• 04 Aug 2020
  • 06: 54 PM
Latest News arrow

ആര്‍ബിഐയുടെ റിപ്പോ നിരക്കുകളിൽ മാറ്റമില്ല; വളർച്ചാ അനുമാനം കുറച്ചു

മുംബൈ: നടപ്പ് സാമ്പത്തിക വര്‍ഷത്തെ അഞ്ചാമത്തെ പണവായ്‌പാ നയം റിസർവ്വ് ബാങ്ക് പ്രഖ്യാപിച്ചു. റിപ്പോ നിരക്കുകളില്‍ മാറ്റംവരുത്തേണ്ടെന്നാണ് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അധ്യക്ഷനായ സമിതി തീരുമാനമെടുത്തത്.ആറംഗ സമിതിയില്‍ എല്ലാവരും നിരക്ക് കുറയ്ക്കുന്നതിന് എതിരായാണ് വോട്ടുചെയ്തത്.  ഇതോടെ റിപ്പോ നിരക്ക് 5.15 ശതമാനത്തില്‍ തുടരും. നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനം 6.1ശതമാനത്തില്‍നിന്ന് 5 ശതമാനമായി കുറച്ചിട്ടുമുണ്ട്.

നിലവില്‍ 5.15 ശതമാനമാണ് റിപ്പോ നിരക്ക്. റിവേഴ്‌സ് റിപ്പോ നിരക്കാകട്ടെ 4.90 ശതമാനവും. റിപ്പോ നിരക്കിലും റിവേഴ്‌സ് റിപ്പോ നിരക്കിലും മാറ്റംവരുത്താത്തതിനാല്‍ നിലവുള്ള പലിശ നിലനിര്‍ത്താന്‍ ബാങ്കുകള്‍ നിര്‍ബന്ധിതരാകും. അതുകൊണ്ട് ബാങ്കില്‍ നിക്ഷേപം നടത്തിയിട്ടുള്ളവര്‍ക്ക് പെട്ടന്നൊരു പലിശകുറയ്ക്കല്‍ ഭീഷണി തല്‍ക്കാലം ഉണ്ടാവില്ല.

നാലു ശതമാനത്തില്‍ നിര്‍ത്താന്‍ ലക്ഷ്യമിട്ടിരുന്ന പണപ്പെരുപ്പം 4.62 ശതമാനത്തിലേയ്ക്കാണ് ഈയിടെ ഉയര്‍ന്നത്. 2019-ൽ അഞ്ചുതവണ ആര്‍ബിഐ റിപ്പോ നിരക്ക് കുറച്ചു. സെപ്റ്റംബര്‍ പാദത്തില്‍ രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദനം 4.5 ശതമാനത്തിലേയ്ക്ക് താഴ്ന്നിരുന്നു. ആറര വര്‍ഷത്തെ താഴ്ന്ന നിരക്കാണിത്.

Editors Choice