• 15 Nov 2019
  • 10: 02 PM
Latest News arrow

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: പ്രതികളൊഴികെയുള്ളവര്‍ക്ക് നിയമനം നല്‍കുമെന്ന് പിഎസ്‌സി; 3,000 പേര്‍ക്ക് നിയമനം ലഭിച്ചേക്കും

തിരുവനന്തപുരം: പിഎസ്‌സി നടത്തിയ സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷയില്‍ ക്രമക്കേട് നടത്തിയവരൊഴികെ ബാക്കിയുള്ളവര്‍ക്ക് നിയമനം നല്‍കാനൊരുങ്ങി പിഎസ്‌സി. ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്നും കോപ്പിയടിച്ചത് മൂന്ന് പേര്‍ മാത്രമാണെന്നും കാണിച്ച് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് തീരുമാനം. ഇതോടെ റാങ്ക് ലിസ്റ്റില്‍ ഇടംപിടിച്ച 3,000 പേര്‍ക്കെങ്കിലും നിയമനം ലഭിച്ചേക്കുമെന്ന് പിഎസ്‌സി ചെയര്‍മാന്‍ എംകെ സക്കീര്‍ പറഞ്ഞു.

2018 ജൂലൈയില്‍ കേരള പൊലീസിന്റെ അഞ്ചാം നമ്പര്‍ ബറ്റാലിയനിലേക്കുള്ള സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷയിലാണ് ക്രമക്കേട് നടന്നത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥികളും എസ്എഫ്‌ഐ നേതാക്കളുമായ നസീം, ശിവരഞ്ജിത്ത്, പ്രണവ് എന്നിവര്‍ കോപ്പിയടിച്ച് ഒന്നും രണ്ടും 28ഉം റാങ്കുകള്‍ കരസ്ഥമാക്കിയിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് ഇവര്‍ മൂന്ന് പേര്‍ മാത്രമാണ് കോപ്പിയടിച്ചതെന്ന് കണ്ടെത്തി പിഎസ്‌സിയ്ക്ക് ഇന്നലെ റിപ്പോര്‍ട്ട് കൈമാറിയിരുന്നു.

ആഴത്തിലും വ്യാപകവുമായ കോപ്പിയടിയല്ല നടന്നത്. സ്മാര്‍ട്‌വാച്ച് ഉപയോഗിച്ച് പരീക്ഷാഹാളില്‍ നിന്നാണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയത്. പ്രതികളൊഴിച്ചുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കുന്നതില്‍ ക്രൈംബ്രാഞ്ചിന് എതിര്‍പ്പില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.