• 09 Dec 2019
  • 03: 42 PM
Latest News arrow

വിജയക്കുതിപ്പ്: കാര്‍ട്ടോസാറ്റ് 3 ഭ്രമണപഥത്തിലെത്തി

ചെന്നൈ: പ്രതിരോധ രംഗത്ത് ഇന്ത്യയുടെ കരുത്ത് വര്‍ധിപ്പിക്കുന്ന കാര്‍ട്ടോസാറ്റ് ഉപഗ്രഹത്തിന്റെ വിക്ഷേപണം വിജയകരം.ഐഎസ്ആര്‍ഒയുടെ ഭൗമനിരീക്ഷണ (റിമോട്ട് സെന്‍സിങ്) ഉപഗ്രഹ ശ്രേണിയിലെ ഒമ്പതാമത്തെ ഉപഗ്രഹമാണ് കാര്‍ട്ടോസാറ്റ്-3. രാവിലെ 9.28ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് പിഎസ്എല്‍വി സി-47 റോക്കറ്റിലായിരുന്നു വിക്ഷേപണം. 27 മിനിറ്റിനുള്ളില്‍ 14 ഉപഗ്രഹങ്ങളെയാണ് റോക്കറ്റ് ഭ്രമണ പഥത്തിലെത്തിച്ചത്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അത്യാധുനിക ഇമേജ് സെന്‍സിങ് ഉപഗ്രഹമായ കാര്‍ട്ടോസാറ്റ് 3 യും അമേരിക്കയുടെ 13 നാനോ ഉപഗ്രഹങ്ങളുമാണ് കാര്‍ട്ടോസാറ്റിനൊപ്പം വിക്ഷേപിച്ചത്. 

ചന്ദ്രയാന്‍ രണ്ടിന് ശേഷം ഐഎസ്ആര്‍ഒയുടെ നിര്‍ണായക ഉപഗ്രഹ വിക്ഷേപണ ദൗത്യമാണിത്. 509 കിലോമീറ്റര്‍ ഉയരെയുള്ള ഭ്രമണപഥത്തിലാണ് കാര്‍ട്ടോസാറ്റിനെ എത്തിക്കുക. വിദൂര സംവേദന ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്-3ന് 1625 കിലോഗ്രാം ആണ് ഭാരം. ഉയര്‍ന്ന റസലൂഷനില്‍ ഭൂമിയുടെ സൂക്ഷ്മമായ ചിത്രങ്ങള്‍ പകര്‍ത്താന്‍ കാര്‍ട്ടോസാറ്റിന് ശേഷിയുണ്ട്. കാലാവധി അഞ്ച് വര്‍ഷം. നഗരാസൂത്രണം, ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനം, തീരദേശ ഭൂവിനിയോഗം, ഭൂവിസ്തൃതി, ദുരന്തനിവാരണം തുടങ്ങിയ മേഖലകളില്‍ മെച്ചപ്പെട്ട വിവര ശേഖരണമാണ് ഉപഗ്രഹത്തിന്റെ ദൗത്യങ്ങള്‍. 

509 കിലോമീറ്റര്‍ ഉയരെ നിന്ന് 97.5 ഡിഗ്രി ചെരിവില്‍ ഭൂസ്ഥിര ഭ്രമണ പഥത്തില്‍ ഭൂമിയെ വലം വെയ്ക്കുന്ന ഉപഗ്രഹത്തില്‍ അത്യാധുനിക ക്യാമറ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.