• 04 Jul 2020
  • 06: 29 PM
Latest News arrow

''മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറാകാതിരിക്കാന്‍ ഞാന്‍ പഠിച്ച പണി പതിനെട്ടും നോക്കി''- ടിഎന്‍ ശേഷന്‍

''മനുഷ്യനെന്ന ജീവിവര്‍ഗത്തിലെ തലമുതിര്‍ന്ന ഒരു ഇനമായ പാലക്കാട് ബ്രാഹ്മണരില്‍ നിന്നാണ് ഞാന്‍ വരുന്നത്. 92 ഗ്രാമങ്ങള്‍ ഉള്‍പ്പെടുന്ന അഗ്രഹാരത്തില്‍ വസിക്കുന്ന അവര്‍, ദേഹണ്ണക്കാര്‍, വക്രബുദ്ധികള്‍, സിവില്‍ സര്‍വ്വീസ് ഉദ്യേഗസ്ഥര്‍, സംഗീതജ്ഞര്‍ എന്നീ നാല് വിഭാഗങ്ങളില്‍പ്പെടുന്നു. ഇതിലെല്ലാം പെടുന്നയാളാണ് ഞാന്‍. ചെറിയ രീതിയില്‍ പാചകം ചെയ്യും, വക്രബുദ്ധിക്കാരനാണ്, സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനായിരുന്നു, എനിക്ക് പാട്ട് പാടാനറിയില്ലെങ്കിലും അത് നന്നായി ആസ്വദിക്കാനറിയാം.

എന്റെ അച്ഛന്‍ സാധാരണ മധ്യവര്‍ഗ കുടുംബത്തില്‍പ്പെട്ടയാളാണ്. അദ്ദേഹം സ്വന്തം നിലയില്‍ പഠിച്ച് ഒരു അഭിഭാഷകനായി പാലക്കാട്ട് തന്നെ പ്രാക്ടീസ് നടത്തി. സിവില്‍ കേസുകളായിരുന്നു അദ്ദേഹം വാദിച്ചിരുന്നത്. ആറ് മക്കളായിരുന്നു അദ്ദേഹത്തിന്. അവരില്‍ ഏറ്റവും ഇളയവനാണ് ഞാന്‍. എനിക്ക് ഒരു ചേട്ടനും നാല് ചേച്ചിമാരുമാണുള്ളത്. എന്റെ ചേട്ടനും സിവില്‍ സര്‍വ്വീസിലാണ്. 

എനിക്ക് രണ്ട് ജനന തിയതികളാണുള്ളത്. 1933 മെയ് 15നാണ് ഞാന്‍ ജനിച്ചത്. എന്നാല്‍ ഔദ്യോഗിക രേഖകളിലെല്ലാം എന്റെ ജനനതിയതി  1932 ഡിസംബര്‍ 15 എന്നാക്കി മാറ്റി. സ്‌കൂളില്‍ പ്രവേശനം ലഭിക്കാനായിരുന്നു ഈ മാറ്റം. 

1937നോ 1938 നോ മറ്റോ ആണ് ഞാന്‍ പാലക്കാട് ബേസല്‍ ഇവാഞ്ചലിക്കല്‍ സ്‌കൂളില്‍ ചേര്‍ന്നു. 1947ല്‍ എന്റെ സ്‌കൂള്‍ ജീവിതത്തിലെ അവസാന പരീക്ഷ ഞാന്‍ എഴുതി, അതും രണ്ട് തവണ. രണ്ട് വര്‍ഷം കഴിഞ്ഞ് ഗവണ്‍മെന്റ് വിക്ടോറിയ കോളേജില്‍ നിന്നുള്ള അവസാന പരീക്ഷയും എനിക്ക് രണ്ടു തവണയെഴുതേണ്ടി വന്നു. ഇപ്പോള്‍ നിങ്ങള്‍ക്ക് എന്റെ ബുദ്ധിയുടെ നിലവാരത്തെക്കുറിച്ച് സംശയമുയരുന്നുണ്ടാകും. എന്നാല്‍ സത്യമെന്താണെന്ന് വെച്ചാല്‍ ആ രണ്ട് വര്‍ഷവും ചോദ്യപേപ്പര്‍ ചോര്‍ന്നിരുന്നു. ഇതുമൂലമാണ് എനിക്ക് രണ്ട് തവണ പരീക്ഷയെഴുതേണ്ടി വന്നത്. എനിക്ക് എല്ലാ പരീക്ഷയിലും മുഴുവന്‍ മാര്‍ക്ക് ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ എഞ്ചിനിയറിങ്ങിന് ചേരാന്‍ കഴിയുമെന്ന നല്ല ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു. 

