• 21 Jan 2020
  • 11: 21 AM
Latest News arrow

വീണ്ടും ഞെട്ടിച്ച് ഉന്നാവ്: ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ പ്രതികള്‍ തീ കൊളുത്തി

ഉന്നാവ്: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ബലാത്സംഗത്തിനിരയായതിനെ തുടര്‍ന്ന് പരാതി നല്‍കിയ പെണ്‍കുട്ടിയെ പ്രതികള്‍ ചുട്ടുകൊല്ലാന്‍ ശ്രമിച്ചു. 23 വയസ്സുള്ള പെണ്‍കുട്ടിയെയാണ് പ്രതികള്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊല്ലാന്‍ നോക്കിയത്. എഴുപത് ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ ലഖ്‌നൗവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികളില്‍ മൂന്ന് പേരെ പൊലീസ് പിടികൂടി. 

കഴിഞ്ഞ മാര്‍ച്ചിലാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത്. തുടര്‍ന്ന് തന്നെ പീഡിപ്പിച്ചവര്‍ക്കെതിരെ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായില്ല. പ്രതികള്‍ ഒളിവിലാണെന്ന് പറഞ്ഞ് കേസന്വേഷണം നീട്ടിക്കൊണ്ടുപോയി. 

ഇതിനിടയില്‍ തനിയ്ക്ക് പ്രതികളില്‍ നിന്ന് ഭീഷണിയുണ്ടെന്ന് പറഞ്ഞ് പെണ്‍കുട്ടി വീണ്ടും പൊലീസില്‍ പരാതി നല്‍കി. ഇതിലും പൊലീസ് നടപടിയൊന്നുമെടുത്തില്ല. 

ഇന്ന് കേസിന്റെ വിചാരണ പ്രാദേശിക കോടതിയില്‍ നടക്കാനിരിക്കുകയായിരുന്നു. വിചാരണയില്‍ പങ്കെടുക്കാന്‍ വീട്ടില്‍ നിന്ന് പുറപ്പെട്ട സമയത്താണ് ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്ത് വെച്ച് പ്രതികള്‍ പെണ്‍കുട്ടിയെ വളഞ്ഞ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്.

അഞ്ചംഗ സംഘമാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. ഇവരില്‍ ഒരാള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയാണ്. ഇയാള്‍ ഒളിവിലാണെന്നാണ് പൊലീസ് പറഞ്ഞുകൊണ്ടിരുന്നത്. ഒളിവിലായിരുന്ന പ്രതിയാണ് പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ വെച്ച് തീ കൊളുത്തിയത്. 

പെണ്‍കുട്ടിയുടെ അച്ഛന്റെ ഗ്രാമമാണ് ഉന്നാവ്. ഇവിടെ ബലാത്സംഗ പരാതി നല്‍കിയാല്‍ നീതി ലഭിക്കില്ലെന്ന് ഉറപ്പായതിനാല്‍ കോടതിയുടെ അനുമതിയോടെ സമീപത്തുള്ള റായ്ബറേലി ജില്ലയിലാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. കേസില്‍ ഒരു പ്രതിയെ അന്ന് തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. മറ്റൊരു പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടേയില്ല. 

ഉന്നാവില്‍ നിന്നുള്ള മറ്റൊരു പെണ്‍കുട്ടിയാണ് ബിജെപി മുന്‍ എംഎല്‍എയായിരുന്ന കുല്‍ദീപ് സിങ് സെംഗാറിനെതിരെ ബലാത്സംഗക്കേസ് നല്‍കിയത്. പരാതിയില്‍ സെംഗാര്‍ അറസ്റ്റിലായെങ്കിലും പെണ്‍കുട്ടിയ്ക്ക് ഇയാളുടെ കൂട്ടാളികളില്‍ നിന്നും നിരന്തരം വധഭീഷണിയുണ്ടായിരുന്നു. ഇതിനിടെ ബന്ധുവിന്റെ വീട്ടില്‍ നിന്ന് മടങ്ങി വരും വഴി പെണ്‍കുട്ടി സഞ്ചരിച്ച കാറിന് നേരെ ലോറി ഇടിയ്ക്കുകയും പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാവുകയും ചെയ്തു.