• 06 Dec 2019
  • 10: 57 AM
Latest News arrow

''കാലങ്ങളായി അടിഞ്ഞു കൂടി കിടക്കുന്ന പലരും ഐഎഫ്എഫ്‌കെയില്‍ ഉണ്ട്; അവരെയൊക്കെ അടിച്ചു പുറത്തു കളയണം''; ചോല പിന്‍വലിച്ചതില്‍ സനല്‍കുമാര്‍ ശശീധരന്‍

ഇരുപത്തിനാലാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ ചിത്രങ്ങളുടെ തിരഞ്ഞെടുപ്പിനെ വിമര്‍ശിച്ച് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. നിലവാരമില്ലാത്ത തിരഞ്ഞെടുപ്പായതിനാലാണ് തന്റെ ചിത്രം ചോലയെ മേളയില്‍ നിന്ന് പിന്‍വലിച്ചത്. ചിത്രങ്ങളുടെ തിരഞ്ഞെടുപ്പില്‍ പല സംവിധായകരും സിനിമാ പ്രേമികളും അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ടെന്നും സനല്‍ കുമാര്‍ ശശീധരന്‍ പറഞ്ഞു. 

ഐഎഫ്എഫ്‌കെയുടെ അധികാരത്തിലിരിക്കുന്നവര്‍ ആരും തന്നെ ആര്‍ട്ട് സിനിമയുടെയോ സ്വതന്ത്ര സിനിമയുടെയോ വക്താക്കള്‍ അല്ല. അവിടെ ഇരിക്കുന്ന പലരും സിനിമയുടെ വ്യാവസായികമായിട്ടുള്ള സുഖലോലുപത അനുഭവിച്ചിരിക്കാന്‍ താല്‍പ്പര്യം ഉള്ളവരാണ്. അതുകൊണ്ട് തന്നെ ഷാനവാസ് നരണിപ്പുഴയുടെ 'കരി' പോലുള്ള മികച്ച സിനിമകള്‍ വരുമ്പോള്‍ അവര്‍ അര്‍ഹതപ്പെട്ട പരിഗണന കൊടുക്കാതെ അതിനെ തരംതാഴ്ത്തുന്നു. മുമ്പോട്ടുള്ള യാത്ര സുഗമമാവാന്‍ മറ്റെല്ലാ സ്ഥാപനങ്ങളെയും പോലെ ഐഎഫ്എഫ്‌കെയും വൃത്തിയാക്കപ്പെടേണ്ടതുണ്ടെന്നും സനല്‍ കുമാര്‍ ശശീധരന്‍ പറഞ്ഞു. 

കാലങ്ങളായി അടിഞ്ഞു കൂടി കിടക്കുന്ന പലരും ഇവിടെ ഉണ്ട്. അവരെയൊക്കെ അടിച്ചു പുറത്തു കളയണം. ഒരു കാരണവര്‍ തറവാട് നോക്കുന്നത് പോലെയാണ് അവര്‍ ഈ സ്ഥാപനം നടത്തിക്കൊണ്ടുപോകുന്നത്. ജൂറിയുടെ സെക്ഷനിലും സിനിമയുടെ സെക്ഷനിലും പലരുടെയും വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ പ്രകടമാണെന്നും സനല്‍കുമാര്‍ ശശീധരന്‍ പറഞ്ഞു.
 
ഐഎഫ്എഫ്‌കെയുടെ ഈ വര്‍ഷത്തെ മത്സര വിഭാഗത്തില്‍ ചോല ഇടംപിടിച്ചില്ലെങ്കിലും കലൈഡോസ്‌കോപ്പ് വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ പ്രതിഷേധത്തിന്റെ ഭാഗമായി അദ്ദേഹം സിനിമ പിന്‍വലിച്ചു. ഇത് രണ്ടാം തവണയാണ് സംസ്ഥാന അവാര്‍ഡ് ജേതാവ് കൂടിയായ സംവിധായകന്‍ തന്റെ സിനിമ മേളയില്‍ നിന്ന് പിന്‍വലിച്ചിരിക്കുന്നത്. 2016ല്‍ സെക്‌സി ദുര്‍ഗയും പിന്‍വലിച്ചിരുന്നു. 

ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചോല എന്ന ചിത്രം ഡിസംബര്‍ ആറിന് തിയേറ്ററുകളിലെത്തും. നിമിഷയ്ക്ക് മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത ചിത്രം കൂടിയാണ് ചോല.