• 04 Oct 2023
  • 05: 57 PM
Latest News arrow

സംസ്ഥാന സ്കൂൾ കായികമേള: സീനിയര്‍ വിഭാഗത്തില്‍ സൂര്യജിത്തും ആന്‍സി സോജനും വേഗമേറിയ താരങ്ങൾ; എറണാകുളവും പാലക്കാടും കുതിപ്പ് തുടരുന്നു

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കായിക മേളയിലെ സീനിയര്‍ വിഭാഗത്തില്‍ സൂര്യജിത്തും ആന്‍സി സോജനും വേഗമേറിയ താരങ്ങൾ.

ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തില്‍  പാലക്കാട് ബി.ഇ.എം. ഹയര്‍ സെക്കന്‍ഡറിയിലെ സൂര്യജിത്ത് സൂര്യജിത്ത് 11.023 സെക്കന്‍ഡിൽ ഫിനിഷ് ചെയ്താണ് ഒന്നാം സ്ഥാനത്തെത്തിയത്. തൃശൂര്‍ നാട്ടിക ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആന്‍സി സോജൻ  12.5 സെക്കന്‍ഡില്‍ മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടി മീറ്റിലെ ഏറ്റവും വേഗമേറിയ പെണ്‍കുട്ടിയായി. ആന്‍സിയുടെ രണ്ടാം സ്വര്‍ണ്ണമാണിത്. ലോങ്ജംപിലും ആന്‍സി മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയിരുന്നു.

ആൺകുട്ടികളുടെ വിഭാഗത്തിൽ സായിയിലെ ആകാശ് 11.029 സെക്കന്‍ഡില്‍ വെള്ളിയും പാലക്കാട് കെ.എച്ച്.എസ്. കുമരംപുത്തൂരിലെ മുഹമ്മദ് എസ്.എച്ച്. 11.14 സെക്കന്‍ഡില്‍ വെങ്കലവും നേടി.  പെൺകുട്ടികളുടെ വിഭാഗത്തിൽ ആന്‍ റോസ് ടോം 12.43 സെക്കന്‍ഡില്‍ വെള്ളിയും കോട്ടയം സെന്റ് പീറ്റേഴ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പി.ഡി. അഞ്ജലി 12.50 സെക്കന്‍ഡില്‍ വെങ്കലവും നേടി.

പാലക്കാടിന്റെ ജി താരയാണ് സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടിയത്. കോഴിക്കോടിന്റെ ജെ.എസ്.നിവേദ്യ വെള്ളിയും തിരുവനന്തപുരത്തിന്റെ സ്നേഹ ജേക്കബ് വെങ്കലവും നേടി.

100 മീറ്ററില്‍ ജൂനിയര്‍ ആണ്‍കുട്ടികളില്‍ മലപ്പുറത്തിന്റെ മുഹമ്മദ് ഹനാന്‍ സ്വര്‍ണം സ്വന്തമാക്കി. ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ കോട്ടയം പൂഞ്ഞാര്‍ സ്‌കൂളിലെ സാന്ദ്രമോള്‍ സാബു സ്വര്‍ണം നേടി.

400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മീറ്റ് റെക്കോര്‍ഡോടെയും 400 മീറ്റര്‍ ഓട്ടത്തിലും സ്വർണ്ണം നേടി ഉഷ സ്‌കൂളിലെ പ്രതിഭാ വര്‍ഗീസ് ഇരട്ട സ്വര്‍ണ്ണനേട്ടം കുറിച്ചു.

സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്ററില്‍ 53.82 സെക്കന്‍ഡില്‍ തിരുവനന്തപുരം വെള്ളായണി ശ്രീ അയ്യങ്കാളി സ്മാരക ഗവ. സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി വിഷ്ണു സ്വര്‍ണ്ണം  നേടി.

പോയിന്റ് നിലയിൽ  എറണാകുളമാണ് ഒന്നാം സ്ഥാനത്ത് പാലക്കാട് രണ്ടാം സ്ഥാനത്തും.