ആന്ധ്രായിൽ നിന്നൊരു സയനൈഡ് കില്ലർ...ഒരു വർഷത്തിനിടയിൽ കൊലപ്പെടുത്തിയത് പത്തുപേരെ!

ഹൈദരാബാദ്: കോഴിക്കോട് കൂടത്തായിയിലെ സയനൈഡ് കൊലപാതക പരമ്പര അന്തര്‍ദ്ദേശീയ മാദ്ധ്യമങ്ങളിലടക്കം വാർത്തയായതോടെ സമാനമായ വാർത്തകളുടെ കുത്തൊഴുക്കാണ് ഇപ്പോൾ മാദ്ധ്യമങ്ങളിൽ.
ഏറ്റവുമൊടുവിൽ ആന്ധ്രാപ്രദേശില്‍ നിന്നാണ് ഇത്തരമൊരു വാര്‍ത്ത പുറത്തുവരുന്നത്. 14 വര്‍ഷത്തിനിടയില്‍ ഒരു കുടുംബത്തിലെ 6 പേരെ കൊലപ്പെടുത്തിയെന്ന കേസാണ് കൂടത്തായിയിലെ ജോളിക്കെതിരെയെങ്കിൽ ഒരു വര്‍ഷത്തിനിടയില്‍ 10 പേരെ കൊലപ്പെടുത്തിയെന്ന കേസാണ് ആന്ധ്രാപ്രദേശിലെ വെള്ളങ്കി സിംഹാദ്രി എന്ന ശിവയ്ക്കെതിരെയുള്ളത്.ഈ സീരിയല്‍ കില്ലറെ ആന്ധ്രാ പോലീസ് കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്.
പണം തട്ടിയെടുക്കുന്നതിനായി പ്രസാദത്തില്‍ സയനൈഡ് നല്കി ഒരു വര്‍ഷത്തിനിടെ പത്ത് പേരെ കൊലപ്പെടുത്തിയെന്നാണ് ശിവക്കെതിരേയുള്ള കേസ്. 2018 ഫെബ്രുവരിക്കും 2019 ഒക്ടോബര്‍ 16 നും ഇടയില്‍ കൃഷ്ണ, ഈസ്റ്റ് ഗോദാവരി ജില്ലകളിലാണ് ഇയാള്‍ കൊലപാതകങ്ങള്‍ നടത്തിയത്. തനിക്ക് അമാനുഷിക ശക്തികളുണ്ടെന്ന് ആളുകളെ വിശ്വസിപ്പിച്ചായിരുന്നു ശിവയുടെ തട്ടിപ്പ്. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നേരിട്ട സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാം, കോടികള്‍ വിലമതിക്കുന്ന അമൂല്യ രത്നങ്ങളും നിധികളും കണ്ടെത്താം, സ്വര്‍ണ്ണം ഇരട്ടിയാക്കിത്തരാം തുടങ്ങിയ വാഗ്ദാനങ്ങളായിരുന്നു ശിവ നല്‍കിയിരുന്നത്. കോടീശ്വരന്മാരാകാൻ മോഹിച്ച് തന്റെ അരികിലേക്ക് വരുന്ന ആളുകളില്‍ നിന്ന് സ്വര്‍ണ്ണവും പണവും തട്ടിയെടുത്ത ശേഷം അവര്‍ക്ക് സയനൈഡ് കലര്‍ത്തിയ പ്രസാദം കലര്‍ത്തി കൊലപ്പെടുത്തുകയായിരുന്നു രീതി.