അങ്ങിനെ എഞ്ചിനിയറിങ്ങിനുള്ള അഭിമുഖത്തിന് ഞാന്‍ പോയി. അന്ന് ഉന്നത ജാതി, താഴ്ന്ന ജാതി എന്ന വേര്‍തിരിവ് നല്ലതുപോലെയുണ്ടായിരുന്നു. അത് അഭിമുഖത്തിലും പ്രകടമായി. എഞ്ചിനിയറിങ്ങ് പ്രവേശനത്തിനുള്ള അഭിമുഖത്തില്‍ എന്നോട് ചോദിച്ച ചോദ്യം 'ശിവാജി ഗണേശനെ അറിയുമോ' എന്നായിരുന്നു. അറിയും എന്ന് ഞാന്‍ പറഞ്ഞു. അതോടെ സീറ്റ് കിട്ടുമെന്ന് എനിക്ക് ഉറപ്പായി. തുടര്‍ന്നുള്ള ചോദ്യം 'അദ്ദേഹം എത്ര സിനിമയില്‍ അഭിനയിച്ചുവെന്നായിരുന്നു.'' അതിനുള്ള ഉത്തരം എനിക്കറിയില്ലായിരുന്നു. അങ്ങിനെ ഞാന്‍ എഞ്ചിനീയറിങ്ങിനുള്ള അഭിമുഖത്തില്‍ തോറ്റുപോയി. എനിക്ക് സീറ്റ് കിട്ടിയില്ല. 

അവസാനം ഞാന്‍ മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ ചേര്‍ന്ന് ഫിസിക്‌സിന് ബിരുദമെടുത്തു. ബിരുദ പരീക്ഷയില്‍ എനിക്ക് നല്ല മാര്‍ക്കുണ്ടായിരുന്നു. അതിനാല്‍ പ്രിന്‍സിപ്പാള്‍ എനിക്ക് അതേ കോളേജില്‍ തന്നെ അധ്യാപക ജോലി തന്നു. 1953ല്‍ ഞാന്‍ പൊലീസ് സര്‍വ്വീസ് പരീക്ഷയെഴുതി പാസായി. പക്ഷേ ഞാന്‍ സര്‍വ്വീസില്‍ ചേര്‍ന്നില്ല. 1954ല്‍ ഐഎഎസ് പരീക്ഷയെഴുതി. 1955ല്‍ ഐഎഎസ് കിട്ടി ഞാന്‍ മദ്രാസ് കേഡറില്‍ ചേര്‍ന്നു. 

ഐഎഎസ് ജീവിതം തുടങ്ങി ആദ്യ ആഴ്ചയില്‍ തന്നെ എനിക്ക് ഒരു മന്ത്രിയുമായി കാറില്‍ യാത്ര ചെയ്യവേ, ഉടക്കേണ്ടി വന്നു. മന്ത്രി എന്നോട് എന്തോ ചെയ്യാന്‍ പറഞ്ഞു. ''നന്ദി, ഞാന്‍ ചെയ്യില്ല'' എന്നായിരുന്നു എന്റെ മറുപടി. ഇതോടെ അദ്ദേഹം എന്നെ കാറില്‍ നിന്ന് വഴിയിലെവിടെയോ ഇറക്കി വിട്ടു. അവിടെ മണിക്കൂറോളോളം ഒരു മരത്തിന് കീഴില്‍ ഒരു വണ്ടിയ്ക്കായി കാത്തു നിന്നത് ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു. അവസാനം ഒരു ജീപ്പുകാരന്‍ വന്ന് എന്നോട് ദയ തോന്നി എന്നെ കയറ്റിക്കൊണ്ടുപോയി. 

