• 01 Oct 2023
  • 08: 05 AM
Latest News arrow

സ്‌കൂള്‍ കായികമേളയ്ക്ക് കണ്ണൂരില്‍ തുടക്കമായി: ആദ്യ സ്വര്‍ണം എറണാകുളത്തിന്

കണ്ണൂര്‍: അറുപത്തിമൂന്നാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് കണ്ണൂരില്‍ തുടക്കമായി. മാങ്ങാട്ടുപറമ്പിലെ കണ്ണൂര്‍ സര്‍വ്വകലാശാല സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കില്‍ അണ്ടര്‍ 19 വിഭാഗത്തില്‍ ആണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടമത്സരമാണ് ആദ്യം നടന്നത്. ഈ ഇനത്തില്‍ എറണാകുളം, കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിലെ അമിത് എന്‍വി സ്വര്‍ണം നേടി.

പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പാലക്കാട് കല്ലടിയുടെ സി ചാന്ദ്‌നിയ്ക്കാണ് സ്വര്‍ണം. ജൂനിയര്‍ ആണ്‍കുട്ടികളുടെ മൂവായിരം മീറ്ററില്‍ പട്ടഞ്ചേരി സ്‌കൂളിലെ ജെ റിജോയും സ്വര്‍ണം നേടി. 400 മീറ്റര്‍ അടക്കം 18 ഇനങ്ങളില്‍ ആദ്യ ദിനം ഫൈനല്‍ നടക്കും. 

വൈകുന്നേരമാണ് ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകള്‍. വൈകിടട് 3.30ന് മന്ത്രി ഇപി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ സി രവീന്ദ്രനാഥ്, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ പങ്കെടുക്കും. ഒളിമ്പ്യന്‍മാരായ പിടി ഉഷ, എംഡി വത്സമ്മ, ബോബി അലോഷ്യസ്, ടിന്റു ലൂക്ക, ജിസ്‌ന മാത്യു, വികെ വിസ്മയയെയും ചടങ്ങില്‍ ആദരിക്കും. 

ചൊവ്വാഴ്ച കായികമേള സമാപിക്കും. ഇതില്‍ യോഗ്യത നേടുന്നവരാണ് പഞ്ചാബില്‍ ഡിസംബര്‍ നാലിന് ആരംഭിക്കുന്ന ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിക്കുക. ശമ്പള വര്‍ദ്ധനവ് അടക്കമുള്ള കാര്യങ്ങള്‍ ഉന്നയിച്ച് ഒരു വിഭാഗം കായികാധ്യാപകര്‍ പ്രതിഷേധിക്കുന്ന സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.