• 09 Dec 2019
  • 04: 17 PM
Latest News arrow

പിറന്നാളാഘോഷിക്കാന്‍ പുറത്ത് പോയ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു

ചെന്നൈ: കോയമ്പത്തൂരില്‍ ആറ് പേര്‍ പ്ലസ് വൺ വിദ്യാർത്ഥിനിയെ കൂട്ട ബലാത്‌സംഗം ചെയ്തു. പിറന്നാളാഘോഷിക്കാനായി കൂട്ടുകാരുമൊത്ത് പുറത്ത് പോയി തിരിച്ചു വരും വഴിയാണ് പെൺകുട്ടി ആക്രമണത്തിനിരയായത്.

നവംബർ 26 നാണ് സംഭവം നടന്നത്.  പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനി പാർക്കിൽ പോയി പിറന്നാളാഘോഷിച്ച് രാത്രി ഒൻപത് മണിയോടെ തന്റെ പുരുഷസുഹൃത്തിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഒരു സംഘം അവരെ വളയുകയും പെണ്‍കുട്ടിയുടെ സുഹൃത്തിനെ ആക്രമിച്ച ശേഷം പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നു.

സംഭവത്തിന്റെ വീഡിയോയും കുറ്റവാളികള്‍ എടുത്തിരുന്നു. സംഭവം കഴിഞ്ഞ ദിവസം പെൺകുട്ടി അമ്മയോട് വിവരിച്ചതിനെ തുടർന്ന് ഉടൻ വനിതാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. മറ്റു രണ്ടുപേർക്കു വേണ്ടിയുള്ള തിരച്ചിൽ പൊലീസ് ഊർജ്ജിതമാക്കി.