• 15 Nov 2019
  • 09: 57 PM
Latest News arrow

വിലയില്‍ 30 ലക്ഷം കുറച്ച് കാണിച്ചു; പൃഥ്വിരാജിന്റെ ആഡംബരക്കാറിന്റെ രജിസ്‌ട്രേഷന്‍ തടഞ്ഞ് മോട്ടോര്‍ വാഹനവകുപ്പ്

കൊച്ചി: നടന്‍ പൃഥ്വിരാജ് പുതുതായി വാങ്ങിയ കാറിന്റെ രജിസ്‌ട്രേഷന്‍ മോട്ടോര്‍ വാഹനവകുപ്പ് തടഞ്ഞു. വിലയില്‍ 30 ലക്ഷം രൂപ കുറച്ചു കാണിച്ചതിനെ തുടര്‍ന്നാണ് നടപടി. രജിസ്‌ട്രേഷന് വേണ്ടി ഡീലര്‍ എറണാകുളം ആര്‍ടി ഓഫീസില്‍ ഓണ്‍ലൈനായി നല്‍കിയ അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിച്ച ബില്ലില്‍ ആഡംബരക്കാറിന്റെ വില 1.34 കോടി രൂപയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ വാഹനത്തിന്റെ യഥാര്‍ത്ഥ വില 1.64 കോടിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് രജിസ്‌ട്രേഷന്‍ തടഞ്ഞത്.

എന്നാല്‍ 30 ലക്ഷം രൂപ സെലിബ്രിറ്റി ഡിസ്‌കൗണ്ട് ഇനത്തില്‍ കുറച്ചു നല്‍കിയതെന്നാണ് ഡീലര്‍ പറയുന്നത്. പക്ഷേ, ഡിസ്‌കൗണ്ട് നല്‍കിയാലും ആഡംബരക്കാറുകള്‍ക്ക് യഥാര്‍ത്ഥ വിലയുടെ 21 ശതമാനം നികുതി അടയ്ക്കണമെന്നാണ് നിയമം. അതുകൊണ്ട് ഒമ്പത് ലക്ഷത്തോളം രൂപ കൂടി അടയ്ക്കാതെ വാഹനം രജിസ്‌ട്രേഷന്‍ ചെയ്യാന്‍ സാധിക്കില്ലെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നിലപാട്. നികുതിയിളവ് നേടാന്‍ ഡീലര്‍ ബില്ലില്‍ തിരുത്ത് വരുത്തിയത് താരം അറിയണമെന്നില്ലെന്നും ആര്‍ടിഒ അധികൃതര്‍ പറഞ്ഞു.