• 15 Nov 2019
  • 10: 03 PM
Latest News arrow

യു.എ.പി.എ കേസിൽ ഇടപെടില്ല; അലനേയും താഹയേയും കയ്യൊഴിഞ്ഞ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്

ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചയിലേക്ക് മാറ്റി

തിരുവനന്തപുരം: മാവോയിസ്റ്റ് അനുകൂല പ്രവർത്തനങ്ങളെത്തുടർന്ന് യു.എ.പി.എ (Unlawful Activities (Prevention) Act) ചുമത്തി സി.പി.എം പ്രവർത്തകർ അല‍ൻ ഷു​ഹൈബിനേയും താഹ ഫസലിനേയും പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ ഇടപെടില്ലെന്ന് സി.പി.എം സംസ്ഥാന നേതൃത്വം. ഇന്ന് ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ആണ് പ്രതികൾക്ക് മാവോ ബന്ധമുണ്ടെന്ന് വിലയിരുത്തി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയത്. സംഭവം യു.എ.പി.എ സമിതി അന്വേഷിക്കട്ടെ എന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കിയത്. പ്രതികൾക്ക് മാവോ ബന്ധമുണ്ടെന്ന് കോഴിക്കോട് ജില്ലാക്കമ്മിറ്റി നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് സംസ്ഥാന നേതൃത്വത്തിന്റെ നടപടി. അല‍ൻ ഷുഹൈബിനേയും താഹ ഫസലിനേയും പുറത്താക്കുന്ന കാര്യത്തിൽ ജില്ലാക്കമ്മിറ്റിക്ക് തീരുമാനമെടുക്കാമെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.

കേസില്‍ അറസ്റ്റിലായ അല‍ൻ ഷു​ഹൈബ്,  താഹ ഫസൽ  എന്നിവരുടെ മാവോയിസ്‌റ്റ് ബന്ധത്തെക്കുറിച്ച് അന്വേഷിക്കാനായി സി.പി.എം  അന്വേഷണക്കമ്മീഷനെ നിയോഗിച്ചിരുന്നു. സിപിഎം കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റി നിയോഗിച്ച മൂന്നംഗ കമ്മീഷനാണ് അന്വേഷണം നടത്തിയത്.പാര്‍ട്ടി അന്വേഷണ കമ്മീഷന്‍  നൽകിയ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അലനെയും താഹയെയും കയ്യൊഴിഞ്ഞത്.

അതിനിടെ, അലന്റെയും താഹയുടെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നവംബർ 14 വ്യാഴാഴ്ചയിലേക്ക് മാറ്റി. ഇവരുടെ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പൽ സെഷന്‍സ് കോടതി ബുധനാഴ്ച തള്ളിയിരുന്നു. ഇതേത്തുടർന്നാണ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.

കഴിഞ്ഞ ശനിയാഴ്ചയാണ്  അല‍ൻ  ഷു​ഹൈബിനേയും താഹ ഫസലിനേയും മാവോവാദി ലഘുലേഖകള്‍ സഹിതം കോഴിക്കോട് പന്തീരാങ്കാവിൽ നിന്ന്  പൊലീസ് അറസ്റ്റ് ചെയ്തത്.

താ​ഹ ഫ​സ​ൽ സി.​പി.​എം പാ​റ​മ്മ​ൽ ബ്രാ​ഞ്ച് ക​മ്മി​റ്റി അം​ഗ​മാ​ണ്. ക​ണ്ണൂ​ർ സ്കൂ​ൾ ഓ​ഫ് ജേ​ണ​ലി​സ​ത്തിന്‍റെ കോ​ഴി​ക്കോ​ട് പു​തി​യ​റ​യി​ലു​ള്ള ബ്രാ​ഞ്ചി​ൽ പി.​ജി വി​ദ്യാ​ർ​ത്ഥി​യാ​ണ്. ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ധ​ർ​മ​ടം സെന്‍റ​റി​ൽ ര​ണ്ടാം വ​ർ​ഷ എ​ൽ​എ​ൽ.​ബി വി​ദ്യാ​ർ​ത്ഥിയാ​ണ് അ​ല​ൻ ഷു​ഹൈ​ബ്. സി.​പി.​എം മീ​ഞ്ച​ന്ത ബൈ​പാ​സ് ബ്രാ​ഞ്ച് ക​മ്മി​റ്റി അം​ഗ​വും എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​നു​മാ​ണ്.