• 09 Dec 2019
  • 04: 18 PM
Latest News arrow

'കര്‍ത്താവിന്റെ നാമത്തില്‍' ആരെയും വേദനിപ്പിക്കാനല്ല, കൂടുതല്‍ തുറന്നുപറച്ചിലുകള്‍ക്ക് വേദിയൊരുക്കാനാണ്;- സിസ്റ്റര്‍ ലൂസി

തിരുവനന്തപുരം: 'കര്‍ത്താവിന്റെ നാമത്തില്‍' എന്ന തന്റെ പുസ്തകത്തിലൂടെ നടത്തിയ വിവാദ വെളിപ്പെടുത്തലുകള്‍ ആരെയും വേദനിപ്പിക്കാനല്ലെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര. കൂടുതല്‍ തുറന്നുപറച്ചിലുകള്‍ക്ക് വേദിയൊരുക്കുക എന്നതാണ് തന്റെ ലക്ഷ്യം. വിശ്വാസികളെ കബളിപ്പിക്കുന്ന ഏര്‍പ്പാടുകള്‍ ഇനിയും തുടരാനാകില്ലെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു. 

2005ലാണ് പുസ്തകം എഴുതിത്തുടങ്ങിയത്. 2000 മുതല്‍ 2003 വരെ താന്‍ സന്യാസ സഭയില്‍ നിന്നും മാനസികമായി പീഡിപ്പിക്കപ്പെട്ടിരുന്നു. ആ സമയത്ത് ചിന്തകളെ മനോഹരമാക്കാന്‍ വേണ്ടിയാണ് അനുഭവങ്ങള്‍ എഴുതി വെച്ചു തുടങ്ങിയത്. പിന്നീട് ഫ്രാങ്കോ മുളയ്ക്കലിന്റെ കേസില്‍ സിസ്റ്റര്‍മാരെ പിന്തുണയ്‌ക്കേണ്ടവര്‍ തന്നെ അവരെ തള്ളിപ്പറഞ്ഞപ്പോഴാണ് സഭയിലെ ചൂഷണങ്ങള്‍ തുറന്ന് പറയണമെന്ന് തോന്നിയത്. താന്‍ നേരിട്ട് അറിഞ്ഞ അനുഭവങ്ങള്‍ പങ്കുവെയ്ക്കണം എന്ന ആഗ്രഹമാണ് പുസ്തകത്തിലൂടെ പുറത്തുവന്നതെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു.

മഠങ്ങളില്‍ സന്ദര്‍ശകരെന്ന വ്യാജേന എത്തി വൈദികര്‍ കന്യാസ്ത്രീകളെ ലൈംഗിക ചൂഷണം ചെയ്യുന്നുണ്ടെന്നാണ് സിസ്റ്റര്‍ ലൂസി തന്റെ പുസ്തകത്തില്‍ ആരോപിക്കുന്നത്. കന്യാസ്ത്രീയായതിന് ശേഷം നാല് തവണ വൈദികര്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. കൊട്ടിയൂര്‍ കേസിലെ പ്രതി ഫാദര്‍ റോബിന് പല കന്യാസ്ത്രീകളുമായും ബന്ധമുണ്ടായിരുന്നുവെന്നും സിസ്റ്റര്‍ ലൂസി പുസ്തകത്തില്‍ പറയുന്നു.

മഠത്തില്‍ കഴിഞ്ഞിരുന്ന ഒരു കന്യാസ്ത്രീ പ്രസവിച്ചിരുന്നു. ഇതില്‍ ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിച്ചു. ചില മഠങ്ങളില്‍ നിന്ന് യുവതികളായ കന്യാസ്ത്രീകളെ പള്ളിമേടകളിലേക്ക് നിര്‍ബന്ധപൂര്‍വ്വം പറഞ്ഞ് വിടുന്ന പതിവുണ്ട്. അവര്‍ അനുഭവിക്കാറുള്ളത് അസാധാരണ വൈകൃതങ്ങളാണ്. മുതിര്‍ന്ന കന്യാസ്ത്രീകള്‍ യുവതികളായ കന്യാസ്ത്രീകളെ സ്വവര്‍ഗ്ഗഭോഗത്തിന് വിധേയരാക്കാറുണ്ടെന്നും പുസ്തകത്തിലൂടെ സിസ്റ്റര്‍ ലൂസി ആരോപിക്കുന്നു.