• 04 Oct 2023
  • 07: 41 PM
Latest News arrow

സന്തോഷ് ട്രോഫി: തമിഴ്‍നാടിനുമേൽ ഗോൾമഴ വർഷിച്ച് കേരളം ഫൈനൽ റൗണ്ടിൽ (6-0)

കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്‍ബോൾ ചാമ്പ്യൻഷിപ്പിന്റെ ദക്ഷിണമേഖലാ യോഗ്യതാ റൗണ്ടില്‍ തമിഴ്‌നാടിനെ എതിരില്ലാത്ത ആറു ഗോളുകള്‍ക്ക് തകർത്ത് കേരളം ഫൈനല്‍ റൗണ്ടില്‍ പ്രവേശിച്ചു.   വിഷ്ണു, ജിഷ്ണു, മൗസുഫ്, ജിജോ, എമില്‍ എന്നിവര്‍ നേടിയ ഗോളുകളിലൂടെയാണ് കേരളത്തിന്റെ ഏകപക്ഷീയ ജയം.

24-ആം മിനിറ്റില്‍ വിഷ്ണുവിലൂടെയാണ് കേരളം ആദ്യം മുന്നിലെത്തിയത്.  33-ആം മിനിറ്റില്‍ ജിഷ്ണു ഒറ്റയ്ക്ക് നടത്തിയ മുന്നേറ്റത്തിനൊടുവില്‍ രണ്ടാമത്തെ ഗോളും വലയിലാക്കി.  45-ആം മിനിറ്റില്‍ മത്സരം വീണ്ടും ജിഷ്ണുവിന്റെ ഗോള്‍.  രണ്ടാം പകുതിയില്‍  83-ആം മിനിറ്റിൽ ബോക്‌സിന് പുറത്തു നിന്നും മൗസുഫ് പായിച്ച ഷോട്ട് തമിഴ്‌നാടിന്റെ പോസ്റ്റില്‍ നാലാം ഗോളായി തുളഞ്ഞുകയറി. കളി അധിക സമയത്തേക്ക് നീണ്ടപ്പോൾ  തമിഴ്‌നാടിന് വീണ്ടും ഇരട്ട പ്രഹരമേറ്റു  എക്‌സ്ട്രാ ടൈമിന്റെ രണ്ടാം മിനിറ്റില്‍ ജിജോയും നാലാം മിനിറ്റില്‍ എമിലും ഓരോ ഗോള്‍ വീതം നേടി. 4-4-2 ഫോര്‍മേഷനില്‍ കളിച്ച തമിഴ്‌നാട്  കേരളത്തിന്റെ മുന്നേറ്റങ്ങളെ ചെറുക്കുന്നതിൽ ദയനീയമായി പരാജയപ്പെട്ടു.

രണ്ട് വിജയത്തോടെ കേരളത്തിന് ആറ് പോയിന്റ് കിട്ടിയപ്പോള്‍ ഒരു ജയം മാത്രമുണ്ടായിരുന്ന തമിഴ്‌നാടിന് മൂന്ന് പോയിന്റാണ് ലഭിച്ചത്.

ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സന്തോഷ് ട്രോഫിയുടെ ഫൈനല്‍ റൗണ്ടില്‍ മുന്‍ ചാമ്പ്യന്‍മാരായ കേരളം കടക്കുന്നത്. നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ ആന്ധ്രയെ ഏകപക്ഷീയമായ അഞ്ചു ഗോളിന് കേരളം തകര്‍ത്തിരുന്നു.