ചത്. ഇവരുടെ മൃതദേഹം ഷാദ്‌നഗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

നവംബര്‍ 27 രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പ്രിയങ്കയുടെ സ്‌കൂട്ടറിന്റെ ടയര്‍ പ്രതികള്‍ പഞ്ചറാക്കുകയും സ്‌കൂട്ടര്‍ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് എത്തിയ സംഘം യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയുമായിരുന്നു. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് വൈകിപ്പിച്ച മൂന്ന് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.