1962 ജൂണ്‍ രണ്ടിന് ഞാന്‍ ഗ്രാമവികസന വകുപ്പില്‍ ജോലി ചെയ്യുകയായിരുന്നു. എന്റെ മേധാവിയായ ജോയിന്റ് ഡെവലപ്‌മെന്റ് കമ്മീഷ്ണര്‍ തികഞ്ഞ രാഷ്ട്രീയ ചായ്‌വുള്ള വ്യക്തിയായിരുന്നു. അദ്ദേഹവുമായി ഞാന്‍ പലകാര്യങ്ങളിലും ഒത്തുപോയില്ല. അതുകൊണ്ട് ഞാന്‍ ലീവ് എടുക്കുകയാണെന്ന് അദ്ദേഹത്തോട് പറഞ്ഞു. തന്‍മൂലം ചീഫ് സെക്രട്ടറി എന്നോട് ദേഷ്യപ്പെട്ടു. തുടര്‍ന്ന് അടുത്ത നാലഞ്ച് മണിക്കൂറ് കൊണ്ട് ഞാന്‍ നാലഞ്ച് പോസ്റ്റുകളിലേക്ക് മാറ്റപ്പെട്ടു. 10 മണിയ്ക്ക് ഞാന്‍ റൂറല്‍ ഡെവലപ്‌മെന്റിലായിരുന്നു. 11 മണിയ്ക്ക് ഫിനാന്‍സിലേക്ക് മാറ്റി. 11.30 സ്‌മോള്‍ സേവിങ്ങിസിലേക്കിട്ടു. 12 മണിയ്ക്ക് അഗ്രികള്‍ച്ചറില്‍. 2 മണിയായപ്പോള്‍ സോഷ്യല്‍ വെല്‍ഫെയര്‍. ഞാന്‍ തിരിച്ച് വീട്ടിലെത്തിയത് വനിതാ ക്ഷേമ വകുപ്പിന്റെ ഡയറക്ടറായിട്ടാണ്. ഇതെല്ലാം ജീവിതത്തിന്റെ ഭാഗമാണെന്ന് കരുതുന്നു.

1990ല്‍ ചന്ദ്രശേഖര്‍ സര്‍ക്കാരിന്റെ കാലത്താണ് ഞാന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറാകുന്നത്. 90 മുതല്‍ 96ല്‍ സര്‍വ്വീസില്‍ വിരമിക്കുന്നതുവരെ ഞാന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ജോലി ചെയ്തു. 

ഞാന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായത് മനസ്സില്ലാ മനസ്സോടെയാണ്. ആ സമയത്ത് കാര്യമായ ജോലിയൊന്നുമില്ലാത്ത ഒരു വകുപ്പിലായിരുന്ന ഞാന്‍ ജോലി ചെയ്തിരുന്നത്. എന്നെ ആ പദവിയില്‍ നിയമിച്ച പ്രധാനമന്ത്രി ചന്ദ്രശേഖറിനോട് എനിക്ക് ആ ജോലിയില്‍ താല്‍പ്പര്യമില്ലെന്ന് ഞാന്‍ പറഞ്ഞിരുന്നു. കാരണം, എനിക്ക് തെരഞ്ഞെടുപ്പിന് നേതൃത്വം വഹിച്ച് പരിചയമില്ലായിരുന്നു. രാജീവ് ഗാന്ധി അടക്കം, എന്നെ പരിയമുള്ളവരോടും കുടുംബത്തില്‍പ്പെട്ടവരോടുമെല്ലാം ഈ ജോലി സ്വീകരിക്കണമോയെന്ന് ഞാന്‍ ആരാഞ്ഞെങ്കിലും അവരൊക്കെയും വേണ്ടെന്നാണ് പറഞ്ഞത്. എന്റെ ശാസ്ത്രജ്ഞനായ അമ്മായിയപ്പന്റെ ജ്യോതിഷിയും ഈ ജോലി ഞാന്‍ സ്വീകരിച്ചാല്‍ മുള്‍സിംഹാസനത്തില്‍ ഇരിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കി. അവസാനം പ്രാഞ്ചിയിലെ ആചാര്യനോടും ഞാന്‍ ഉപദേശം തേടി. അദ്ദേഹം പറഞ്ഞു ''ഈ ജോലി സ്വീകരിക്കുക, ഇത് അന്തസ്സുള്ള ജോലിയാണ്'' എന്ന്. അങ്ങിനെ അദ്ദേഹത്തിന്റെ വാക്ക് കേട്ടാണ് ഞാന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറാകുന്നത്. 

