• 31 May 2020
  • 05: 48 AM
Latest News arrow

യുവ ഡോക്ടറുടെ കൊലപാതകം: മൂന്ന് പൊലീസുകാർക്ക് സസ്‌പെൻഷൻ; ശീതളപാനീയത്തിൽ മദ്യം കലര്‍ത്തി കുടിപ്പിച്ച് പീഡിപ്പിച്ചു

ഹൈദരാബാദ്: ഹൈദരാബാദിനടുത്ത ഷംഷാബാദിൽ ഇരുപത്തിയാറ് വയസ്സുള്ള വനിതാ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ അലംഭാവം കാണിച്ച മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഷംഷാബാദ് പോലീസ് സ്റ്റേഷൻ എസ്ഐ എം രവികുമാർ, എയർപോർട്ട് പോലീസ് സ്റ്റേഷൻ കോൺസ്റ്റബിൾമാരായ വേണുഗോപാൽ റെഡ്ഡി, എ സത്യനാരായണ ഗൌഡ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. കേസന്വേഷണം വൈകിപ്പിച്ചുവെന്ന് ആരോപിച്ചാണ് നടപടി. മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തെന്നും അടുത്ത അറിയിപ്പുണ്ടാവുന്നതുവരെ ജോലിക്ക് ഹാജരാകേണ്ടെന്നാണ് ഇവരോട് നിർദ്ദേശിച്ചിട്ടുള്ളതെന്നും സൈബറാബാദ് പോലീസ് കമ്മീഷണർ വിസി സജ്ജാനർ അറിയിച്ചു.

കേസന്വേഷണം പോലീസ് വൈകിപ്പിക്കുന്നുവെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വൈകിപ്പിച്ചെന്നും  യുവതിയുടെ കുടുംബം പരാതിപ്പെട്ടിരുന്നു. "പൊലീസും ഞങ്ങളെ ബുദ്ധിമുട്ടിച്ചു. മകളെ കാണാനില്ലെന്ന പരാതിയുമായി മൂത്ത മകള്‍ ആര്‍ജിഐഎ പൊലീസ് സ്റ്റേഷനിലാണ് ആദ്യം എത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ്, മകള്‍ ഗച്ചിബൗളിയിലേക്ക് പോയിയെന്നും പിന്നീട് തിരിച്ചെത്തിയില്ലെന്നുമാണ് പറഞ്ഞത്. ഷംഷബാദ് പൊലീസ് സ്റ്റേഷനിലേക്ക് പോകാനാണ് ആര്‍ജിഐഎ പൊലീസ് പറഞ്ഞത്. അവരുടെ സമീപനം അംഗീകരിക്കാനാകില്ല. ഒടുവില്‍ ഏറെ നിര്‍ബന്ധിച്ചപ്പോള്‍ രണ്ട് പൊലീസുകാര്‍ തിരച്ചിലിനായി എത്തി. പൊലീസ് കുറച്ചുകൂടി ഉണര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ മകള്‍ രക്ഷപ്പെടുമായിരുന്നു. ഒരു പൊലീസ് സ്റ്റേഷനില്‍ നിന്ന് മറ്റൊരു പൊലീസ് സ്റ്റേഷനിലെത്താന്‍ മൂന്ന് മണിക്കൂര്‍ സമയമെടുത്തു. നിര്‍ണായകമായ സമയമാണ് നഷ്ടപ്പെട്ടത്. ഒരു തെറ്റും ചെയ്യാത്ത തന്റെ മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയവരെ ജീവനോടെ കത്തിക്കണം."-  കൊല്ലപ്പെട്ട വനിതാ വെറ്ററിനറി ഡോക്ടറുടെ അമ്മ ശനിയാഴ്ച പറഞ്ഞിരുന്നു.

നവംബർ 27ന് രാത്രിയാണ് മകളെ കാണാനില്ലെന്ന് ചൂണ്ടിക്കാണിച്ച് കുടുംബം പോലീസിനെ സമീപിച്ചത്. കേസിൽ പോലീസ് നടപടി സ്വീകരിക്കാൻ വൈകിയെന്നാണ് ദേശീയ വനിതാ കമ്മീഷൻ ചൂണ്ടിക്കാണിക്കുന്നത്. വനിതാ കമ്മീഷൻ അംഗങ്ങൾ ശനിയാഴ്ച യുവതിയുടെ വീട് സന്ദർശിച്ചിരുന്നു. വനിതാ കമ്മീഷൻ അംഗം ശ്യാമള കുന്ദാർ ഹൈദബാദിൽ തങ്ങുന്നുണ്ട്. സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ദേശീയ വനിതാ കമ്മീഷനും ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ പോലീസ് വഹിച്ചിട്ടുള്ളത് നെഗറ്റീവ് റോളാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷയും ചൂണ്ടിക്കാണിച്ചിരുന്നു. തെലങ്കാന ആഭ്യന്തര മന്ത്രിയുടെ പ്രസ്താവനയെയും അവർ രൂക്ഷമായി വിമർശിച്ചിരുന്നു. സഹോദരിയെ വിളിക്കുന്നതിന് പകരം 100 ൽ വിളിച്ചിരുന്നുവെങ്കിൽ യുവതിയുടെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നു എന്നാണ് മന്ത്രിയുടെ വിവാദ പ്രസ്താവന.

ബുധനാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുന്നതിനിടെയാണ് വെറ്ററിനറി ഡോക്ടറെ കാണാതായത്. ജോലി കഴിഞ്ഞ് തിരിച്ചുപോകുമ്പോൾ അവർ ഷംഷാബാദ് ടോൾ ബൂത്തിൽ ബൈക്ക് നിർത്തി ഒരു ഡെർമറ്റോളജിസ്റ്റിനെ കാണാൻ ക്യാബ് എടുത്തതായി അന്വേഷണത്തിൽ വ്യക്തമായിരുന്നു. രാത്രി ഒൻപത് മണിയോടെ തിരിച്ചെത്തിയപ്പോൾ ഇരുചക്ര വാഹനം പഞ്ചറായതായി കണ്ടു. ബുധനാഴ്ച രാത്രി 9: 15 നാണ് വെറ്ററിനറി ഡോക്ടർ അവസാനമായി സഹോദരിയെ വിളിച്ചത്. ആ കോളിന്റെ ഓഡിയോ റെക്കോർഡിംഗിൽ  പഞ്ചറായ ടയർ ശരിയാക്കിത്തരാമെന്ന് ആരോ വാഗ്ദാനം ചെയ്തതായും അവരുടെ അടുത്തുള്ള ചില ട്രക്ക് ഡ്രൈവർമാർ സംശയാസ്പദമായ രീതിയിൽ പെരുമാറിയതിനാൽ  ഭയം തോന്നുന്നുവെന്ന് പറഞ്ഞതായും രേഖപ്പെടുത്തിയിട്ടുണ്ട്.

ബുധനാഴ്ച രാത്രി പത്തരയോടെ ഷംഷാബാദിലെ തോണ്ടപ്പള്ളി ടോൾ പ്ലാസയ്ക്കടുത്തുള്ള ഒഴിഞ്ഞ സ്ഥലത്തേക്ക് പ്രതികൾ യുവതിയെ വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്തു. ബലാത്സംഗത്തിനിടെ  യുവതി ശ്വാസംമുട്ടി മരിക്കുകയായിരുന്നു. തുടർന്ന് പ്രതികൾ മൃതദേഹം ട്രക്കിൽ കയറ്റി ഷാഡ്നഗറിലേക്ക് കൊണ്ടുപോയി. അവിടെ ദേശീയപാതയിലെ ഒരു അണ്ടർപാസിൽ വെച്ച്  മൃതദേഹം കത്തിച്ചു.

വ്യാഴാഴ്ചയാണ് കത്തിക്കരിഞ്ഞ നിലയിൽ വനിതാ വെറ്ററിനറി ഡോക്ടറുടെ   മൃതദേഹം കാണപ്പെട്ടത്. രാജ്യവ്യാപകമായി ക്രൂരമായ ഈ കൊലയെ ആളുകൾ അപലപിച്ചു. 2012ൽ ദില്ലിയിൽ നടന്ന 'നിർഭയ' സംഭവത്തെ  ഈ സംഭവം ഓർമ്മപ്പെടുത്തുകയും ചെയ്തു.

ഈ കേസിൽ  ഇതുവരെ സൈബറാബാദ് പോലീസ് നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.  മുഹമ്മദ് ആരിഫ്, ജൊല്ലു ശിവ, ജൊല്ലു നവീൻ, ചിന്തകുന്ത ചെന്നകേശവുലു എന്നിവരാണ്അറസ്റ്റിലായത്. ഇവർ എല്ലാവരും ട്രക്ക് ഡ്രൈവർമാരാണ്. ഇവർ ഇപ്പോൾ റിമാൻഡിലാണ് .

അതിനിടെ, ഡോക്ടറെ പീഡിപ്പിക്കുന്നതിന് മുമ്പ് പ്രതികള്‍ ശീതളപാനീയത്തിൽ മദ്യം കലര്‍ത്തി കുടിപ്പിച്ച്  മയക്കി കിടത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. മയങ്ങിക്കിടന്ന യുവതിയെ പ്രതികള്‍ ഊഴമിട്ട് പീഡിപ്പിക്കുകയും ശബ്ദം പുറത്ത് വരാതിരിക്കാന്‍ മുഖം മൂടിക്കെട്ടുകയും ചെയ്തുവെന്നും പൊലീസ് പറയുന്നു.  പെണ്‍കുട്ടി മരണപ്പെട്ടന്ന് മനസ്സിലായതോടെ പ്രതികള്‍ പെട്രോള്‍ വാങ്ങി വന്ന് പുലര്‍ച്ചെ രണ്ടരയോടെ മൃതദേഹം കത്തിച്ചുകളയുകയായിരുന്നു. 

 

 

Editors Choice