• 29 Nov 2021
  • 08: 15 PM
Latest News arrow

ഇന്ത്യയില്‍ നിന്ന് മുങ്ങി, ഇക്വഡോറില്‍ പൊങ്ങി നിത്യാനന്ദ; ദ്വീപ് വാങ്ങി 'ഹിന്ദു രാജ്യം' സ്ഥാപിച്ചെന്ന് പ്രഖ്യാപനം

ബലാത്സംഗം, കുട്ടികളെ തട്ടിക്കൊണ്ടുപോയി അനധികൃതമായി തടവില്‍ വെയ്ക്കല്‍ എന്നീ കേസുകളില്‍ പ്രതിയായതോടെ ഇന്ത്യയില്‍ നിന്നും അപ്രത്യക്ഷനായ ആള്‍ദൈവം നിത്യാനന്ദം വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഇത്തവണ ലോകത്തില്‍ പുതിയൊരു രാജ്യം തന്നെ ഉണ്ടാക്കി, രാജാവിനെപ്പോലെയാണ് സ്വാമിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്. 

മധ്യ ലാറ്റിനമേരിക്കയിലെ ഇക്വഡോറിന് സമീപത്തുള്ള ദ്വീപുകളിലൊന്ന് വാങ്ങി, അവിടെ തന്റെ സാമ്രാജ്യം പടുത്തുയര്‍ത്തുകയാണ് നിത്യാനന്ദ. രാജ്യത്തിന് 'കൈലാസ' എന്നാണ് പേരിട്ടിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഹിന്ദുരാഷ്ട്രമെന്നാണ് നിത്യാനന്ദ കൈലാസത്തെ വിശേഷിപ്പിക്കുന്നത്. ഇവിടേയ്ക്ക് ഭക്തരില്‍ നിന്നും സംഭാവന സ്വീകരിക്കുകയാണ് ഇപ്പോള്‍ ഇയാളുടെ ജോലി.

കൈലാസ എന്ന് പേരിട്ടിരിക്കുന്ന ദ്വീപില്‍ ഒരു രാജ്യത്തിനുണ്ടായിരിക്കേണ്ട എല്ലാ സംഗതികളുമുണ്ടാകുമെന്നാണ് നിത്യാനന്ദ അവകാശപ്പെടുന്നത്. ഇക്കാര്യങ്ങള്‍ https://kailaasa.org എന്ന വെബ്‌സൈറ്റിലൂടെ നിത്യാനന്ദ പുറത്തുവിട്ടിട്ടുണ്ട്.

കൈലാസയുടെ പ്രത്യേകതകള്‍... (അവകാശപ്പെടുന്നത്)

1) സ്വന്തമായി രണ്ട് തരത്തിലുള്ള പാസ്‌പോര്‍ട്ടുകള്‍, പതാക, ദേശീയ ചിഹ്നം
2) ലോകമെമ്പാടുമുള്ള ഹിന്ദുക്കള്‍ക്ക് പൗരന്‍മാരാകാം. പ്രത്യേകിച്ച് സ്വന്തം രാജ്യത്ത് ഹിന്ദുമത പ്രകാരം ജീവിക്കാനുള്ള എല്ലാ 'അവകാശങ്ങളും' നഷ്ടപ്പെട്ടവരെ
3) ജാതി, ലിംഗ, പ്രദേശം, വിഭാഗം തുടങ്ങിയ വ്യത്യാസങ്ങളുണ്ടാകില്ല
4) എല്ലാവര്‍ക്കും സമാധാനപൂര്‍ണമായ ജീവിതം, ആധ്യാത്മിക ജീവിതം
5) സ്വന്തം കലയുടെയും സംസ്‌കാരത്തിന്റെയും സ്വതന്ത്രമായ പ്രകടനം
6) ആരും അപകീര്‍ത്തിപ്പെടുത്തില്ല, അക്രമം ഉണ്ടാകില്ല
7) ക്ഷേത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള ജീവിത വ്യവസ്ഥ
8) മൂന്നാം കണ്ണിന്റെ ശാസ്ത്രം, യോഗ, ധ്യാനം, എന്നിവ ഗുരുകുല സമ്പ്രദായത്തിലൂടെ ഇവിടെ പഠിപ്പിക്കും
9) രാജ്യത്തിന് ഒരു സര്‍ക്കാരുണ്ട്. ആഭ്യന്തര സുരക്ഷ, പ്രതിരോധം, സാങ്കേതികം, ധനകാര്യം, വാണിജ്യം, ഭവനകാര്യം, മനുഷ്യസേവനം, വിദ്യാഭ്യാസം തുടങ്ങിയ പല വകുപ്പുകളുമുണ്ട്. ചിലതിന്റെ തലപ്പത്ത് നിത്യാനന്ദ തന്നെയാണ്.
10) രാജ്യത്തെ ഭാഷകള്‍: ഇംഗ്ലീഷ്, സംസ്‌കൃതം, തമിഴ്
11) ഔദ്യോഗിക മതം: ഹിന്ദു മതം
12) ഭരണഘടന: സതാനത ധര്‍മ്മത്തെ അടിസ്ഥാനമാക്കിയുള്ളത് (ഇത് സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം)
13) ഔദ്യോഗിക ചിഹ്നങ്ങള്‍: പരമശിവന്‍, പരാശക്തി, നന്ദി (ഇവ കടുംചുമപ്പ് നിറത്തിലുള്ള പതാകയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്)
14) ബാങ്ക്: ഹിന്ദു ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് റിസര്‍വ് ബാങ്ക് (ലോകമെമ്പാടുമുള്ള ഹിന്ദുക്കളില്‍ നിന്ന് പണം സ്വീകരിക്കാന്‍- രാജ്യത്തിന്റെ 'വികസനത്തിന്' വേണ്ടി)
15) ഇടപാടുകള്‍ ക്രിപ്‌റ്റോ കറന്‍സി വഴി
16) മാധ്യമങ്ങള്‍: നിത്യാനന്ദ ടിവി, ഹിന്ദുയിസം നൗ എന്നീ ചാനലുകളും നിത്യാനന്ദ ടൈംസ് എന്ന പത്രവും
17) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍: ഹിന്ദു സര്‍വ്വകലാശാല, ഗുരുകുലം, യുണിവേഴ്‌സിറ്റി ഓഫ് പ്രസ്, സേക്രെഡ് ആര്‍ട്‌സ് യൂണിവേഴ്‌സിറ്റി

