• 09 Dec 2019
  • 03: 14 PM
Latest News arrow

തിരുവനന്തപുരത്ത് ഗര്‍ഭിണിയായ പൂച്ചയെ തൂക്കിക്കൊന്നു; പൊലീസ് കേസെടുത്തു

വഞ്ചിയൂര്‍: തിരുവനന്തപുരം പാല്‍ക്കുളങ്ങരയില്‍ ഗര്‍ഭിണിയായ പൂച്ചയെ കെട്ടിത്തൂക്കി കൊന്നു. അവിടെയുള്ള ഒരു ക്ലബിലാണ് ഹൃദയം നുറുങ്ങുന്ന കൊലപാതകം നടന്നത്. ക്ലബിലെത്തിയ ആളുകളിലാരോ മദ്യാപനത്തിന് ശേഷം പൂച്ചയെ തൂക്കിക്കൊല്ലുകയായിരുന്നുവെന്നാണ് ആരോപണം. മൃഗാവകാശ പ്രവര്‍ത്തകരുടെ പരാതിയില്‍ വഞ്ചിയൂര്‍ പൊലീസ് കേസെടുത്തു. മൃഗാവകാശ പ്രവര്‍ത്തകരായ പാര്‍വ്വതി മോഹന്‍, ലത ഇന്ദിര എന്നിവരുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സെക്ഷന്‍ 429 പ്രകാരം മൃഗങ്ങളെ ഉപദ്രവിക്കുകയും കൊല്ലുകയും ചെയ്തതിനും സെക്ഷന്‍ 268 പ്രകാരം പൊതുശല്യത്തിനുമാണ് കേസെടുത്തിരിക്കുന്നത്. പൂച്ചയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

ക്ലബില്‍ മദ്യപാനവും ചീട്ടുകളിയും പതിവായിരുന്നു. ഇവയ്ക്കായി കഴിഞ്ഞ ദിവസം ക്ലബിലെത്തിയവരാണ് പൂച്ചയോട് ക്രൂരത കാട്ടിയത്. സംഭവമറിഞ്ഞെത്തിയ മൃഗാവകാശ പ്രവര്‍ത്തക പാര്‍വ്വതി മോഹന്‍, ചിത്രമടക്കം ഇക്കാര്യം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു. പൊലീസിനെ വിവരമറിയിച്ചെങ്കിലും അവര്‍ ആദ്യം കേസെടുക്കാന്‍ തയ്യാറായില്ലെന്ന് പാര്‍വ്വതി ആരോപിച്ചു. ഇത്തരം ദുഷ്പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ അവരുടെ സന്തോഷത്തിനായി എന്തും ചെയ്യാന്‍ മടിക്കില്ലെന്നും പാര്‍വ്വതി ആരോപിക്കുന്നു.