• 09 Dec 2019
  • 03: 13 PM
Latest News arrow

'അദ്ധ്യാപഹയന്മാരെ' സൂക്ഷിച്ചോളൂ, പാമ്പുകള്‍ എവിടേയും ഉണ്ടാവും....

വയനാട്ടിലെ ബത്തേരി സാര്‍വ്വജന സര്‍ക്കാര്‍ വിദ്യാലയത്തിലെ കൊച്ചുകുട്ടികള്‍ക്ക് ആയിരമായിരം അഭിവാദ്യങ്ങള്‍. തങ്ങളുടെ സഹപാഠിയായ ഒരു പത്തു വയസുകാരി സ്വന്തം ക്ലാസു മുറിയില്‍ പാമ്പുകടിയേറ്റു മരിച്ച സംഭവത്തില്‍ മുതിര്‍ന്നവര്‍ക്ക് പോലും സാധിക്കാത്ത വിധം, അതല്ലങ്കില്‍ മുതിര്‍ന്നവരുടെ കണ്ണു തുറപ്പിക്കും   വിധമാണ് അവര്‍ പ്രതികരിച്ചത്. കണ്ടകാര്യം വിളിച്ചു പറഞ്ഞത്. ഗുരുക്കന്മാരുടെ വീഴ്ച തുറന്നു കാട്ടിയത്.
 ഷെഹല ഷെറീന്റെ മരണം പാമ്പു കടിയേറ്റാണെന്ന് ഉറപ്പുണ്ടായിരുന്ന കുട്ടികള്‍ക്ക് ഷെഹലയെ പെട്ടെന്ന്  ആശുപത്രിയിലെത്തിക്കാന്‍ വിമുഖത കാണിച്ച അദ്ധ്യാപകര്‍ക്കെതിരെയായിരുന്നു അമര്‍ഷം അണ പൊട്ടിയത്.  പാമ്പു കടിച്ചു വെന്ന് ഷെഹല തന്നെ പറഞ്ഞിട്ടും സഹപാഠികള്‍ ഓര്‍മ്മിപ്പിച്ചും കൂട്ടാക്കാതിരുന്ന ചില അദ്ധ്യാപകര്‍ അദ്ധ്യാപക ജോലിക്ക് തന്നെ അപമാനമാണെന്ന് ചാനലുകള്‍ക്ക് മുമ്പില്‍ പൊട്ടിത്തെറിക്കാന്‍ കാണിച്ച ധൈര്യം അപാരമാണ്.  കടിവായില്‍ നിന്നും ചോര ഒലിക്കുന്നത് ചൂണ്ടിക്കാട്ടിയ കുഞ്ഞുങ്ങളോട് അത് കാല് കല്ലില്‍ തട്ടിയതാവും, ആണി തറച്ചതാവും, അട്ട കടിച്ചതാവുമെന്നൊക്കെ ആശ്വസിപ്പിച്ച 

 അദ്ധ്യപഹയന്മാരെ( ഈ വിശേഷണം നല്‍കിയ അധ്യാപകന്‍ കൂടിയായ പ്രശസ്ഥ  കഥാകൃത്ത് അക്ബര്‍ കക്കട്ടിലിന് സ്തുതി)കുട്ടികള്‍ കണക്കിന് കളിയാക്കുന്നുണ്ട്. രക്ഷിതാവ് വരുന്നത് വരേ കാത്തിരുന്നില്ലെങ്കില്‍ പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കാന്‍ സ്‌ക്കൂള്‍ അധികൃതര്‍ തയ്യാറായിരുന്നുവെങ്കില്‍ ഷഹനയുടെ ജീവന്‍ നഷ്ടപ്പെടില്ലായിരുന്നുവെന്ന് ഉറച്ചു വിശ്വസിക്കുന്ന കുട്ടികളുടെ ആക്ഷേപത്തിന് മുന്നില്‍ അരിയാഹാരം കഴിക്കുന്നവരുടെ മനസ് മരവിച്ചു പോകും.

 ക്ലാസില്‍ ധാരാളം മാളങ്ങളുണ്ടെന്നും പുറത്തുനിന്നും ഇഴജന്തുക്കള്‍ക്ക് കടക്കാന്‍ പഴുതുകളുണ്ടെന്നും കുട്ടികള്‍ പറയുന്നു. ക്ലാസ്‌

