• 09 Dec 2019
  • 03: 13 PM
Latest News arrow

വീണ്ടും കരാര്‍ ലംഘിച്ച് ഷെയ്ന്‍; താടിയും മുടിയും പറ്റെ വെട്ടി; പ്രതിഷേധമെന്ന് താരം

വെയില്‍ എന്ന ചിത്രത്തിന് നല്‍കിയ കരാര്‍ വീണ്ടും ലംഘിച്ച് നടന്‍ ഷെയ്ന്‍ നിഗം. സിനിമയുടെ കഥാപാത്രത്തിന് അനുയോജ്യമല്ലാത്ത രീതിയില്‍ ഷെയിന്‍ മുടി മുറിച്ചതിനെത്തുടര്‍ന്നുണ്ടായ വിവാദം ഒത്തുതീര്‍പ്പായിരുന്നു. എന്നാല്‍ വീണ്ടും സിനിമയ്ക്ക് യോജിക്കാത്ത രീതിയില്‍ ഷെയ്ന്‍ മുടി മുറിക്കുകയും സിനിമയുടെ ചിത്രീകരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്താണ് താരം വിവാദം കൊഴുപ്പിക്കുന്നത്. ഒരു തവണ ഒത്തുതീര്‍പ്പായ വിഷയം വീണ്ടും ഷെയ്ന്‍ ഊതിക്കത്തിച്ചത് സിനിമയുടെ അണിയറപ്രവര്‍ത്തകരെ മുഴുവന്‍ അമ്പരപ്പിലാഴ്ത്തിയിരിക്കുകയാണ്.

അമ്മ അസോസിയേഷനും നിര്‍മ്മാതാക്കളുടെ സംഘടനയുമായി നടത്തിയ ചര്‍ച്ചയില്‍ വെയില്‍ സിനിമയുമായി സഹകരിക്കുമെന്ന് ഷെയ്ന്‍ ഉറപ്പുനല്‍കിയിരുന്നു. ഇത് ലംഘിച്ചാണ് കഴിഞ്ഞ ദിവസം ചിത്രീകരണത്തിനിടയില്‍ താരം ഇറങ്ങിപ്പോയത്.  തൊട്ടു പിന്നാലെ ഷെയ്ന്‍ താടിയും മുടിയും മുറിച്ചു. പ്രതിഷേധം എന്നെഴുതിയ ഒരു സ്റ്റിക്കര്‍ ഒട്ടിച്ചുകൊണ്ടുള്ള ചിത്രം താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഷെയ്‌നിന്റെ ഭാഗത്ത് നിന്ന് കരാര്‍ ലംഘനമുണ്ടായതിനെ തുടര്‍ന്ന് മലയാള സിനിമയില്‍ താരത്തെ അഭിനയിപ്പിക്കേണ്ടെന്ന് നിര്‍മ്മാതാക്കളുടെ സംഘടന കഴിഞ്ഞ ദിവസം തീരുമാനമെടുത്തിരുന്നു. ഇത് താരസംഘടനയായ അമ്മയെയും അറിയിച്ചിട്ടുണ്ട്.