• 09 Dec 2019
  • 04: 32 PM
Latest News arrow

മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്‌ക്കാരം

മലയാള കാവ്യ നഭസില്‍ ശുക്രനക്ഷത്രമായി പ്രശോഭിക്കുന്ന മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠം പുരസ്‌ക്കാരം. നേരത്തെ ജ്ഞാനപീഠം അവാര്‍ഡ് കമ്മറ്റിയുടെ മൂര്‍ത്തി ദേവി പുരസ്‌ക്കാരം ലഭിച്ചിട്ടുള്ള അക്കിത്തത്തിനെ കേന്ദ്രസര്‍ക്കാര്‍ പത്മശ്രീ അവാര്‍ഡ് അദരിച്ചിരുന്നു.

പാലക്കാട് ജില്ലയിലെ കുമരനെല്ലൂര്‍ അമേറ്റിക്കര സ്വദേശിയായ അക്കിത്തം കവിതകള്‍ മാത്രമല്ല ലേഖനങ്ങളും നാടകവും രചിട്ടിട്ടുണ്ട്. നമ്പൂതിരി സമുദായത്തിന്റെ ഉന്നമനത്തിനും ഉല്‍ക്കര്‍ഷത്തിനും പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം യോഗക്ഷേമസഭയുടെ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. മലയാളത്തിന്റെ കാവ്യ ഭംഗി തുളുമ്പുന്ന നാല്‍പ്പതിലേറെ കൃതികളിലൂടെ മലയാള ഭാഷയില്‍, കവിതാസ്വാദരുടെ മനസില്‍ മഹാകവി പട്ടം ചൂടിയ ആദരണീയനായ അക്കിത്തത്തിന്റെ 'വെളിച്ചം ദു:ഖമാണുണ്ണീ തമസല്ലോ സുഖപ്രദം' (ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം) എന്ന വരികള്‍ ഹൃദിസ്ഥമല്ലാത്ത മലയാളികള്‍ ഉണ്ടാവില്ല.  പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഒറ്റപ്പാലം സാഹിത്യ സദസില്‍ അദ്ദേഹം  ആലപിച്ച ' എങ്ങോട്ടു പോണൂ മുത്യമ്മേ,, ചാത്തുനെ കണ്ടോ കുട്യേളെ 'എന്ന് കവിത ഇന്നും ആസ്വാദകരുടെ ചുണ്ടില്‍ തുളുമ്പുന്നുണ്ടാവും. തത്വചിന്താപരമായ, സാമൂഹിക വിമര്‍ശനാത്മകമായ വീക്ഷണങ്ങളാണ് അദ്ദേഹത്തിന്റെ വരികളില്‍ തുടിച്ചു നില്‍ക്കുന്നത്.

നാടകങ്ങളില്‍ അഭിനയിക്കാനും തല്‍പ്പരനായിരുന്നു അക്കിത്തം. എംആര്‍ബിയുടെ പ്രശസ്ഥമായ മറക്കുടക്കുള്ളിലെ മഹാ നരകം എന്ന നാടകത്തില്‍ അന്തര്‍ജനത്തിന്റെ വേഷമിട്ട അക്കിത്തം ഇടശ്ശേരിയുടെ പ്രസിദ്ധമായ കൂട്ടുകൃഷി എന്ന നാടകത്തില്‍ ശ്രീധരന്‍ നായര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

കേന്ദ്രത്തിന്റെയും കേരളത്തിന്റെയും സാഹിത്യ അക്കാദമി അവാര്‍ഡുകള്‍. ആശാന്‍ പുരസ്‌ക്കാരം, വളളത്തോള്‍ അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, കൃഷ്ണഗീതി പുരസ്‌ക്കാരം, എഴുത്തഛന്‍ പുരസ്‌ക്കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

കോഴിക്കോട് ആകാശവാണിയില്‍ സ്‌ക്രിപ്പ്റ്റ് റൈറ്ററായി വന്ന അക്കിത്തം തൃശ്ശൂര്‍ നിലയത്തില്‍ നിന്നും എഡിറ്ററായിട്ടാണ് പിരിഞ്ഞത്. ആകാശവാണിയില്‍ വയലും വീടും എന്ന പരിപാടി കൈകാര്യം ചെയ്ത അക്കിത്തം അതിന് എത്രയോ കാലം മുമ്പു തന്നെ മലയാളത്തില്‍ കവിതയുടെ നൂറു മേനി കൊയ്യാവുന്ന വയലും ആസ്വാദകരുടെ മനസില്‍ അംഗീകാരത്തിന്റെ മണി മന്ദിരവും സ്വന്തമാക്കിയിരുന്നു.