• 09 Dec 2019
  • 03: 57 PM
Latest News arrow

വഞ്ചിയൂരില്‍ ഇടപെട്ട് ഹൈക്കോടതി: പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് ചീഫ് ജസ്റ്റിസ്

കൊച്ചി: തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ മജിസ്‌ട്രേറ്റും അഭിഭാഷകരും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ്. നേരിട്ട് പരിശോധന നടത്തി ഡിസംബര്‍ അഞ്ചിന് റിപ്പോര്‍ട്ട് നല്‍കാനാണ് ബാര്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് ചീഫ് ജസ്റ്റിസ് നല്‍കിയിരിക്കുന്ന നിര്‍ദേശം. ബൗര്‍ കൗണ്‍സില്‍ ഭാരവാഹികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ചീഫ് ജസ്റ്റിസ് ഈ നിര്‍ദേശം നല്‍കിയത്. 

ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ബാര്‍കൗണ്‍സില്‍ അംഗങ്ങള്‍ ചീഫ് ജസ്റ്റിസുമായും അഡ്മിനിസ്‌ട്രേറ്റീവ് ചുമതലയുള്ള മറ്റ് നാല് ജഡ്ജിമാരുമായും കൂടിക്കാഴ്ച നടത്തിയത്. പ്രശ്‌നം രമ്യമായി പരിഹരിക്കുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ബാര്‍ കൗണ്‍സില്‍ അംഗങ്ങള്‍ പ്രതികരിച്ചു. 

കേരളത്തിലെ എല്ലാ ബാര്‍ കൗണ്‍സില്‍ ഭാരവാഹികളുടെയും വിപുലമായ യോഗം നാലാം തിയതി കൊച്ചിയില്‍ ചേരുന്നുണ്ട്. മജിസ്‌ട്രേറ്റുമാരും അഭിഭാഷകരും തമ്മില്‍ ഭാവിയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചു. ചൊവ്വാഴ്ച തന്നെ വഞ്ചിയൂര്‍ കോടതിയിലെത്തി തെളിവെടുപ്പ് നടത്തുമെന്നും ബാര്‍ കൗണ്‍സില്‍ അറിയിച്ചു.