• 08 Jun 2023
  • 06: 26 PM
Latest News arrow

കവിതയിലെ നിത്യനിര്‍മലപൗര്‍ണമി

'നമ്മള്‍ ജയിക്കും, ജയിക്കുമൊരുദിനം
നമ്മളൊറ്റയ്ക്കല്ല! നമ്മളാണീ ഭൂമി!' (ദിനാന്തം)

മലയാളകവിതയിലെ അനശ്വരധാരാപ്രവാഹമാണ് ഒ എന്‍ വി കവിതകള്‍. മാനവികതയുടെ മൊഴിമുത്തുകള്‍, കാലത്തിന്റേയും ദേശത്തിന്റേയും സംസ്‌കാരത്തിന്റേയും വീണ്ടെടുപ്പുകളാണ്. മാനവികത കവിക്ക് സന്ദേശമല്ല, കവിതയിലെ ആഹ്വാനങ്ങളുമല്ല, വാക്കിന്റെ ദുഷ്‌ക്കര വിപിനങ്ങളിലേക്ക് ദൂതിനയച്ച പക്ഷികളാണ്. പറക്കാനാകാശവും ശ്വസിക്കാന്‍ വായുമില്ലാതെ അലയുന്ന കവിതകളല്ല, ഇനിയുമൊരായിരം വാതായനങ്ങള്‍ തുറക്കുന്ന മനുഷ്യഗാഥകളാണ്. മാനവികതയുടെ തളിരുമിതളും മനുഷ്യത്വത്തിന്റെ മഹത്ചരിതങ്ങളാണ്.

കൊഴിഞ്ഞുപോയ മഹാകവികളുടെ വംശത്തില്‍ ബാക്കിയായവന്‍. കവിക്ക് വാക്കുകള്‍ തേന്‍തുള്ളികളും തീപ്പന്തങ്ങളുമായി, വിപ്ലവം കാല്പനികതയും കടന്ന് റിയലിസമായി. ഉള്ളിലെയോരോ അണുവില്‍ നിന്നും ജ്വലിച്ചുയര്‍ന്ന ശുക്രനക്ഷത്രമായി. ഉദിയ്ക്കാനൊരാകാശവും ശ്വസിക്കാനിത്തിരി ശ്വാസവും കാത്തിരുന്നവര്‍ക്ക് അത്താണിയായി. കവിത നാളെയുടെ പാട്ടുകള്‍ ഉറക്കെയുറക്കെ പാടിക്കൊണ്ടേയിരുന്നു, നാണയം കൊതിക്കാത്ത സ്വാതന്ത്ര്യഗാഥകള്‍. മഹത്ചരിതങ്ങള്‍ മനുഷ്യചരിതങ്ങള്‍ തന്നെയെന്നും മനുഷ്യമതം അതിലേക്കുള്ള വഴിയെന്നുമുള്ള പ്രഖ്യാപനങ്ങള്‍..

സഹസ്രപൂര്‍ണ്ണിമയുടെ സൗവര്‍ണദീപ്തിയില്‍ കവിതയിലെ നിത്യനിര്‍മലപൗര്‍ണമിക്ക് ശതകോടിപ്രണാമം