• 06 Dec 2019
  • 11: 34 AM
Latest News arrow

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം; ഇന്നും തിരക്കിട്ട ചര്‍ച്ചകള്‍; സമവായമില്ലെങ്കില്‍ രാഷ്ട്രപതി ഭരണം

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം പ്രതിസന്ധിയില്‍ തുടരുന്നു. ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച എന്‍സിപിയ്ക്ക് ഇതുവരെ ഒരു അന്തിമ തീരുമാനത്തിലെത്താന്‍ സാധിച്ചിട്ടില്ല. ഇന്ന് കോണ്‍ഗ്രസ് നേതാക്കളുമായി എന്‍സിപി ചര്‍ച്ച നടത്താനിരിക്കുകയാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉള്‍പ്പെടെയുള്ളവര്‍ ഇന്ന് മുംബൈയിലെത്തും. 

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയ്ക്ക് ഗവര്‍ണര്‍ സമയം നീട്ടിനല്‍കിയിരുന്നില്ല. അതിനാല്‍ എത്രയും പെട്ടെന്ന് ഒരു നീക്കുപോക്കുണ്ടാക്കാനുള്ള തത്ത്രപ്പാടിലാണ് ശിവസേന. എന്‍ഡിഎയുമായുള്ള ബന്ധം തത്വത്തില്‍ ഉപേക്ഷിച്ച ശിവസേനയ്ക്ക് ഇനി എന്‍സിപിയുമായി സഹകരിക്കുകയേ നിവര്‍ത്തിയുള്ളൂ. ഇന്നലെ വൈകിട്ട് ശരത് പവാറുമായി ഉദ്ധവ് താക്കറെ മൂന്ന് തവണ ഫോണില്‍ സംസാരിച്ചിരുന്നു.

കോണ്‍ഗ്രസ് പിന്തുണയോടെ എന്‍സിപിയും ശിവസേനയും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യതയാണ് മുമ്പിലുള്ളത്. അല്ലെങ്കില്‍ ശിവസേനയുടെ പിന്തുണയോടെ എന്‍സിപിയും കോണ്‍ഗ്രസും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കണം. ആദ്യത്തെ സാധ്യതയാണെങ്കില്‍ ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കി പ്രധാന സ്ഥാനങ്ങളെല്ലാം എന്‍സിപി കൈക്കലാക്കും. അധികാരത്തിന്റെ ചരട് ശരത് പവാര്‍ നിയന്ത്രിക്കും. 

എന്നാല്‍ എന്‍സിപിയ്ക്ക് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഗവര്‍ണര്‍ കോണ്‍ഗ്രസിനെ ക്ഷണിക്കും. അവര്‍ക്കും സാധിച്ചില്ലെങ്കില്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്യാനാണ് സാധ്യത.