അമേരിക്കയിലെ ഒരു നിയമോപദേശക കമ്പനിയുമായി ചേര്‍ന്ന് കൈലാസ ദ്വീപിനെ രാജ്യമായി പ്രഖ്യാപിക്കാനുള്ള ശ്രമത്തിലാണ് നിത്യാനന്ദ. ഇതിനായി ഐക്യരാഷ്ട്ര സംഘടനയില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാളുടെ ഭക്തര്‍ തുലാഭാരം നടത്താനായി കൊണ്ടുവന്ന ആറ് ടണ്ണോളം സ്വര്‍ണം കൈലാസത്തിലെ ആവശ്യങ്ങള്‍ക്കായി ചെലവഴിക്കുന്നുവെന്ന വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. ഇവിടുത്തെ പൗരനായി രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക്, വെബ്‌സൈറ്റില്‍ പ്രവര്‍ത്തനക്ഷമമായിട്ടില്ലെങ്കിലും സംഭാവന നല്‍കാനുള്ള ലിങ്ക് സജീവമാണ്.

ആരാണ് നിത്യാനന്ദ?...

രാജശേഖരന്‍ എന്നാണ് നിത്യാനന്ദയുടെ യഥാര്‍ത്ഥ പേര്. തമിഴ്‌നാട് സ്വദേശിയാണ്. 2000ത്തില്‍ ബെംഗളൂരുവില്‍ ഇയാള്‍ ഒരു ആശ്രമം സ്ഥാപിച്ചു. ഓഷോ രജനീഷിനെ അനുസ്മരിപ്പിക്കുന്ന രീതിയിലായിരുന്നു ഇയാളുടെയും ആശ്രമത്തിലെയും രീതികള്‍. അന്ന് മുതല്‍ വിവാദങ്ങള്‍ ഇയാളുടെ പിന്നാലെ കൂടി.

2010ല്‍ തെന്നിന്ത്യന്‍ നടി രഞ്ജിതയുമൊത്തുള്ള കിടപ്പറ രംഗങ്ങളുടെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ സ്വാമി, 'ആസ്വാമി'യായി അറിയപ്പെടാന്‍ തുടങ്ങി. തുടര്‍ന്ന് നിരവധി ബലാത്സംഗക്കേസുകളില്‍ നിത്യാനന്ദ പ്രതിയായി. പൊലീസ് ഇയാളെ അറസ്റ്റു ചെയ്തു. ഈ കേസ് ഇപ്പോഴും കര്‍ണാടകയില്‍ നിലനില്‍ക്കുന്നുണ്ട്. 

പിന്നീട് ഇയാള്‍ തന്റെ ആശ്രമത്തില്‍ പെണ്‍കുട്ടികളെ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് ആരോപിച്ച് ഗുജറാത്തിലെ ഒരു ദമ്പതികളായ ജനാര്‍ദന ശര്‍മയും ഭാര്യയും അഹമ്മദാബാദ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതോടെ വീണ്ടും കുരുക്ക് മുറുകി. തുടര്‍ന്ന് ഗുജറാത്ത് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ രാജ്യം വിട്ടതായി കണ്ടെത്തി. 2018ല്‍ ബലാത്സംഗക്കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയപ്പോഴാണ് ഇയാള്‍ ഇന്ത്യ വിട്ടതെന്നാണ് റിപ്പോര്‍ട്ട്. നിത്യാനന്ദയുടെ പാസ്‌പോര്‍ട്ട് കാലാവധി 2018 സെപ്തംബറില്‍ അവസാനിച്ചിരുന്നു. എന്നാല്‍ നിത്യാനന്ദ രാജ്യം വിട്ടെന്ന കാര്യം വിദേശകാര്യ മന്ത്രാലയം നിഷേധിച്ചിട്ടുണ്ട്.

ഇയാള്‍ നിലവില്‍ എവിടെയാണെന്ന കാര്യം രഹസ്യമാണ്. കൈലാസ് എന്ന രാജ്യം കെട്ടിപ്പടുക്കാനുദ്ദേശിക്കുന്ന ദ്വീപിന്റെ സ്ഥാനത്തെക്കുറിച്ചും അവ്യക്തതയുണ്ട്. ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയ്ക്ക് സമീപമായിരിക്കും കൈലാസമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൈലാസത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പനാമയിലാണ്. യുഎസിലെ ഡാലസിലാണ് സൈറ്റിന്റെ ഐപി ലൊക്കേഷന്‍.