''എപ്പോള്‍ പ്രസവിക്കണം, പ്രസവിക്കേണ്ട എന്ന കാര്യത്തില്‍ സ്ത്രീകള്‍ക്ക് തീരുമാനമെടുക്കാനാവുന്നില്ല, ക്രൂരമാണിത്''- ശാരദക്കുട്ടി

തിരുവനന്തപുരം: പട്ടിണി സഹിക്കാന്‍ കഴിയാതെ ഒരു അമ്മ തന്റെ ആറ് മക്കളില്‍ നാല് പേരെ ശിശുക്ഷേമ സമിതിയ്ക്ക് കൈമാറിയ വാര്‍ത്ത സജീവമാകുന്നതോടെ അതില്‍ ഉരുത്തിരിയുന്ന മറ്റൊരു പ്രശ്നവും ചര്‍ച്ചയാവുകയാണ്. പ്രസവം നിര്‍ത്താന്‍ കേരളത്തില്‍ ഒരു സ്ത്രീയ്ക്ക് ഒറ്റയ്ക്ക് തീരുമാനമെടുക്കാന്‍ സാധിക്കാത്ത അവസ്ഥയും ഇവിടെ ചര്‍ച്ചാവിഷയമാവുകയാണ്.
തിരുവനന്തപുരം കൈതമുക്കിലെ റെയില്‍വേയുടെ പുറമ്പോക്കില്‍ താമസിക്കുന്ന സ്ത്രീയാണ് പട്ടിണി രൂക്ഷമായ സാഹചര്യത്തില്‍ തന്റെ നാല് മക്കളെ ശിശുക്ഷേമ സമിതിയ്ക്ക് സംരക്ഷിക്കാന്‍ ഏല്‍പ്പിച്ചത്. ഒന്നര വയസ്സുള്ളതും മൂന്ന് മാസം പ്രായമുള്ളതുമായ കുഞ്ഞുങ്ങള്‍ക്ക് അമ്മയുടെ സാന്നിധ്യം ആവശ്യമായതിനാല്‍ ശിശുക്ഷേമ സമിതിയ്ക്ക് കൈമാറിയിട്ടില്ല. ആ കുട്ടികളുടെയും അമ്മയുടെയും വിശപ്പടക്കാന്‍ നിവര്‍ത്തിയില്ലാത്ത അവസ്ഥ ഉയര്‍ത്തിക്കാട്ടുമ്പോള്‍ തന്നെ ഒരു സ്ത്രീയ്ക്ക് പ്രസവും നിര്‍ത്താനുള്ള സമ്പൂര്‍ണ്ണ അവകാശം കേരളത്തിലുണ്ടാകണമെന്ന് എഴുത്തുകാരി ശാരദക്കുട്ടി പറയുന്നു.
ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
പെറ്റുപെറ്റു സഹികെട്ട അമ്മമാരുള്ള നാടാണ് കേരളവും. 'ഭര്‍ത്താവും വീട്ടുകാരുമറിയണ്ട, പ്രസവമൊന്നു നിര്‍ത്തിത്തരുമോ' എന്ന് നാലാമത്തെ പ്രസവത്തിനു ശേഷം കരഞ്ഞ് ഡോക്ടറോടു പറഞ്ഞ ഒരമ്മയെക്കുറിച്ച് എന്നോട് ഒരു ഗൈനക്കോളജിസ്റ്റ് പറഞ്ഞതാണ്. 'എനിക്കു വയ്യാതായി, അവരാരും സമ്മതിച്ചിട്ടതു നടക്കില്ല' എന്നാണത്രേ ആ 24 കാരി കരഞ്ഞുപറഞ്ഞത്. ഭര്‍ത്താവിന്റെ ഒപ്പു വേണമത്രേ പ്രസവം നിര്‍ത്തുവാന്‍.
എപ്പോള്‍ പ്രസവിക്കണമെന്നും എപ്പോള്‍ പ്രസവം നിര്‍ത്തണമെന്നും സ്ത്രീകള്‍ക്കു തീരുമാനിക്കാനാവില്ല ഇന്നും ഈ സാക്ഷരകേരളത്തിലും എന്നത് നമ്മെ അമ്പരപ്പിച്ചു തുടങ്ങിയിട്ടില്ല ഇനിയും. ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ അവകാശബോധ്യങ്ങളുള്ള ഒരു സ്ത്രീയായതുകൊണ്ടു വേദനയോടെ പറയുകയാണ്, നമ്മള് ഇക്കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് ഒരു മാതൃകയാകണം ടീച്ചര്‍.
മദ്യാപനവും അജ്ഞതയും ലഹരിയും ദാരിദ്ര്യവും തൊഴിലില്ലായ്മയും ഒരു പാടാണ് കേരളത്തിലും. മണ്ണുതിന്നുന്ന ഉണ്ണിയുടെ വായില്‍ ആ 'അത്ഭുതങ്ങള്‍' ആദ്യമെന്നതു പോലെ കണ്ട് ഇന്ന് ഞെട്ടി നാളെ പെട്ടെന്ന് നാം തിരിഞ്ഞു നടക്കും. നാലു പെട്ടി ലാക്ടജനല്ല പരിഹാരം. വലിയ വിഷയങ്ങളാണതെല്ലാം.
ദീര്‍ഘകാലാടിസ്ഥാനത്തില്‍ പദ്ധതികളാവിഷ്കരിക്കണം. ഭരണത്തില്‍ മാറി മാറി സുഖിച്ച മുഖ്യധാരാ കക്ഷികളും വലിയ സദാചാരം പ്രസംഗിച്ചു നടക്കുന്ന രാഷ്ട്രീയ കക്ഷികളുമെല്ലാം ഒരേ പോലെ ഉത്തരവാദികളാണ്. കുറ്റവാളികളുമാണ്.
കവികള്‍ ധര്‍മ്മശാസ്ത്രക്കുറിമാനങ്ങള്‍ തെല്ലിട നിര്‍ത്തുക. മാതൃമാഹാത്മ്യം ഒത്തിരിയൊന്നും കവിതയിലാക്കണ്ട. പത്രങ്ങള്‍ കണ്ണീരും മുലപ്പാലും ചേര്‍ത്ത് വാര്‍ത്തകള്‍ ചാലിക്കയുമരുത്. ക്രൂരമാണതൊക്കെ.
എസ്.ശാരദക്കുട്ടി
3. 12. 2019