• 09 Dec 2019
  • 03: 32 PM
Latest News arrow

സിനിമാ റഗുലേറ്ററി അതോറിറ്റി രൂപീകരിക്കും; ചലച്ചിത്രമേഖലയിൽ സമഗ്രമാറ്റത്തിനൊരുങ്ങി സർക്കാർ

തിരുവനന്തപുരം : ചലച്ചിത്രമേഖലയിൽ സമഗ്ര മാറ്റം കൊണ്ടുവരുന്നതിനുള്ള കരടുനിയമം തയ്യാറായതായി റിപ്പോർട്ട്. സിനിമാ നിർമ്മാണ റജിസ്ട്രേഷനു സർക്കാർ സംവിധാനം ഏർപ്പെടുത്തുന്നതു സംബന്ധിച്ചും തർക്കങ്ങൾ കൈകാര്യം ചെയ്യാൻ സിനിമാ റഗുലേറ്ററി അതോറിറ്റി രൂപീകരിക്കുന്നതു സംബന്ധിച്ചും കരടുനിയമത്തിലുണ്ട്.  റിട്ട. ജില്ലാ ജഡ്ജിയായിരിക്കും അതോറിറ്റി അധ്യക്ഷൻ. ചലച്ചിത്ര രംഗത്തുനിന്ന് മുതിർന്ന ഒരാളും സാമ്പത്തികരംഗത്തുനിന്ന് ഒരാളും അംഗങ്ങളാകും.

തൊഴിൽ തർക്കങ്ങൾ, നിർമാണക്കാരും വിതരണക്കാരും തിയറ്റർ ഉടമകളും തമ്മിലുള്ള പ്രശ്നങ്ങൾ തുടങ്ങിയവയെല്ലാം സിനിമാ റഗുലേറ്ററി അതോറിറ്റിയാവും കൈകാര്യം ചെയ്യുക. നിർമ്മാണം, വിതരണം എന്നിവയെ സംബന്ധിച്ചു മാർഗ്ഗരേഖയും തയ്യാറാക്കും.

സിനിമാ റഗുലേറ്ററി അതോറിറ്റി നിലവിൽ വന്നാൽ തർക്കങ്ങളും പരാതികളും ചലച്ചിത്ര സംഘടനകൾ കൈകാര്യം ചെയ്യുന്നതു നിയമ വിരുദ്ധമാകും. കൂടാതെ അഭിനേതാക്കൾ, മറ്റു സിനിമാ പ്രവർത്തകർ എന്നിവരെ വിലക്കാനോ മാറ്റിനിർത്താനോ ചലച്ചിത്ര സംഘടനകൾക്ക് അവകാശമുണ്ടാകില്ല. നിർമ്മാണം, വിതരണം എന്നിവ ഉൾപ്പെടെ എല്ലാ പരാതികളും സിനിമാ റഗുലേറ്ററി അതോറ്റിയിൽ നൽകണം.

ഇതോടൊപ്പം സിനിമാടിക്കറ്റുകളുടെ ഓൺലൈൻ ബുക്കിങ് സേവനവും  സർക്കാർ ഏറ്റെടുക്കും. സ്വകാര്യ കമ്പനി ആപ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴുള്ള നിരക്കിനേക്കാളും കുറഞ്ഞ നിരക്കിൽ  സർക്കാറിന് ഓൺലൈൻ ബുക്കിങ് സേവനം നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.