• 01 Oct 2023
  • 08: 49 AM
Latest News arrow

ഒടുവില്‍ സഞ്ജു ഇന്ത്യന്‍ ടീമില്‍: വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി20യില്‍ ധവാന് പകരക്കാരനാകും

മുംബൈ: പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമൊടുവില്‍ മലയാളി താരം സഞ്ജു വി സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍. സഞ്ജുവിനെ ടീമില്‍ തിരിച്ചെടുത്ത കാര്യം ബിസിസിഐ ഔദ്യോഗികമായി സ്ഥിരീകരിച്ചു. വെസ്റ്റിന്‍ഡീസിനെതിരായ ട്വിന്റി 20 പരമ്പരയ്ക്കുള്ള ടീമിലേക്കാണ് സഞ്ജുവിനെ തിരിച്ചുവിളിച്ചത്. പരുക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന്‍ പരിക്കേറ്റ് മാറി നില്‍ക്കുന്ന സാഹചര്യത്തിലാണ് സഞ്ജുവിന് നറുക്കുവീണത്. 

മൂന്ന് മത്സരങ്ങളാണ് ട്വന്റി20 പരമ്പരയിലുള്ളത്. ഇതില്‍ രണ്ടാം മത്സരം തിരുവനന്തപുരത്താണ്. ഡിസംബര്‍ ആറിന് ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് പരമ്പരയിലെ ആദ്യ മത്സരം. ഡിസംബര്‍ 2ന് തിരുവനന്തപുരത്ത് രണ്ടാം മത്സരവും നടക്കും. മുംബൈ വാംഖഡെയില്‍ 11നാണ് മൂന്നാം മത്സരം. ഡിസംബര്‍ 15 മുതല്‍ ഏകദിന പരമ്പരയ്ക്ക് തുടക്കമാകും. 

സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കിടെയാണ് ഡല്‍ഹി താരമായിരുന്ന ധവാന് മഹാരാഷ്ട്രയ്‌ക്കെതിരായ മത്സരത്തിനിടയില്‍ കാല്‍മുട്ടിനാണ് പരുക്കേറ്റത്. ധവാന് ട്വന്റി20 പരമ്പരയ്ക്ക് വേണ്ടി തിരിച്ചെത്താനാകില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്.

ബംഗ്ലാദേശിനെതിരായ പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയ ശേഷം ഒരു മത്സരത്തില്‍പ്പോലും അവസരം നല്‍കാതെ സഞ്ജുവിനെ തൊട്ടടുത്ത പരമ്പരയില്‍ സിലക്ടര്‍മാര്‍ തഴഞ്ഞിരുന്നു. ഇതിനെതിരെ കടുത്ത വിമര്‍ശനവും പ്രതിഷേധവും ഉയര്‍ന്നു. തുടര്‍ന്നാണ് സഞ്ജുവിനെ ടീമിലെടുത്തത്.