എന്നാല്‍ ഒരു മാസം കഴിഞ്ഞതോടെ ഈ ജോലി എനിക്ക് മടുത്തു. ഞാന്‍ പ്രധാനമന്ത്രിയോട് ചെന്ന് എനിക്ക് ഈ ജോലി വേണ്ടെന്ന് പറഞ്ഞു. അദ്ദേഹം ചോദിച്ചു, ''ഒരു മാസം കൊണ്ട് നിനക്ക് എങ്ങിനെ തീരുമാനിക്കാന്‍ കഴിയും'' എന്ന്. ഒരു മാസം കഴിഞ്ഞ് വീണ്ടും ഞാന്‍ അദ്ദേഹത്തിന്റെ അടുത്ത് ചെന്നു. അപ്പോള്‍ അദ്ദേഹം ''തെരഞ്ഞെടുപ്പ് വരികയാണ്, ഈ സമയത്ത് നിനക്ക് ഇതില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ കഴിയുകയില്ല'' എന്ന് പറഞ്ഞു. അങ്ങിനെ അവസാനം മനസ്സിലാ മനസ്സോടെ ഞാന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി. 

തെരഞ്ഞെടുപ്പ് കമ്മീഷന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കുക എന്നതായിരുന്നു എന്റെ പ്രഥമ പരിഗണന. ഭരണഘടനയുടെ ഉപജ്ഞാതാക്കളും പൂര്‍ണ സ്വാതന്ത്ര്യമുള്ള ഒരു തെരഞ്ഞെടുപ്പ് കമ്മീഷനെയാണ് സ്വപ്‌നം കണ്ടിരുന്നതും ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തിരുന്നതും. എന്നാല്‍ എഴുതപ്പെട്ടത് ഒന്ന് പ്രാവര്‍ത്തികമായത് മറ്റൊന്ന്. ഒരു ബുക്ക് വാങ്ങാന്‍ 30 രൂപയ്ക്ക് വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ സര്‍ക്കാരിനോട് കെഞ്ചേണ്ട നാളുകളായിരുന്നു അത്. അതായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരമാധികാരം. സര്‍ക്കാരിന്റെ ആജ്ഞാനുവര്‍ത്തിയായിട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിച്ചിരുന്നത്. തെരഞ്ഞെടുപ്പ് തിയതികള്‍ പോലും സര്‍ക്കാര്‍ തീരുമാനിക്കും, തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിക്കും. നിയമമന്ത്രിയുടെ മുറിയുടെ വാതില്‍ക്കല്‍ അദ്ദേഹത്തെ കാണാന്‍ നില്‍ക്കുന്ന നിരവധിപ്പേരുടെ കൂട്ടത്തില്‍ നില്‍ക്കേണ്ടി വന്നിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്ക്. ഞാന്‍ പറഞ്ഞു... ''എന്നെ അതിന് കിട്ടില്ല.'' 

