• 04 Jul 2020
  • 06: 03 PM
Latest News arrow

ആള്‍ക്കൂട്ട ആക്രമണം: മലപ്പുറത്ത് യുവാവ് ആത്മഹത്യ ചെയ്തു; പെണ്‍സുഹൃത്തും വിഷം കഴിച്ചു

മലപ്പുറം: കോട്ടയ്ക്കലില്‍ ആള്‍ക്കൂട്ട ആക്രമണത്തിനിരയായ യുവാവ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. പുതുപ്പറമ്പ് പൊട്ടിയില്‍ വീട്ടില്‍ ഹൈദരലിയുടെ മകന്‍ ഷാഹിര്‍ (22) ആണ് ആത്മഹത്യ ചെയ്തത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. 

ഒരു യുവതിയുമായി പ്രണയത്തിലായിരുന്നു ഷാഹിര്‍. ഷാഹിര്‍ ആത്മഹത്യ ചെയ്തതിന് പിന്നാലെ ഈ യുവതിയും വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ നില അതീവഗുരുതരമായി തുടരുകയാണ്. 

യുവതിയുടെ ബന്ധുക്കള്‍ ഷാഹിറിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു. ഇതില്‍ മനംനൊന്താണ് യുവാവ് ആത്മഹത്യ ചെയ്തതെന്ന് ഷാഹിറിന്റെ ബന്ധുക്കള്‍ ആരോപിച്ചു. അനില്‍ ഷിബിലിന്റെ പരാതിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 

ഞായറാഴ്ച വൈകുന്നേരം ബൈക്കില്‍ പോവുകയായിരുന്ന ഷാഹിറിനെ യുവതിയുടെ ബന്ധുക്കള്‍ ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. വിവരം അറിഞ്ഞ് അമ്മ ഷൈലജയോടൊപ്പം സ്ഥലത്തെത്തിയ അനുജന്‍ ഷിബിലിനെയും അവര്‍ മര്‍ദ്ദിച്ചു. രാത്രി ഒമ്പത് മണി മുതല്‍ പന്ത്രണ്ടുമണി വരെ മര്‍ദ്ദിച്ചതായാണ് പരാതി. മൊബൈല്‍ ഫോണ്‍ കൈക്കലാക്കിയെന്നും പരാതിയില്‍ പറയുന്നു. 

പിന്നീട് വീട്ടിലെത്തിയ ഷാഹിര്‍ വധഭീഷണിയുണ്ടെന്ന് പറഞ്ഞ് എല്ലാവരുടെയും മുമ്പില്‍ വെച്ച് വിഷമെടുത്ത് കുടിക്കുകയായിരുന്നുവെന്ന് ബന്ധു പറയുന്നു. ഉടനടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചയോടെ മരിക്കുകയായിരുന്നു. 

 

Editors Choice