• 20 Jan 2021
  • 05: 32 AM
Latest News arrow

''എന്നെ വെറുതെ വിടൂ... ഞാനെന്ത് തെറ്റാണ് ചേട്ടാ ചെയ്‌തേ...'' വിലക്കില്‍ ഷെയ്‌നിന്റെ പ്രതികരണം

കൊച്ചി: തന്നെ മലയാള സിനിമയില്‍ നിന്നും നിര്‍മ്മാതാക്കളുടെ സംഘടന വിലക്കിയതിനെതിരെ ആഞ്ഞടിച്ച് നടന്‍ ഷെയ്ന്‍ നിഗം. ദ ക്യൂ എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ്, തന്നെ വിലക്കിയതില്‍ ഷെയ്ന്‍ പ്രതികരിച്ചിരിക്കുന്നത്.

ഷെയ്‌നിന്റെ പ്രതികരണം ഇങ്ങിനെ.....

''എന്താ ചെയ്‌തേ ചേട്ടാ ഞാന്‍... ഞാനിപ്പോ ഇതിനാത്ത് എന്ത് തെറ്റാ ചെയ്‌തേ... ഞാന്‍ ചോദിക്കുമ്പോള്‍ സ്പീഡ് കൂടുതലാണ്.. ഇത്തിരി ദേഷ്യം കൂടുതലാണ്. അതെന്റെ നേച്ചറാണ്. ഞാനിങ്ങനെ ആയിപ്പോയി. ഞാന്‍ ജനിച്ചത് ഇങ്ങിനെയാണ്. ആരോടെങ്കിലും ദേഷ്യമോ വൈരാഗ്യമോ വെച്ചിട്ടല്ല ഞാനിങ്ങനെ സംസാരിക്കുന്നത്. എല്ലാവര്‍ക്കും വന്നിട്ട് കൊട്ടീട്ട് പോകാനുള്ള ചെണ്ടയാണ് ഞാന്‍. ഇതെന്റെ പ്രതിഷേധമാണ് (മുടി വെട്ടിയത്). ഇതെങ്കിലും ഞാന്‍ ചെയ്യേണ്ടേ...

എനിക്കെതിരെ പരാതി കൊടുത്തത് ജോബി ജോര്‍ജും സുബൈറും ക്രിസ്റ്റി കൈതമറ്റവുമാണ്. നിര്‍മ്മാതാക്കളുടെ അസോസിയേഷന്‍ ഇവരെ വിളിച്ചു. ഇവരുടെ ഭാഗം കേട്ടു. ഇവര്‍ പറയുന്നത് മാത്രം കേട്ടുകൊണ്ട് ഒരു തീരുമാനമെടുത്തു. ഇതില്‍ എന്നോട് ആരും ഒന്നും ചോദിച്ചിട്ടില്ല. ഔദ്യോഗികമായി ഒരു ഫോണ്‍ വിളി പോലുമുണ്ടായിട്ടില്ല. 

ഞാന്‍ മീഡിയയോട് പ്രതികരിക്കാത്തതിന് കാരണമുണ്ട്. മിനിഞ്ഞാന്നാണ് എന്റെ ഉമ്മച്ചിയും സുഹൃത്ത് മൈക്കിളും കൂടി പോയിട്ട് ഡിസ്ട്രിബ്യൂട്ടേഴ്‌സിന്റെ ഓഫീസില്‍ ചെന്നിട്ട് സിയാദ് കോക്കര്‍, മഹാ സുബൈര്‍, ആന്റോ ജോസഫ് ഈ മൂന്ന് പേരെ കാണുന്നത്. അപ്പോള്‍ അവര്‍ പറഞ്ഞു. ''നിങ്ങള്‍ മീഡിയയോട് ഒന്നും പറയരുത്. ഞങ്ങള്‍ ഷെയ്‌നിനെ വിലക്കുന്നതിനെപ്പറ്റി ചിന്തിച്ചിട്ട് പോലുമില്ല. നിങ്ങള്‍ പോയി ആ രണ്ട് സിനിമകളും തീര്‍ക്കുക.'' ഞങ്ങള്‍ പറഞ്ഞു, ''ഞങ്ങള്‍ തീര്‍ത്തോളം. ഞങ്ങള്‍ക്ക് ഇങ്ങിനെയൊരു വേദനയുണ്ട്. നിങ്ങള്‍ അത് കേള്‍ക്കണം.'' അപ്പോള്‍ അവര്‍ പറഞ്ഞു. ''അതിനെന്താ ഞങ്ങള്‍ മീറ്റിങ് വെയ്ക്കുന്നുണ്ടല്ലോ. എല്ലാവരെയും കേട്ട ശേഷമേ ഒരു തീരുമാനമെടുക്കൂ. ഞങ്ങള്‍ വിലക്കിനെപ്പറ്റിയൊന്നും ചിന്തിച്ചിട്ട് പോലുമില്ല.'' എന്നാണ് അവര്‍ പറഞ്ഞത്. മാധ്യമങ്ങളോട് ഒന്നും സംസാരിക്കരുതെന്ന കാര്യം അവര്‍ എഴുതി വാങ്ങുകയും ചെയ്തു. 