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍, ഗവണ്‍മെന്റ് ഓഫ് ഇന്ത്യ... എന്നാണ് എല്ലാ രേഖകളിലും എഴുതിയിരുന്നത്. എന്നാല്‍ ഞാന്‍ അത് തിരുത്തി. ഞാന്‍ സര്‍ക്കാരിന്റെ ഭാഗമാണ്, പക്ഷേ, സര്‍ക്കാരിന്റേതോ സര്‍ക്കാരിന് കീഴിലോ അല്ല. ആരുടെയും ആജ്ഞാനുവര്‍ത്തിയുമല്ല. സര്‍ക്കാര്‍ സംവിധാനങ്ങളില്‍പ്പെട്ട ഒന്നിന്റെ ഭാഗമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രപതിയുടെ മുകളിലല്ല, പക്ഷേ ഭരണഘടന പ്രകാരം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അവസാന വാക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റേത് തന്നെയാണ്. എന്റെ ഈ നിലപാട് പലര്‍ക്കും അതൃപ്തിയുണ്ടാക്കി. അതുവരെ തെരഞ്ഞെടുപ്പുകള്‍ ഒരു തമാശയായിരുന്നു, അതിന് ചെലവാക്കുന്ന തുക തമാശയായിരുന്നു, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഒരു തമാശയായിരുന്നു. ഈ തമാശകളൊക്കെയും മാറ്റാനായിരുന്നു പിന്നീടുള്ള എന്റെ ശ്രമങ്ങളെല്ലാം. 

തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ചാര്‍ജെടുത്ത ഞാന്‍ ആദ്യം ചെയ്തത് അവിടെയുണ്ടായിരുന്ന ദൈവങ്ങളുടെ രൂപങ്ങള്‍ മാറ്റുകയായിരുന്നു. ചെറുപ്പം മുതല്‍ ഗീത വായിക്കുകയും അതില്‍ നിന്ന് മൂല്യങ്ങള്‍ ആര്‍ജിക്കുകയും ചെയ്ത ആളാണ് ഞാന്‍. എന്നാല്‍ എനിക്ക് ആത്മീയത എന്ന് പറഞ്ഞാല്‍ പ്രകടനമല്ല. അമ്പലത്തില്‍ പോകാതെയും നമ്മുക്ക് ആത്മീയതയില്‍ ചരിക്കാന്‍ കഴിയും. നീ ആയിരിക്കുന്ന ഇടങ്ങളില്‍ നിനക്ക് ദൈവത്തിലായിരിക്കാന്‍ സാധിക്കും. 

എന്റെ ജീവിതത്തില്‍ ഞാന്‍ എന്റെ സ്വാതന്ത്ര്യത്തെ ആര്‍ക്കും അടിയറവെച്ചിട്ടില്ല. എന്റെ മൂല്യങ്ങള്‍ക്കും ആദര്‍ശങ്ങള്‍ക്കും ഒരു മില്ലീമീറ്റര്‍ പോലും കോട്ടം തട്ടാന്‍ അനുവദിച്ചിട്ടില്ല. തെറ്റായ മാര്‍ഗത്തില്‍ സമ്പാദിച്ച ഒരു പൈസ പോലും എന്റെ കയ്യിലില്ല. ഒരു തവണ എന്റെ ബോസ് എന്നോട് ചോദിച്ചു. ''ശേഷന്‍ എന്തുകൊണ്ടാണ് നീ ആളുകളില്‍ ഭയം മാത്രം ജനിപ്പിക്കുന്നത്'' എന്ന്. ആളുകള്‍ എന്നെ ഭയക്കാന്‍ ഞാന്‍ എന്തെങ്കിലും ചെയ്‌തോ എന്നെനിക്കറിയില്ല. പക്ഷേ, എന്റെ ആദര്‍ശങ്ങളില്‍ കണിശക്കാരനാകുന്നതില്‍ ഞാന്‍ ശ്രദ്ധ ചെലുത്തിയിരുന്നു.'' ശേഷന്‍ പറഞ്ഞുനിര്‍ത്തുന്നു. 

Editors Choice