മുറിയും പരിസരവും കണ്ടവര്‍ക്ക് കുട്ടികള്‍ പറയുന്നത്  നൂറ് ശതമാനം സത്യമെന്ന്  ബോദ്ധ്യപ്പെടും. സ്‌ക്കൂള്‍ പരിസരത്ത് ഇടക്കിടെ പാമ്പുകളെ കാണാറുണ്ടെന്നും ഷഹനയെ കടിച്ചതിന് മുന്നു ദിവസം മുമ്പു പോലും മുറ്റത്ത്  പാമ്പിനെ കണ്ടുവെന്നും ഒരു കുട്ടി സാക്ഷ്യപ്പെടുത്തുന്നുണ്ട്. കുട്ടികള്‍ ഇക്കാര്യം  പലതവണ ശ്രദ്ധയില്‍ പെടുത്തിയിട്ടും പാമ്പു മാളങ്ങള്‍ അടക്കാന്‍ താല്‍പ്പര്യമെടുക്കാതിരുന്ന സ്‌ക്കൂള്‍ അധികൃതരെപ്പറ്റി എന്ത് ധരിക്കണം. ഇവരില്‍ ആരുടേയെങ്കിലും മക്കള്‍ക്കാണ് ഇങ്ങിനെ ഒരനുഭവമുണ്ടായിരുന്നതെങ്കില്‍ എന്തു ചെയ്യുമായിരുന്നുവെന്ന് ഷഹനയുടെ കൂട്ടുകാരിയായ ഒരു പെണ്‍കുട്ടിയുടെ ചോദ്യം ആരുടേയും മനസില്‍ തറച്ചു നില്‍ക്കുമെന്ന് തീര്‍ച്ച.
  അഭിഭാഷക ദമ്പതികളുടെ മകളാണ് ഷഹന. കുട്ടിയുടെ പിതാവ്  വിവരമറിഞ്ഞ് ഓടിയെത്തി ഓട്ടോറിക്ഷയില്‍ മകളെ വാരിയെടുത്ത്  ആശുപത്രിയിലേക്ക് ഓടുന്നത് വരേ ഗുരുഭൂതന്മാര്‍ കാത്തിരിക്കണമായിരുന്നോ.  അവരില്‍ ചിലരുടെ കാര്‍ സ്‌ക്കൂള്‍ കോമ്പൗണ്ടില്‍ ഉണ്ടായിട്ടും അതില്‍ ഏതെങ്കിലും ഒന്നെടുത്ത് കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാമായിരുന്നു. അത് ചെയ്തില്ല.
 ഏറെ തമാശ. കുട്ടികള്‍ക്ക്  പാദരക്ഷകള്‍ ധരിച്ച് ക്ലാസില്‍ പ്രവേശിക്കാന്‍ അനുവാദമില്ലത്ര!  വല്ലവരും നിബന്ധന ലംഘിച്ചാല്‍ പത്ത് രൂപ പിഴയൊടുക്കണമത്രെ.. അതേ അവസരത്തില്‍ അദ്ധ്യാപകര്‍ക്കും അവരുടെ മക്കള്‍ക്കും ചെരിപ്പു ധരിക്കുന്നതില്‍ തടസമില്ല. ഇതൊന്തൊരു  ഏര്‍പ്പാടാണ് മാഷേ.. എന്ന് ചോദിക്കാന്‍ നാവിറങ്ങിപോയോ എന്നാണ്  ഈ മക്കളുടെ രക്ഷിതാക്കളോടും പിടിഎ നേതാക്കളോടും ചോദിച്ചു പോവുക. ഒരു പക്ഷെ കുട്ടികള്‍ക്ക് ക്ലാസ് മുറിയില്‍ ചെരിപ്പിടാന്‍ അനുവാദമുണ്ടായിരുന്നെങ്കില്‍ ഈ ദാരുണമായ സംഭവം നടക്കില്ലായിരുന്നു. 

  സ്‌ക്കൂള്‍ അധികാരികളെ പോലെ തന്നെ  കുട്ടിയുടെ ജീവന്‍ രക്ഷിക്കുന്നതില്‍  പിഴവു വരുത്തിയവരാണ്കുട്ടിയെ പരിശോധിച്ച നാല് ആതുരാലയങ്ങളിലെ ഡോക്ടമാര്‍. ഇതില്‍ രണ്ട് ആശുപത്രികള്‍ സര്‍ക്കാറിന്റെതാണ്. നമ്മുടെ സര്‍ക്കാര്‍ ആശുപത്രികള്‍ ഇങ്ങിനെ മതിയോ എന്ന് ഒരമ്മ കൂടിയായ നമ്മുടെ ആരോഗ്യമന്ത്രി  ശൈലജ ടീച്ചര്‍ ആലോചിക്കണം.
 ഇന്നിപ്പോള്‍ കുറ്റക്കാര്‍ക്ക് എതിരെ നടപടി ഉണ്ടാവുമെന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെ സര്‍വ്വ അധികാരികളും ഉറപ്പു നല്‍കുന്നുണ്ട്. സ്‌ക്കൂളിലെ മൂന്ന് അദ്ധ്യാപകരേയും ബത്തേരി താലൂക്ക് ആശുപത്രിയിലെ ഒരു ഡോക്ടറേയും സസ്പന്‍ഡ് ചെയിട്ടുണ്ട്.  ഇനിയും ഒരു പക്ഷെ ഇത് പോലെ നടപടി പ്രതീക്ഷിക്കാം. ഇവരുടെ പ്രവര്‍ത്തിയില്‍ വീഴ്ചയില്ലെന്ന് സമര്‍ത്ഥിക്കാനും വ്യക്തികളും സംഘടനകളും രംഗത്ത് വന്നേക്കാം.  കുറച്ചു  ദിവസം പിന്നിടുമ്പോള്‍ ആ നടപടികളൊക്കെ അധികൃതരും സമൂഹവും  മറക്കും. നടപടികള്‍ തിരുത്തും. സസ്പന്‍ഷന്‍ കാലത്തെ ശമ്പളത്തോടെ  ജോലിയില്‍ തിരിച്ചുവരും.  അതേ ലാവണത്തില്‍ അതല്ലങ്കില്‍ സ്ഥലമാറ്റത്തോടെ മറ്റൊരിടത്ത്. പാമ്പുകള്‍ എവിടേയും ഉണ്ടാവും

 ഭാവിയില്‍  ഷഹ്‌നയുടെ, അവളുടെ കുടുംബത്തിന്റെ  ദാരുണാനുഭവം ഇനി ആര്‍ക്കും എവിടെയും ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് സാധിക്കട്ടെ. തെറ്റു കണ്ടാല്‍ പ്രതികരിക്കാന്‍,  അതും മുഖം നോക്കാതെ വിളിച്ചു പറയാന്‍ ബത്തേരി സര്‍വ്വജന സ്‌ക്കൂളിലെ പ്രൈമറി വിദ്യാര്‍ത്ഥികള്‍ കാണിച്ച ആര്‍ജവം മുതിര്‍ന്നവര്‍ക്ക് വഴികാട്ടിയാവട്ടെ..