സംശയങ്ങള്‍ തോന്നാതെ, സ്വാഭാവിക മരണമെന്ന് തോന്നിക്കുന്നതിനാണ് കൊലപാതകത്തിനായി പ്രതി സയനൈഡ് ഉപയോഗിച്ചതെന്ന് വെസ്റ്റ് ഗോദാവരി എസ്പി നവ്ദീപ് സിങ് പറയുന്നു. ഒമ്പത് കൊലപാതകങ്ങള്‍ നടത്തിയപ്പോഴും ആര്‍ക്കും ഒരു സംശയവും തോന്നിയില്ല. എന്നാല്‍ ഒക്ടോബറില്‍ ഏളൂരിലെ കെ നാഗരാജു (49) എന്നയാള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക പരമ്പര പുറത്തറിയുന്നത്. " അവൻ ഒരു സാധാരണ സൈക്കോ അല്ല. വളരെ കൃത്യമായ പ്ലാനിങ്ങുള്ള കുടിലബുദ്ധിയായൊരു കൊടുംക്രിമിനലാണ്. ഓരോ ഓപ്പറേഷനും പിന്നിൽ വിശദമായ പദ്ധതികളുണ്ടായിരുന്നു. അതൊന്നും ബന്ധുക്കൾക്ക് പോലും അറിയാൻ സാധിച്ചിരുന്നില്ല."- എസ്പി നവദീപ് സിങ്ങ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
സര്‍ക്കാര്‍ സ്കൂളിലെ അധ്യാപകനായിരുന്നു നാഗരാജു. സ്വര്‍ണ്ണവും പണവും നിക്ഷേപിക്കാനായി ബാങ്കിലേക്ക് പോകുന്നതിനിടയിലായിരുന്നു നാഗരാജു ശിവയെ കാണാന്‍ പോയത്. കൂടിക്കാഴ്ചയ്ക്കിടയിൽ ഐശ്വര്യം ഉണ്ടാകുമെന്ന് പറഞ്ഞ് ശിവ, നാഗരാജിന് ഒരു നാണയം നല്കി. രണ്ട് ലക്ഷം രൂപയ്ക്ക് പകരമായിരുന്നു ശിവ നാഗരാജിന് നാണയം കൈമാറിയത്. ഇതിന് പിന്നാലെ സയനൈഡ് കലര്‍ത്തിയ പ്രസാദവും ശിവ നാഗരാജുവിന് കൈമാറി. വീട്ടിലെത്തി പ്രസാദം കഴിച്ച ശിവ അബോധാവസ്ഥയിലാവുകയും തുടര്‍ന്ന് മരിക്കുകയുമായിരുന്നു. നാഗരാജിന്റെ മരണത്തില്‍ സംശയം തോന്നിയ കുടുംബം മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തി.
ഇതിനു മുൻപ്, ആൾദൈവമായ 50-കാരൻ രാമകൃഷ്ണാനന്ദ കൊല്ലപ്പെട്ടിരുന്നു. രാമകൃഷ്ണാനന്ദയ്ക്ക് ശിവയെ പൂർണ വിശ്വാസമായിരുന്നുവത്രേ. പുരുഷോത്തപട്ടണത്തിന് സമീപമുള്ള ഒരു കുന്നിൽ പ്രതിഷ്ഠ നടത്തി മടങ്ങുമ്പോഴാണ് രാമകൃഷ്ണാനന്ദ കൊല്ലപ്പെടുന്നത്. കുന്നിൻ മുകളിലെ അമ്പലത്തിലേക്ക് പോകുമ്പോൾ രാമകൃഷ്ണാനന്ദയ്ക്കൊപ്പം ശിവയും ഉണ്ടായിരുന്നു. മടക്കയാത്രയിൽ രാമകൃഷ്ണാനന്ദ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചു. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. സ്വാഭാവിക മരണമാണിതെന്ന് രാമകൃഷ്ണാനന്ദയുടെ അനുയായികളും നാട്ടുകാരും വിശ്വസിച്ചു. ഒരു ആയൂർവ്വേദ മരുന്നിൽ സയനൈഡ് നൽകിയാണ് ശിവ ഇദ്ദേഹത്തെ കൊലപ്പെടുത്തുന്നത്.
സ്വന്തം അമ്മൂമ്മയേയും സഹോദരഭാര്യയേയും രാമകൃഷ്ണാനന്ദയേയുമടക്കം 10 പേരെ കൊലപ്പെടുത്തിയതായി ശിവ കുറ്റസമ്മതംനടത്തിയെന്ന് പൊലീസ് പറയുന്നു.
ധനാകർഷണ യന്ത്രത്തിലും നിധി വേട്ടയിലും താൽപര്യമുള്ളവരുടെ പട്ടിക ശിവ ആദ്യം തയ്യാറാക്കും. പിന്നീടാണ് കൊലപാതകം ആസൂത്രണം ചെയ്യുക. ഇരകളുടെ കുടുംബാംഗങ്ങളിൽ നിന്നും തന്നെക്കുറിച്ചുള്ള വിവരങ്ങൾ മറച്ചുവയ്ക്കാൻ ഇയാൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവരായിരുന്നു ഇരകൾ. ആരും പരാതി നൽകാത്തതിനാൽ ഇയാൾ സംശയിക്കപ്പെട്ടതുമില്ല.
ഒരു സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റിയായി ജോലി നോക്കുകയായിരുന്ന ശിവ വസ്തുക്കച്ചവടത്തിൽ വന്ന നഷ്ടം നികത്താനാണ് കൊലപാതകങ്ങൾ നടത്തിയതത്രെ.
പൊട്ടാസ്യം സയനൈഡ് ശിവയ്ക്ക് സപ്ലൈ ചെയ്ത അമീനുള്ളാ അമീനുള്ളാ ബാബു എന്ന വിജയവാഡാ സ്വദേശിയേയും പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.