• 09 Dec 2019
  • 03: 15 PM
Latest News arrow

''ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ മൊഴി മാറ്റാന്‍ കനത്ത സമ്മര്‍ദ്ദമുണ്ട്; വേഗം വിസ്താരം തീര്‍ക്കണം''- സിസ്റ്റര്‍ ലിസി വടക്കേല്‍

തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ ബലാത്സംഗക്കേസില്‍ മൊഴി മാറ്റാന്‍ തനിക്ക് സമ്മര്‍ദ്ദം ഉണ്ടെന്ന് മുഖ്യസാക്ഷി സിസ്റ്റര്‍ ലിസി വടക്കേല്‍. ഫോണിലൂടെയും നേരിട്ടും ബിഷപ്പിനെതിരായ മൊഴി മാറ്റണമെന്ന് ആവശ്യപ്പെട്ട് നിരവധിപേര്‍ തന്നെ സമീപിക്കുന്നതായി സിസ്റ്റര്‍ ലിസി ആരോപിക്കുന്നു.

''പൂര്‍ണമായ ബോധ്യത്തോടെ, പൂര്‍ണമായ സത്യമാണ് ഞാന്‍ പറഞ്ഞത്. ഒരു കാരണവശാലും ഞാന്‍ മൊഴി മാറ്റി പറയില്ല. മൊഴി മാറ്റിപ്പറയാനായിട്ട് സൗഹൃദത്തോടെയും സാഹോദര്യ ഭാവത്തിലും ശത്രുത മനോഭാവത്തിലും പലരും എന്ന സ്വാധീനിച്ചിട്ടുണ്ട്. എന്റെ സുവിശേഷ ധ്യാനത്തിന്റെ ടീമിലുണ്ടായിരുന്ന സഹോദരിമാരുണ്ടായിരുന്നു. അവരില്‍ ചിലരൊക്കെ ചില സഹോദരങ്ങള്‍ വഴി എനിക്ക് നിര്‍ദേശം നല്‍കാന്‍ വേണ്ടി ഇങ്ങിനെ പറഞ്ഞയച്ചു. ''ആ ലിസിയോട് പറ, ബിഷപ്പിനെതിരായി ചെയ്താല്, അത് സഭയ്ക്ക് നാണക്കേടാണ്. സഭ തകരും, സഭാ സംവിധാനത്തിന് അത് ഉതപ്പാകും. അതുകൊണ്ട് അതൊന്ന് മാറ്റിപ്പറയാന്‍ പറ, ബിഷപ്പിനെതിരായിട്ട് ഒന്നും പറയരുതെന്ന് പറയണം, അത് ക്രിസ്തുവിന്റെ മൗതിക ശരീരത്തിന് തടസ്സമാണ്, മൗതിക ശരീരത്തിന് കോട്ടം തട്ടും.'' എന്റെ ഇവാഞ്ചലൈസേഷന്‍ ടീമിലുള്ള പലരെയും പറഞ്ഞയച്ച്, അവര്‍ ഫോണ്‍ വഴിയും, എന്നെ വല്ലപ്പോഴും കണ്ടുമുട്ടുന്ന വഴിയും ഇങ്ങിനെയൊക്കെ എന്നോട് പറയാറുണ്ട്. 

ഒരു ദിവസം ഒരു വല്ല്യമ്മച്ചിയെ കണ്ടുമുട്ടിയപ്പോള്‍ അവര് പറയുവാ.. ''പല സിസ്റ്റേഴ്‌സും സിസ്റ്ററിന് മാനസിക പ്രശ്‌നമാണെന്ന് പറയുന്നുണ്ടല്ലോ, അതുകൊണ്ട് ഒരു കാര്യം ചെയ്യ്... കോടതിയില്‍ ചെന്നിട്ട്, എനിക്കിങ്ങനെ ഒരു ആവേശം വന്നപ്പോള്‍ ഒരു ശ്രദ്ധക്കുറവുകൊണ്ട് ഞാനിങ്ങനെ പറഞ്ഞു പോയതാ, എനിക്കിങ്ങനെ രോഗമൊക്കെയുണ്ട്, അതുകൊണ്ട് ഞാനങ്ങനെ പറഞ്ഞുപോയതാ എന്ന് പറയുക. അതുകൊണ്ട് അതങ്ങ് പിന്‍വലിക്ക്, ബിഷപ്പിനെതിരെ പറയണ്ടായിരുന്നു, കടയ്ക്കിട്ട് കുത്തിയാല്‍ കുല മുഴുവന്‍ വാടുകേലേ... അതുകൊണ്ട് സഭയ്ക്ക് മൊത്തം ദ്രോഹമാണ്. അതുകൊണ്ട് സിസ്റ്റര്‍ അത് പിന്‍വലിക്ക്...'' എന്നിങ്ങനെ എന്നെ നിര്‍ബന്ധിച്ച സാഹചര്യവും ഈ കാലഘട്ടത്തില്‍ ഉണ്ടായി. 

