ഏഷ്യന്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പ്: സൗരഭ് ചൗധരിക്ക് വെള്ളി; ഷൂട്ടിങ്ങിൽ 15 ഒളിമ്പിക്സ് ക്വാട്ടയുമായി ഇന്ത്യ

ദോഹ: ദോഹയില്‍ നടക്കുന്ന പതിനാലാമത് ഏഷ്യന്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ഷൂട്ടർ സൗരഭ് ചൗധരി വെള്ളിമെഡല്‍ നേടി. പുരുഷന്മാരുടെ 10 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് സൗരഭിന്റെ നേട്ടം. ഫൈനലില്‍ ചൗധരി 244.5 സ്കോര്‍ നേടി. 246.5 എന്ന സ്കോറിൽ ലോക റെക്കോര്‍ഡോടെ നോര്‍ത്ത് കൊറിയയുടെ കിം സോങ് ഗുക്കിനാണ് സ്വര്‍ണം. 221.8 സ്കോറില്‍ ഇറാന് താരം ഫൊറോഗി ജാവേദ് വെങ്കലവും സ്വന്തമാക്കി.
ഇതേ ഇനത്തില്‍ മത്സരിച്ച ഇന്ത്യയുടെ അഭിഷേക് വര്‍മ 181.5 സ്കോര്‍ നേടി അഞ്ചാം സ്ഥാനത്താണ് എത്തിയത്. അഭിഷേക് വര്‍മയും സൗരഭ് ചൗധരിയും അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ടോക്യോ ഒളിമ്പിക്സിലേക്ക് നേരത്തെ തന്നെ യോഗ്യത നേടിയിട്ടുണ്ട്. ദോഹയിലെ മികച്ച പ്രകടനത്തോടെ ഇന്ത്യയുടെ കൗമാരതാരം ഐശ്വര്യ പ്രതാപ് സിങ് തൊമാറും ടോക്യോ ഒളിമ്പിക്സിന് യോഗ്യത നേടിയിട്ടുണ്ട്. പുരുഷന്മാരുടെ 50 മീറ്റര്‍ 3 പൊസിഷന്‍ വിഭാഗത്തില്‍ വെങ്കലം നേടിയാണ് ഐശ്വര്യ യോഗ്യത ഉറപ്പിച്ചത്.
ഇന്ത്യ ഇതുവരെയായി 15 ഒളിമ്പിക്സ് ക്വാട്ട സ്വന്തമാക്കിയിട്ടുണ്ട്. ഇതാദ്യമായാണ് ഇത്രയും ഷൂട്ടര്‍മാര്‍ ഒരുമിച്ച് ഒളിമ്പിക്സിന് യോഗ്യത നേടുന്നത്.