• 09 Dec 2019
  • 03: 58 PM
Latest News arrow

ഇന്ത്യന്‍ നാവിക സേനയ്ക്ക് അഭിമാനമുഹൂര്‍ത്തം; പ്രഥമ വനിതാ പൈലറ്റായി ശിവാംഗി ചുമതലയേറ്റു

ഇന്ത്യന്‍ നാവികസേനയ്ക്ക് അഭിമാനിക്കാം. ചരിത്രത്തിലാദ്യമായി സേനയ്ക്ക് ഒരു വനിതാ പൈലറ്റിനെ ലഭിച്ചിരിക്കുന്നു. കൊച്ചിയിലെ ദക്ഷിണ നാവിക കമാന്‍ഡ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സബ് ലെഫ്റ്റനന്റ് ശിവാംഗി നാവിക സേനയുടെ പ്രഥമ വനിതാ പൈലറ്റായി ഔദ്യോഗികമായി ചുമതലയേറ്റു.

''എനിക്കും എന്റെ മാതാപിതാക്കള്‍ക്കും ഏറെ അഭിമാനം നല്‍കുന്ന നിമിഷമാണ് ഇത്. എന്റെ സന്തോഷം പ്രകടിപ്പിക്കാന്‍ വാക്കുകളില്ല. ദീര്‍ഘകാലമായി ആഗ്രഹിച്ചിരുന്ന സ്വപ്‌നമാണിത്. അവസാനം എന്റെ നെഞ്ചില്‍ ഇത് ഇരിക്കുന്നു.'' പൈലറ്റ് ബാഡ്ജില്‍ കൈവെച്ച് ശിവാംഗി പറഞ്ഞു. 

കുട്ടിക്കാലത്ത് ഒരു മന്ത്രി ഹെലികോപ്റ്ററില്‍ വന്നിറങ്ങിയത് കണ്ടതുമുതലാണ് പൈലറ്റാകണമെന്ന മോഹം ശിവാംഗിയില്‍ മുളപൊട്ടിയത്. മുത്തച്ഛന്റെ കൂടെ മന്ത്രിയെ കാണാന്‍ പോയ ശിവാംഗി, അന്ന് മന്ത്രിയായിരുന്നില്ല ശ്രദ്ധിച്ചത്. അവളുടെ കണ്ണുകള്‍ മുഴുവന്‍ ഹെലികോപ്റ്റര്‍ ഓടിച്ച പൈലറ്റിലായിരുന്നു. അപ്പോള്‍ തന്നെ ഒരു ദിവസം താനും ഇതുപോലെ വിമാനം പറപ്പിക്കുമെന്ന് ശിവാംഗി മനസ്സില്‍ കുറിച്ചിട്ടു. ആ സ്വപ്നമാണ് ഇന്ന് സഫലമായിരിക്കുന്നത്. 

ഏഴിമല നാവിക അക്കാദമിയില്‍ നിന്ന് ശിവാംഗി നേവല്‍ ഓറിയന്റേഷന്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇനി പരിശീലനത്തിന്റെ മൂന്നാംഘട്ടമായ ഡോര്‍ണിയര്‍ ഓപ്പറേഷന്‍ കണ്‍വേര്‍ഷന്‍ കോഴ്‌സ് കൂടി പൂര്‍ത്തിയാക്കാനുണ്ട്.