• 15 Nov 2019
  • 09: 56 PM
Latest News arrow

ഉപഭോക്താക്കളേയും വിപണിയേയും കരയിച്ച് സവാള!

മുംബൈ: ഉപഭോക്താക്കളേയും വിപണിയേയും കരയിച്ച് സവാള വില കുതിച്ചുയരുന്നു. രാജ്യം മുഴുവൻ ഏറെ ആവശ്യക്കാരുള്ള സവാളയുടെ ചില്ലറ വിൽപ്പനവില കിലോയ്ക്ക് 80 രൂപ മുതൽ 90 രൂപ വരെ എന്ന നിലയിലെത്തി.  ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഉള്ളിയുടെ വില കിലോഗ്രാമിന് 80 രൂപയിലെത്തിയിരുന്നു. ഇപ്പോൾ ക്ഷാമം മൂലമാണ് വില വീണ്ടും ഉയർന്നത്.

കാലംതെറ്റിയ അതിമഴയും ചുഴലിക്കാറ്റും മറ്റു കാലാവസ്ഥാവ്യതിയാനങ്ങളും ഉള്ളി വളരുന്ന പ്രധാന മേഖലകളിലെ വിളനാശത്തിന് കാരണമായി. ഇതാണ് വിലക്കയറ്റത്തിന് കാരണമായത്. നവംബർ മാസത്തിലും അതിശക്തമായ മഴ പല സ്ഥലങ്ങളിലും തുടരുന്നതും വില വർദ്ധനക്ക് പ്രധാന കാരണമായി. സംഭരിച്ച്  ശേഖരിച്ച് വച്ച സവാളയാണ് ഇപ്പോൾ കൂടുതലും വിപണിയിലേക്ക് എത്തുന്നത്. ഇതാകട്ടെ ക്ഷാമത്തിനും കാരണമാകുന്നു.

ഉള്ളിയുടെ വിലക്കയറ്റത്തിന് ഇറക്കുമതിയിലൂടെ പരിഹാരം കാണാന്‍ കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പ് ഇടപെട്ടിട്ടുണ്ട്.  അഫ്‍ഗാനിസ്ഥാന്‍, ഈജിപ്ത്. തുര്‍ക്കി, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഉള്ളി ഇറക്കുമതി ചെയ്ത് രാജ്യത്തെ ക്ഷാമം പരിഹരിക്കാനാണ് വകുപ്പിന്‍റെ തീരുമാനം. സവാളവിലയും ലഭ്യതയും അവലോകനം ചെയ്ത ഉപഭോക്തൃകാര്യ സെക്രട്ടറി അവിനാശ് കെ ശ്രീവാസ്തവയുടെ നേതൃത്വത്തിലുള്ള അന്തർ മന്ത്രാലയ സമിതി യോഗമാണ് തീരുമാനമെടുത്തത്. സവാള വിളനാശവും  പ്രതിസന്ധിയും കനത്തതോടെ കയറ്റുമതിയടക്കം കേന്ദ്ര സർക്കാർ നിരോധിച്ചിട്ടുമുണ്ട്.

മഹാരാഷ്ട്രയിലെ മൊത്ത വിപണിയിൽ ഓഗസ്റ്റ് തുടക്കത്തിൽ കിലോയ്ക്ക് ശരാശരി 13 രൂപയായിരുന്ന വില   ഇപ്പോൾ 55 രൂപയായാണ് വർദ്ധിച്ചിട്ടുള്ളത്. ചില്ലറ വിൽപ്പന വിലയാകട്ടെ കിലോയ്ക്ക്  20 രൂപയിൽ നിന്ന് 80 രൂപയായും ഉയർന്നു. സവാളയുടെ കുതിച്ചുയരുന്ന വിലയും ലഭ്യതക്കുറവും ഹോട്ടൽ മേഖലയെയടക്കം ബാധിച്ചിട്ടുണ്ട്.