• 04 Oct 2023
  • 06: 25 PM
Latest News arrow

ബംഗ്ളാദേശിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഇന്നിങ്‌സ് ജയം

ഇന്‍ഡോര്‍: ബംഗ്ളാദേശിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഇന്നിങ്സിനും 130 റൺസിനുമാണ് ഇന്ത്യ സന്ദർശകരായ അയൽക്കാരെ തറപറ്റിച്ചത്. ടെസ്റ്റിന്റെ മൂന്നാം ദിനം, ടീം ഇന്ത്യ നേടിയ  343 റൺസിന്റെ  ലീഡ് മറികടക്കാനുള്ള ശ്രമത്തിൽ ബംഗ്ലാദേശിന് പത്തു വിക്കറ്റുകളും നഷ്ടമാവുകയായിരുന്നു. 

ഷദ്മാൻ ഇസ്ലാം (6), ഇമ്രുൾ കെയ്സ് (6), മോമിനുൾ ഹഖ് (7), മുഹമ്മദ് മിഥുൻ (18) എന്നിവർ ഉൾപ്പെടുന്ന മുൻനിര ഉച്ചഭക്ഷണത്തിന് മുൻപും  മഹമ്മദുല്ല, (15) ലിറ്റൺ ദാസ് (35), മുഷ്ഫിഖുർ റഹീം (64), മെഹദി ഹസൻ (38), തയ്ജുൽ ഇസ്ലാം (6), എബാദത് ഹൊസൈൻ (1) എന്നിവർ ഉച്ചഭക്ഷണത്തിന് ശേഷവും ഇന്ത്യയ്ക്ക് മുന്നിൽ കീഴടങ്ങി.

നാലു വിക്കറ്റുകൾ സ്വന്തമാക്കിയ മുഹമ്മദ് ഷമിയാണ് രണ്ടാം ഇന്നിങ്സിലും ബംഗ്ലാദേശിനെ എറിഞ്ഞൊതുക്കിയത്. രവിചന്ദ്രൻ അശ്വിൻ മൂന്നും ഉമേഷ് യാദവ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി.  ഇഷാന്ത് ശർമ്മ ഒരു വിക്കറ്റ് സ്വന്തമാക്കി.

വെള്ളിയാഴ്‌ച മായങ്കും (243) രഹാനെയും (86) ജഡേജയും (60*) നടത്തിയ തകര്‍പ്പന്‍ പ്രകടനത്താലാണ് 343 റണ്‍സിന്റെ കൂറ്റന്‍ ലീഡ് ടീം ഇന്ത്യയ്ക്ക് ലഭിച്ചത്.  രണ്ടാം ദിനം ആറു വിക്കറ്റു നഷ്ടത്തില്‍ 493 റണ്‍സ് നേടിയായിരുന്നു   ടീം ഇന്ത്യ കളിയവസാനിപ്പിച്ചത്. ആതിഥേയരുടെ അഞ്ചു വിക്കറ്റുകള്‍ വീഴ്ത്താനേ വെള്ളിയാഴ്ച ബംഗ്ലാദേശ്  ബൗളര്‍മാര്‍ക്ക് കഴിഞ്ഞുള്ളു.