• 04 Oct 2023
  • 07: 25 PM
Latest News arrow

വെനീസിൽ പ്രളയം; നഗരത്തിന്റെ മുക്കാൽഭാഗവും വെള്ളത്തിനടിയിൽ; അടിയന്തരാവസ്ഥ

ഇറ്റലി: ഐക്യരാഷ്ട്ര സഭയുടെ ലോക പൈതൃകകേന്ദ്രങ്ങളുടെ പട്ടികയില്‍ ഇടം നേടിയ ഇറ്റാലിയൻ നഗരമായ വെനീസിൽ അരനൂറ്റാണ്ടിനിടെയുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കം ജനജീവിതം ദുരിതത്തിലാക്കി.  വെനീസ് നഗരത്തിന്റെ മുക്കാല്‍ ഭാഗത്തോളം വെള്ളക്കെട്ടുകളിൽ മുങ്ങി. ഇതേത്തുടർന്ന് വെനീസ് നഗരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഒരാഴ്ചയ്ക്കിടെ വെനീസിലുണ്ടാവുന്ന മൂന്നാമത്തെ വെള്ളപ്പൊക്കമാണിത്. പരിസ്ഥിതി ആഘാതവും കാലാവസ്ഥാ വ്യതിയാനവും ലോകമെങ്ങും രൂക്ഷമാകുന്നതിന്റെ മുന്നറിയിപ്പായാണ് ഈ സ്ഥിതിയെ വിദഗ്ദ്ധർ വിലയിരുത്തുന്നത്.

യൂറോപ്യന്‍ നഗരങ്ങളിലെ  സഞ്ചാരികളുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് വെനീസ്.  മെഡിറ്ററേനിയൻ കടലിന്റെ വടക്കേ അറ്റത്തുള്ള  അഡ്രിയാറ്റിക് കടലിലിലുള്ള നൂറോളം ചെറുദ്വീപുകൾ ചേർന്ന നഗരമാണ് വെനീസ്. റോഡുകൾക്ക് പകരം കനാലുകളാണ് ഈ നഗരത്തിന്റെ ആകർഷണം. കടലിലുണ്ടാവുന്ന കനത്ത വേലിയേറ്റങ്ങളാണ് വെനീസിലെ വെള്ളപ്പൊക്കത്തിന് കാരണം. 150 സെന്റിമീറ്ററിലധികം ഉയരത്തിലുണ്ടാകുന്ന  വേലിയേറ്റങ്ങള്‍ വെനീസിലെ കനാലുകളിൽ വെള്ളമുയർത്തി കനത്ത ഭീഷണി സൃഷ്ടിക്കുന്നു.

മുട്ടോളം വെള്ളത്തിലാണ് ഇപ്പോൾ നഗരവാസികളും സന്ദര്‍ശകരും വെനീസില്‍ സഞ്ചരിക്കുന്നത്. പ്രധാന സന്ദര്‍ശകകേന്ദ്രമായ സെന്റ് മാര്‍ക്ക് സ്‌ക്വയര്‍ താല്‍ക്കാലികമായി അടച്ചിരിക്കുകയാണ്.  കച്ചവടകേന്ദ്രങ്ങളിലും ഹോട്ടലുകളിലും വെള്ളം കയറി.

സന്ദര്‍ശകരെ വെനീസിലേക്ക് ആകര്‍ഷിക്കുന്ന പ്രധാനകാരണം നവോത്ഥാനകാലഘട്ടത്തില്‍ ഉടലെടുത്ത കലകളുടെ സമന്വയമായ ഇവിടത്തെ കെട്ടിടങ്ങളും അവയുടെ നിര്‍മാണരീതിയുമാണ്. എന്നാല്‍ അടിയ്ക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കം  ഈ പൈതൃകനിര്‍മാണങ്ങള്‍ക്ക് കേടുപാട് വരുത്തുന്നു.