• 01 Jun 2023
  • 06: 19 PM
Latest News arrow

ബംഗ്ലാദേശിനെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ

ചഹറിന് ഹാട്രിക്കടക്കം ആറ് വിക്കറ്റ്

നാഗ്പൂര്‍: ബംഗ്ലാദേശിനെതിരായ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി ചാമ്പ്യന്മാരായി. പരമ്പരയിലെ മൂന്നാമത്തെ മല്‍സരത്തില്‍ ബംഗ്ലാദേശിനെ ഇന്ത്യ 30 റണ്‍സിനാണ് തോൽപ്പിച്ചത്. ബംഗ്ലാദേശ് അട്ടിമറി ജയം നേടുമെന്ന് കരുതിയ ഘട്ടത്തിൽ നിർണ്ണായക വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യ കളി അനുകൂലമാക്കുകയായിരുന്നു.

ഹാട്രിക്കുള്‍പ്പെടെ ആറു വിക്കറ്റുകള്‍ വീഴ്ത്തിയ പേസര്‍ ദീപക് ചഹറാണ് ഇന്ത്യയുടെ വിജയശില്‍പ്പി. 3.2 ഓവറില്‍ ഏഴു റണ്‍സ് മാത്രം വഴങ്ങിയാണ് താരം ആറു പേരെ പുറത്താക്കിയത്. അന്താരാഷ്ട്ര ടി20യില്‍ ഒരു താരത്തിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണ് ചഹര്‍ ഇതോടെ സ്വന്തം പേരില്‍ കുറിച്ചത്. കൂടാതെ ടി20യില്‍ ഇന്ത്യക്കായി ഹാട്രിക്കെടുത്ത ആദ്യ താരമായി  ചഹര്‍.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ  അഞ്ചു വിക്കറ്റിന് 174 റണ്‍സെന്ന സ്‌കോർ പിന്തുടർന്ന ബംഗ്ലാദേശ് മറുപടി ബാറ്റിങ്ങിൽ 19.2 ഓവറില്‍ 144 റണ്‍സിന് എല്ലാവരും പുറത്തായി. 18ാം ഓവറിലെ അവസാന പന്തില്‍ ഷഫിയുലിനെ പുറത്താക്കിയ ചഹര്‍ 20ാം ഓവറിലെ ആദ്യ രണ്ടു പന്തുകളിലും വിക്കറ്റ് നേടി ഹാട്രിക്ക് പൂര്‍ത്തിയാക്കുകയായിരുന്നു.

ബംഗ്ലാദേശിനുവേണ്ടി ഓപ്പണര്‍ മുഹമ്മദ് നയീം (81) തന്റെ ഏറ്റവും നല്ല പ്രകടനം കാഴ്ച വച്ചെങ്കിലും മറ്റുള്ളവരില്‍ നിന്ന് പിന്തുണ ലഭിച്ചില്ല.  48 പന്തിലാണ് 10 ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം നയീം 81 റണ്‍സ് എടുത്തത്. മുഹമ്മദ് മിഥുനാണ് (27) രണ്ടക്കം കടന്ന മറ്റൊരു താരം. മൂന്നാം വിക്കറ്റില്‍ നയീം-മിഥുന്‍ സഖ്യം 98 റണ്‍സിന്റെ കൂട്ടുകെട്ടുമായി മുന്നേറിയപ്പോള്‍ ഇന്ത്യ തോല്‍ക്കുമോയെന്ന് ആരാധകർ ഭയന്നു. എന്നാല്‍ മിഥുൻ പുറത്തായതോടെ കാര്യങ്ങൾ എളുപ്പമായി. ബംഗ്ലാദേശിന്റെ ടോപ്‌സ്‌കോററായ നയീമിന്റെയും  അപകടകാരിയായ മുഷ്ഫിഖുര്‍ റഹീമിന്റെയും അടക്കം മൂന്നു വിക്കറ്റുകള്‍ ശിവം ദുബെ ഈ കളിയില്‍ നേടി.

തുടര്‍ച്ചയായ മൂന്നാമത്തെ മല്‍സരത്തിലും മലയാളി താരം സഞ്ജു സാംസണിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താതെയാണ് ഇന്ത്യ ഇറങ്ങിയത്. എന്നാൽ രണ്ടാം ടി20യില്‍ ജയിച്ച ടീമില്‍ ഒരു മാറ്റം വരുത്തി  ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യക്കു പകരം മനീഷ് പാണ്ഡെയാണ് മൂന്നാം ടി20യില്‍ ടീമിലെത്തിയത്.

പ്ലെയിങ് ഇലവന്‍ ഇന്ത്യ:- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, റിഷഭ് പന്ത്, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, ദീപക് ചഹര്‍, യുസ്വേന്ദ്ര ചഹല്‍, ഖലീല്‍ അഹമ്മദ്.

ബംഗ്ലാദേശ്:- ലിറ്റണ്‍ ദാസ്, മുഹമ്മദ് നയീം, സൗമ്യ സര്‍ക്കാര്‍, മുഷ്ഫിഖുര്‍ റഹീം, മഹമ്മുദുള്ള റിയാദ് (ക്യാപ്റ്റന്‍), അഫീഫ് ഹുസൈന്‍, മുഹമ്മദ് മിതുന്‍, അമിനുല്‍ ഇസ്ലാം, ഷഫിയുല്‍ ഇസ്ലാം, മുസ്തഫിസുര്‍ റഹ്മാന്‍, അല്‍ അമീന്‍ ഹുസൈന്‍.