ഒരു കാരണവശാലും എനിക്കറിയാവുന്ന സത്യത്തില്‍ നിന്ന് ഞാന്‍ മാറുകയില്ല. ഞാന്‍ പറഞ്ഞത് പൂര്‍ണ സത്യമാണ്. ആ സത്യത്തില്‍ ഞാന്‍ നില കൊള്ളും. ബിഷപ്പ് തെറ്റ് ചെയ്തതു തന്നെയാണ്. ബിഷപ്പിന് ശിക്ഷ കിട്ടണം. ശിക്ഷ കിട്ടി ആ സിസ്റ്ററിന് നീതിയുണ്ടാകണം. 

ഈ ബിഷപ്പ് ഫ്രാങ്കോയെന്ന് പറയുന്നത് കേരളത്തിന് പുറത്ത് ഒരു മിഷന്‍ പ്രദേശത്തുള്ള ഒരു ബിഷപ്പാണ്. അദ്ദേഹത്തിന് ഒത്തിരി സ്വാധീനം, പണം, പ്രൗഢി എന്നിവ ഉള്ളതുകൊണ്ട്, തെറ്റു മറയ്ക്കാന്‍ സാധിക്കുമെന്ന മിഥ്യാ ധാരണ കൊണ്ടാണ് കേരളത്തില്‍ വന്ന് ഈ സിസ്റ്ററിനെ ഇതുപോലെ ദ്രോഹിച്ചത്. 

ശരിയായി, നേരായി വിസ്താരം നടന്നാല്, ബിഷപ്പിന് ശിക്ഷ കിട്ടുക തന്നെ ചെയ്യും, എന്ന് എനിക്ക് പൂര്‍ണ ബോധ്യമുണ്ട്. അതിനിടയ്ക്ക് പണം കൊണ്ടും പ്രതാപം കൊണ്ടും സ്വാധീനം കൊണ്ടും സാക്ഷികളെ സ്വാധീനിക്കുന്നതു പോലെ വല്ലതുമൊക്കെ നടന്ന് തിരിമറി നടന്നാല്‍ ശിക്ഷ കിട്ടാതിരിക്കുമോയെന്ന് എനിക്കറിയത്തില്ല. ശിക്ഷ കിട്ടണം, അതിന് വേണ്ടിയാണ് ഞാന്‍ പത്ത് മാസത്തോളമായി ഈ വേദന സഹിക്കുന്നത്. ഒറ്റപ്പെടുത്തലുകള്‍, അവഗണന, എല്ലാവരുടെയും മുമ്പില്‍ ഒരു സഭാ വിരോധിയെപ്പോലെ, സാത്താന്‍ സേവക്കാരിയെപ്പോലെ എന്നെയാക്കി. എന്നെ അവഗണിച്ച് മാറ്റി നിര്‍ത്തുമ്പോള്‍ ഉള്ള തീവ്രമായ വേദനയൊക്കെ ഞാന്‍ അനുഭവിക്കുന്നത്, ഈ ഒരു കാര്യം സാധിക്കാന്‍ വേണ്ടി മാത്രമാ.. അതുകൊണ്ട് എത്രയും വേഗം ഈ കേസിന്റെ വിസ്താരം തീര്‍ന്നിരുന്നെങ്കില്‍ എനിക്കതിന് ഒരു വിടുതല്‍ കിട്ടും. ഇപ്പോഴത്തെ ഈ ഒറ്റപ്പെടല്‍, എനിക്ക് സഹിക്കാവുന്നതിലും കൂടുതലായിട്ട് തോന്നുവാ.. '' സിസ്റ്റര്‍ ലിസി പറയുന്നു.