പിന്നെ മൂന്ന് സിനിമകള്‍ മുടങ്ങിയിരിക്കുകയാണ്. കുറെ സമയം പോയി. കുറേപ്പേരെ തിരിച്ചറിയാന്‍ കഴിഞ്ഞു. നന്ദിയുണ്ട്. 

ഈ ലുക്കില്‍ സിനിമയെടുക്കാന്‍ പറ്റുമെന്ന് കുര്‍ബാനിയുടെ ഡയറക്ടര്‍ പറഞ്ഞിട്ടുണ്ട്. ഇതേ ലുക്കില്‍ പ്ലസ് ടു പോര്‍ഷന്‍ എടുത്തോളാമെന്ന് ശരത് മേനോന്‍ എന്ന ഡയറക്ടറും പറഞ്ഞിട്ടുണ്ട്. ഇതൊക്കെ ഞങ്ങളോട് പറഞ്ഞിട്ടുള്ളതാണ്. അപ്പോ ഡയറക്ടര്‍മാര്‍ക്കല്ല പ്രശ്‌നം. പ്രൊഡ്യൂസര്‍മാര്‍ക്കാണ്. 

എനിക്ക് തോന്നുന്നത് അമ്മ സംഘടനയിലെ ആളുകള്‍ എനിക്ക് വേണ്ടി സംസാരിക്കുമെന്നാണ്. അഭിനേതാക്കളെല്ലാം തന്നെ ഇത്തരത്തിലൊരു അവസ്ഥയിലൂടെ കടന്നുപോയവരൊക്കെയായിരിക്കും. അതുകൊണ്ട് അവര്‍ എനിക്കൊപ്പം നില്‍ക്കുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ.  

ഞാനെന്തിനാ പൈസ തിരിച്ചു കൊടുക്കുന്നേ... ഞാന്‍ ഈ പടം ചെയ്യുന്നില്ലെങ്കിലല്ലേ... പൈസ തിരിച്ചു കൊടുക്കേണ്ടതുള്ളൂ. ഞാന്‍ സിനിമ ചെയ്യില്ലെന്ന് എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ...

വിലക്ക് വന്നു... പക്ഷേ എനിക്ക് വേറെ പണി ചെയ്യാനറിയില്ല. അതുകൊണ്ട് ഇതു തന്നെ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. എങ്ങിനെയാണ് ചേട്ടാ.. എന്നെ വിലക്കാന്‍ പറ്റുന്നത്.. എന്നെ കയ്യും കാലും കെട്ടിയിടാന്‍ പറ്റുമോ...അതാണോ വിലക്ക്. എന്റെ ജോലി ഞാന്‍ ചെയ്യും. ഇത് മാത്രമാണോ പ്ലാറ്റ്‌ഫോം. എന്തോരം പ്ലാറ്റ്‌ഫോമുണ്ട്. ഞാനെന്റെ ജോലി ചെയ്യും. ''

ഷെയ്ന്‍ പറയുന്നു...